‘ബെല്‍’ അടിച്ചു; ഇന്ത്യ വിരണ്ടു
നോട്ടിങ് ഹാം: ഇയാന്‍ ബെല്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. കളിയുടെ മൂന്നാം ദിവസം 159 റണ്‍സെടുത്ത് ബെല്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് 257 റണ്‍സിന്റെ ലീഡായി. ഇന്ത്യന്‍ ബൗളിംഗ് നിര അമ്പേ പരാജയപ്പെട്ട മൂന്നാം ദിവസം ബെല്ലും കെവിന്‍ പീറ്റേഴ്സണും ചേര്‍ന്നാണ് ഇന്ത്യക്ക് മണികെട്ടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ എല്ലാ തന്ത്രങ്ങളും പാളിയപ്പോള്‍ ഇരുവരും ഇംഗ്ലണ്ടിന്റെ സ്കോര്‍ റോക്കറ്റുപോലെ ഉയര്‍ത്തി.
സ്ഥാനക്കയറ്റം കിട്ടിയാണ് ബെല്‍ കളത്തിലിറങ്ങിയത്. കിട്ടിയ അവസരം ബെല്‍ നന്നായി ഉപയോഗപ്പെടുത്തിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എന്ന നിലയിലാണ്.
206 പന്തുകള്‍ നേരിട്ട ഇയാന്‍ ബെല്‍ 24 ബൗണ്ടറികളുടെ കരുത്തിലാണ് 159 റണ്‍സ് അടിച്ചുകൂട്ടിയത്. കെവിന്‍ പീറ്റേഴ്സണ്‍ 63 റണ്‍സ്സെടുത്ത് ബെല്ലിന് മികച്ച പിന്തുണ നല്‍കി. സ്കോര്‍ 219-ല്‍ എത്തിയ ശേഷമാണ് ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഇന്ത്യയ്ക്കായത്. ശ്രീശാന്തിന്റെ പന്തില്‍ ക്യാപ്റ്റന്‍ ധോണി പീറ്റേഴ്സണെ പിടിച്ചു പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഇയാന്‍ മോര്‍ഗന്‍ കെവിന്‍ പീറ്റേഴ്സണെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ മോര്‍ഗനെ തടയാന്‍ ഇന്ത്യയ്ക്കായില്ല. ഇതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ മികച്ച നിലയിലേക്ക് മുന്നേറി.
സ്കോര്‍ 323 റണ്‍സിലെത്തിയപ്പോഴാണ് ബെല്‍-മോര്‍ഗന്‍ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഇന്ത്യയ്ക്കായത്. 159 റണ്‍സെടുത്ത ഇയാന്‍ ബെല്‍ യുവരാജ് സിങ്ങിന്റെ പന്തില്‍ ലക്ഷ്മണ് പിടിനല്‍കി മടങ്ങി. തുടര്‍ന്ന് ഏറെനേരം മോര്‍ഗനും പിടിച്ചുനില്‍ക്കാനായില്ല. 6 റണ്‍സ്കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മോര്‍ഗനും പുറത്തായി. എന്നാല്‍ ഈ സമയംകൊണ്ട് 88 പന്തില്‍നിന്നും 8 ബൗണ്ടറികളുടെയും 1 സിക്സറിന്റെയും കരുത്തില്‍ 70 റണ്‍സാണ് ഇയാന്‍ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തത്. പ്രവീണ്‍ കൂമാറിനായിരുന്നു മോര്‍ഗന്റെ വിക്കറ്റ്. അവസാനം വിവരം ലഭിക്കുമ്പോള്‍ മാറ്റ് പ്രയറും (11) ബ്രസ്നനുമാണ് ക്രീസില്‍.
ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത് മലയാളി താരം ശ്രീശാന്തായിരുന്നു. നിര്‍ണ്ണായക അവസരത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രീശാന്ത് ശ്രമിച്ചു.
Short URL: http://www.janmabhumidaily.com/jnb/?p=10801