തോല്‍വി തുടരുന്നു
ഓവല്‍: ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ തോല്‍വി തുടരുന്നു. മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാലേ പരമ്പര സമനിലയിലെങ്കിലുമാക്കാന്‍ ഇന്ത്യക്ക് സാധിക്കൂ.
നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 234 റണ്‍സെടുത്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിടെ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ വിജയലക്ഷ്യം 43 ഓവറിന് 218 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ഏഴു പന്തു ശേഷിക്കെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്റെ വിജയം നേടി.
രണ്ടാം ഏകദിനത്തില്‍ ബൗളര്‍മാരുടെ കഴിവുകേടാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായതെങ്കില്‍ ഓവലില്‍ ബാറ്റ്സ്മാന്‍മാര്‍ തികഞ്ഞ അബദ്ധമായി മാറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ദാരുണമായി തകര്‍ന്നടിയുന്ന കാഴ്ചയാണ് ആദ്യ ഓവറുകകളില്‍ തന്നെ സംഭവിച്ചത്. കളിയുടെ നാലാം ബോളില്‍ പൂജ്യനായി ഓപ്പണര്‍ അജിക്യരഹാനെ പുറത്തായി.
തുടര്‍ന്നെത്തിയ രാഹുല്‍ദ്രാവിഡിനും ഏറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ട് റണ്ണെടുത്ത ദ്രാവിഡ് റണ്ണൗട്ടായി. മുന്‍നിര ബാറ്റ്സ് മാന്‍മാരായ പട്ടേലിനെയും കോലിയെയും റെയ്നയെയും ക്ഷണത്തില്‍ നഷ്ടപ്പെട്ട ഇന്ത്യ 19-ാം ഓവറില്‍ 58 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന ദയനീയ സ്ഥിതിയിലേക്ക് വീണു. ഇതില്‍ 21 റണ്‍സെടുത്ത റെയ്ന മാത്രമാണ് രണ്ടക്കം കടന്നത്.
രോഹിത് ശര്‍മ്മയ്ക്കു പകരമായി അവസാന നിമിഷം ടീമിലേക്ക് വിളിക്കപ്പെട്ട രവീന്ദ്ര ജഡേജയുടെയും ക്യാപ്റ്റന്‍ ധോണിയുടെയും പ്രകടനമാണ് വമ്പന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്.
അര്‍ദ്ധസെഞ്ച്വറി നേടിയ ഇരുവരും പരമ്പരയിലെ മൂന്നാമത്തെ വലിയകൂട്ടുകെട്ട് സൃഷ്ടിച്ചാണ് പിരിഞ്ഞത്. സ്കോര്‍ 170ല്‍ നില്‍ക്കെ 69 റണ്‍സെടുത്ത ധോണിയാണ് ആദ്യം പുറത്തായത്. അവസാന നിമിഷം ആളിക്കത്തിയ വാലറ്റത്തെ അശ്വിനും സ്കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 19 ബോളില്‍ നിന്ന് അശ്വിന്‍ 36 റണ്‍സെടുത്തു. 78 റണ്‍സെടുത്ത ജഡേജ അവസാന ഓവറിലാണ് പുറത്തായത്. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങിയത്. പത്താം ഓവറില്‍ 63 റണ്‍സിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്.
ഓപ്പണിംഗ് ബാറ്റ്സ്മാന്‍ കീസ്‌വെറ്റര്‍ (51) അര്‍ദ്ധ സെഞ്ച്വറി നേടി. സ്കോര്‍ 95 ലെത്തിയപ്പോള്‍ മഴകാരണം കളി നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് 43 ഓവറായിചുരുക്കുകയായിരുന്നു. ബൗളിംഗില്‍ ഇന്ത്യയുടെ അശ്വിനും ജഡേജയും മികച്ച രീതിയില്‍ പന്തെറിഞ്ഞ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും വിജയം ഇന്ത്യയില്‍ നിന്നും അകന്നു നിന്നു.
ബാറ്റിംഗില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ജഡേജ രണ്ട് വിക്കറ്റുകളും വീഴ്ത്തി കളിയിലെ താരമായി. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ മറ്റ് ബൗളര്‍മാര്‍ ശരാശരിക്കും താഴെ പന്തെറിഞ്ഞത് ഇന്ത്യക്ക് വിനയായി.
ടെസ്റ്റ് പരമ്പരയും ഏക ട്വന്റി 20യും തോറ്റ് അപമാനത്തിന്റെ ഭാരവും പേറി നില്‍ക്കുന്ന ഇന്ത്യ മറ്റൊരു നാണക്കേടിനരികെയാണ്. ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് ലോര്‍ഡ്സില്‍ നടക്കും.
ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നെങ്കിലും തുടരെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ആത്മവിശ്വസത്തിന്റെ കണികപോലുമില്ലാതെയാണ് ഇന്ത്യ ലോര്‍ഡ്സിലിറങ്ങുന്നത്. പരമ്പരയിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം ഇന്ത്യക്ക് അനിവാര്യമാണ്.
ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.
Short URL: http://www.janmabhumidaily.com/jnb/?p=18169