ഷറപ്പോവയ്ക്ക് കിരീടം
സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസിലെ വനിതാ വിഭാഗം കിരീടം മരിയ ഷറപ്പോവയ്ക്ക്. വാശിയേറിയ ഫൈനലില്‍ ജലേന ജാങ്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. സ്കോര്‍ 4-6, 7-6 (3), 6-3. കഴിഞ്ഞ വര്‍ഷം ഈ ടൂര്‍ണമെന്റില്‍ ഫൈനല്‍വരെ എത്തിയ റഷ്യന്‍താരം ക്ലിസ്റ്റേഴ്സിനു മുമ്പില്‍ പരാജയപ്പെടുകയായിരുന്നു. ഇക്കുറി കിരീട നേട്ടം കൈവരിച്ച് കഴിഞ്ഞവര്‍ഷത്തെ നഷ്ടത്തിന് ഷറപ്പോവ കണക്കു തീര്‍ത്തു.
സെമിയിലെന്നപോലെ ആദ്യ സെറ്റ് കൈവിട്ടശേഷമാണ് റഷ്യന്‍താരം ഉജ്വലമായ തിരിച്ചുവരവ് നടത്തിയത്. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ഷറപ്പോവ മത്സരം മുള്‍മുനയില്‍ നിര്‍ത്തി. ടൈ ബ്രേക്കറിലാണ് ജാങ്കോവിച്ച് മുട്ടുകുത്തിയത്. മൂന്നാം സെറ്റില്‍ ഷറപ്പോവയെ പിടിച്ചുനിര്‍ത്താന്‍ ജാങ്കോവിച്ചിനു കഴിഞ്ഞില്ല. മത്സരം രണ്ടു മണിക്കൂര്‍ 49 മിനിട്ട് നീണ്ടുനിന്നു. മഴ കളി തടസപ്പെടുത്തിയെങ്കിലും ഷറപ്പോവയുടെ കിരീടനേട്ടം തടയാന്‍ ആയില്ല. നാലാം സീഡായ ഷറപ്പോവ മത്സരത്തില്‍ നിലനിന്നതുതന്നെ സേര്‍വ് ബ്രേക്കുകള്‍കൊണ്ടാണ്. 16 തവണയാണ് റഷ്യന്‍താരം ജാങ്കോവിച്ചിന്റെ സേര്‍വ് ബ്രേക്ക് ചെയ്തത്. ഫൈനല്‍ സെറ്റില്‍ മാത്രം ഏഴുതവണ ബ്രേക്കുചെയ്തപ്പോള്‍ ജാങ്കോവിച്ചിന് പൊരുതാനുള്ള ശേഷി നഷ്ടപ്പെടുകയായിരുന്നു.
14-ാം റാങ്കിലുള്ള ജാങ്കോവിച്ച് കിരീട നേട്ടം കൈവരിച്ചിട്ട് 17 മാസമായി. 2009-ല്‍ സിന്‍സിനാറ്റിയില്‍ കിരീടം നേടിയതില്‍ പിന്നെ സിംഗിള്‍സ് കിരീടം നേടാന്‍ ജാഹ്കോവിച്ചിന് കഴിഞ്ഞിട്ടില്ല.
മികച്ച ഫോമോടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത് ഷറപ്പോവയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുഎസ് ഓപ്പണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് റഷ്യന്‍ താരം കരുതുന്നത്.
പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ബ്രിട്ടീഷ്ഠാരം ആന്‍ഡി മുറെ കിരീടം നേടി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ഡോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് മുറെ കിരീട നേട്ടം കാവരിച്ചത്. പരിക്കേറ്റ രണ്ടാം സെറ്റില്‍ ഡോകോവിച്ച് രണ്ടാം സെറ്റില്‍ കളി നടന്നുകൊണ്ടിരിക്കെ പിന്മാറുകയായിരുന്നു. സ്കോര്‍ 6-4, 3-0. ആദ്യ സെറ്റ് നേടി മുറെ മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. പരിക്കുമായി കളി തുടര്‍ന്നാല്‍ ഉടന്‍ ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ ഡോകോവിച്ചിന് കളിക്കുന്നതിനു തടസമായേക്കും. ഈ വര്‍ഷം ഡോകോവിച്ച് നേരിടുന്ന രണ്ടാമത്തെ പരാജയമാണിത്. മികച്ച ഫോമില്‍ തുടരുന്ന ഡോകോവിച്ചിന് പരിക്കാണ് വിലങ്ങുതടിയായത്. യുഎസ് ഓപ്പണ്‍ ആരംഭിക്കുമ്പോള്‍ പരിക്കില്‍നിന്നും മുക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് സെര്‍ബ് താരം പറഞ്ഞു.
Short URL: http://www.janmabhumidaily.com/jnb/?p=15837