സാമ്പത്തിക നിയന്ത്രണം : ഗ്രീസില്‍ പ്രതിഷേധം ശക്തമാകുന്നു

റോം : രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഗ്രീസ് പ്രധാനമന്ത്രി ജോര്‍ജ് പെപ്പന്‍ഡ്രോ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഗ്രീസിലെ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലോക സാമ്പത്തിക വ്യവസ്ഥയെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി. കടം രൂക്ഷമായപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ 450 കോടി യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. എന്നാലിത് ഗ്രീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പൂര്‍ണ്ണമായും കരകയറാന്‍ സഹായകരമായില്ല.

ഗ്രീസിന് രണ്ടാമതും സാമ്പത്തിക സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയനും ലോക നാണ്യനിധിയും പരിഗണിക്കുന്നുണ്ട്. ഇത്തവണ 1100 കോടിയാണ് സഹായധനം. മാറിയ സാഹചര്യത്തില്‍ രാജ്യത്തെ പ്രശ്നങ്ങളില്‍ നിന്നും കരകയറ്റാന്‍ ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി ധനമന്ത്രിയെ മാറ്റി നിയമിക്കുകയും ചെയ്തു. യുറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയാറാണെന്ന് പുതിയ ധനമന്ത്രി പ്രസ്താവിക്കുകയും ചെയ്തു. പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ ബില്‍ നടപ്പാക്കാനൊരുങ്ങുകയാണ്.

നികുതി വര്‍ധിപ്പിക്കുക, പെന്‍ഷനും വേതനവും വെട്ടിക്കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു ബില്ലിലുള്ളത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പെപ്പന്‍ഡ്രോയുടെ നയങ്ങളെല്ലാം എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പ്രതിപക്ഷം വാദിക്കുന്നു.

സര്‍ക്കാരിനെതിരെ ജനങ്ങളുടെയും പ്രതിഷേധം ശക്തമാണ്. ഭരിക്കുന്നവര്‍ വെട്ടിക്കുറയ്ക്കുന്നത് പൊതുജനത്തിന്റെ ശമ്പളം മാത്രമാണ്. നിര്‍ത്തലാക്കുന്നത് സാധാരണക്കാരുടെ പെന്‍‌ഷന്‍ മാത്രം. ഭരണാധികാരികള്‍ക്ക് ഇതൊന്നും ബാധകമാകുന്നില്ല. ഭരിക്കുന്നവരുടെ ഇത്തരം നടപടികള്‍ തുടരുകയാണെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Short URL: http://www.janmabhumidaily.com/jnb/?p=1069



Posted by admin on Jun 20 2011. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011