ഹോക്കി: ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം

ഓര്‍ദോസ്‌: ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ദക്ഷിണകൊറിയയെ തകര്‍ത്തു. പുതിയ പരിശീലകന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ്‌ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയത്‌. കളിയുടെ നാലാം മിനിട്ടില്‍ രൂപീന്ദര്‍ സിംഗാണ്‌ ഇന്ത്യയെ മുന്നിലെത്തിച്ചത്‌. കൊറിയയുടെ ഞെട്ടല്‍ മാറുന്നതിനു മുമ്പ്‌ തന്നെ അഞ്ചാം മിനിട്ടില്‍ ഗുര്‍വിന്ദര്‍ സിംഗ്‌ രണ്ടാം ഗോളും നേടി. വീണ്ടും ഇന്ത്യയുടെ ഊഴമായിരുന്നു. രണ്ടു മിനിട്ടുകള്‍ക്കുശേഷം സുനിലിലൂടെ ഇന്ത്യ 3-0 എന്ന ലീഡിലെത്തി. ഒരു മിനിട്ടിനുള്ളില്‍ കൊറിയ തിരിച്ചടിച്ചു. ലീ നാം യങ്ങ്‌ ആണ്‌ ഗോള്‍ മടക്കിയത്‌. 26-ാ‍ം മിനിട്ടില്‍ യങ്ങ്‌ തന്നെ കൊറിയയുടെ രണ്ടാം ഗോള്‍ നേടി. കൊറിയ തിരിച്ചടിച്ചതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. പകുതി സമയത്ത്‌ ഇന്ത്യ 4-2 ന്‌ മുന്നിലായിരുന്നു.
കളിയുടെ 62-ാ‍ം മിനിട്ടില്‍ യുവരാജ്‌ വാല്‍മീകി ഇന്ത്യയുടെ അഞ്ചാം ഗോള്‍ നേടി. കൊറിയയുടെ മൂന്നാം ഗോള്‍ നാം ഹ്യൂണ്‍വുവിന്റെ വകയായിരുന്നു. ഈ നയത്തോടെ ഇന്ത്യക്ക്‌ ടൂര്‍ണമെന്റില്‍ മുന്നേറാനുള്ള മികച്ച സാധ്യത തെളിഞ്ഞു. ഇതിനു മുമ്പ്‌ നടന്ന മത്സരങ്ങളില്‍ ചൈനയെ 5-0 എന്ന നിലയില്‍ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ജപ്പാനുമായുള്ള മത്സരം ഓരോ ഗോളടിച്ച്‌ സമനിലയില്‍ കലാശിച്ചു. പുതിയ ഹോക്കി കോച്ചായ മൈക്കല്‍ നോബ്സിന്റെ കീഴില്‍ ഇന്ത്യ ഉജ്ജ്വല പ്രകടനമായിരുന്നു പുറത്തെടുത്തത്‌. ഈ വിജയത്തോടെ 3 മത്സരങ്ങളില്‍നിന്ന്‌ 7 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ മുന്നിലെത്തി.

Short URL: http://www.janmabhumidaily.com/jnb/?p=17813



Posted by admin on Sep 6 2011. Filed under KAYIKAM, OTHER SPORTS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011