‘ജയ്’ഹോക്കി

ഒര്‍ഡോസ്‌: ഇന്ത്യന്‍ ഹോക്കിയില്‍ വീണ്ടും വിജയ വസന്തം. പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ഹോക്കി ടൂര്‍ണമെന്റ്‌ ഫൈനലില്‍ ചിരവൈരിയായ പാകിസ്താനെ ഷൂട്ടൗട്ടില്‍ 4-2 ന്‌ തകര്‍ത്ത്‌ ഇന്ത്യ ഏഷ്യയുടെ രാജാക്കന്‍മാരായി. സ്വപ്ന ഫൈനലെന്ന്‌ വിശേഷിക്കപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ നിറഞ്ഞുകളിച്ചപ്പോള്‍ ഹോക്കിയുടെ പഴയ ഇന്ത്യന്‍ പ്രതാപകാലമാണ്‌ ആരാധകരില്‍ ഉളവാക്കിയത്‌.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലപാലിച്ചതിനാല്‍ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീണ്ടു. ഷൂട്ടൗട്ടില്‍ പാകിസ്താന്റെ രണ്ടു ഷോട്ടുകള്‍ തടുത്തിട്ട ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷിനാണ്‌ ഇന്ത്യ നന്ദി പറയേണ്ടത്‌. ഇന്ത്യയ്ക്ക്‌ വേണ്ടി രാജ്പാല്‍ സിംഗ,്‌ ഡാനിഷ്‌ മുജ്ദാബ, യുവരാജ്‌ വാല്‍മീകി, സര്‍പന്‍ജിത്‌ സിംഗ്‌ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ പാകിസ്താനുവേണ്ടി മുഹമ്മദ്‌ റിസ്‌വാനും വസീം അഹമ്മദിനും മാത്രമേ ഗോള്‍ നേടാനായുള്ളൂ.
ഷൂട്ടൗട്ട്‌ ഇന്ത്യയെ നിരാശരാക്കിക്കൊണ്ടാണ്‌ തുടങ്ങിയത്‌. ഇന്ത്യയ്ക്കു വേണ്ടി ആദ്യഷോട്ടെടുത്ത ഗുര്‍വീന്ദര്‍ സിംഗിന്റെ ശ്രമം പാക്‌ ഗോളി ഇമ്രാന്‍ ഷാ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യ നിരാശരായി തലകുനിച്ചു. പാകിസ്താന്റെയും ആദ്യ ഷോട്ട്‌ ഇന്ത്യന്‍ ഗോളിയുടെ മികവിനു മുന്നില്‍ ലക്ഷ്യം കാണാതായപ്പോഴാണ്‌ ഇന്ത്യയ്ക്ക്‌ ശ്വാസം കിട്ടിയത്‌. തുടര്‍ന്ന്‌ മുജ്താഭയുടെ ഷോട്ട്‌ ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ ഒരുഗോളിന്‌ മുന്നില്‍. എന്നാല്‍ റിസ്‌വാനിലൂടെ പാകിസ്താന്‍ സമനില പിടിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാജ്പാലും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. പാകിസ്താന്റെ ഷഫ്ഖറ്റ്‌ റസൂല്‍ പരാജയപ്പെട്ടതോടെ ഇന്ത്യ ലീഡ്‌ നിലനിര്‍ത്തി. ഇന്ത്യയ്ക്ക്‌ വേണ്ടി യുവരാജ്‌ മൂന്നാമത്തെ ഗോള്‍ നേടിയപ്പോള്‍ തന്നെ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു. പാകിസ്താന്റെ വസീം രണ്ടാം ഗോള്‍ നേടിയെങ്കിലും സര്‍വന്‍ജിത്‌ ഇന്ത്യയുടെ ഗോള്‍ നാലാക്കി ഉയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു.
നിശ്ചിത സമയത്തുതന്നെ നിരവധി അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ ഏല്ലാവരും പരാജയപ്പെടുകയായിരുന്നു. പാകിസ്താന്‌ ഏഴ്‌ പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക്‌ ഒന്നാണ്‌ കിട്ടിയത്‌. ഇന്ത്യന്‍ പ്രതിരോധ നിരയും ഗോള്‍ കീപ്പര്‍ ശ്രീജേഷുമാണ്‌ പാകിസ്താന്‌ ഗോള്‍ നേടുന്നതില്‍ തടസ്സമായത്‌. പാകിസ്താന്‍ മിക്കപ്പോഴും ആക്രമിച്ചുതന്നെ കളിച്ചു. പാകിസ്താന്റെ ഷക്കീല്‍ അബാസി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളില്‍ നിന്നും അകന്ന്‌ നിന്നു. ഇന്ത്യന്‍ സ്ട്രൈക്കര്‍മാരുടെ മുന്നേറ്റങ്ങളും പാകിസ്താന്‍ പ്രതിരോധനിരയില്‍ തട്ടി തകര്‍ന്നു. കളിയുടെ മാന്യതകള്‍ പലപ്പോഴായി ലംഘിക്കപ്പെട്ട മത്സരംകൂടിയായിരുന്നു ഫൈനല്‍. ഇന്ത്യയുടെ സുനിലാണ്‌ മോശം പെരുമാറ്റത്തിന്‌ ആദ്യം കാര്‍ഡ്‌ കണ്ടത്‌.
14 ാ‍ം മിനുട്ടില്‍ പാകിസ്താന്‌ ആദ്യ പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ ഗോളിയുടെ ശ്രമം പാകിസ്താന്‌ ഗോള്‍ നിഷേധിച്ചു. മധ്യനിരയില്‍ വച്ച്‌ ഇന്ത്യയ്ക്ക്‌ തുടര്‍ച്ചയായി പന്തുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പകുതിക്കു ശേഷം പാസ്‌ കൈമാറാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ പലപ്പോഴും വിഷമിച്ചു. കളി തീരാന്‍ 14 മിനിട്ട്‌ ശേഷിക്കെ ഇന്ത്യക്ക്‌ ലഭിച്ച മികച്ച അവസരം ഗോളാക്കുന്നതില്‍ മുജ്താബ്‌ വീഴ്ചവരുത്തി.
സെമിയില്‍ ഇരുടീമുകളും രണ്ടുഗോള്‍ വീതമടിച്ച്‌ സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടു ഗോളിന്‌ പിന്നിട്ട ശേഷമായിരുന്നു ഇന്ത്യ സമനില നേടിയത്‌.സെമിയിലെ ആവേശം ഫൈനലിലും തുടര്‍ന്നതാണ്‌ ഇന്ത്യയുടെ വിജയത്തിന്റെ കാരണം. കഴിഞ്ഞ വര്‍ഷത്തെ അസ്ലന്‍ഷാകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തപാകിസ്താനെതിരെ മധുരപ്രതിരാകരം കൂടിയാണ്‌ ഇന്ത്യയ്ക്ക്‌ ഈ ജയം.
പ്രമുഖരായ അഞ്ചു താരങ്ങള്‍ ഇല്ലാതെ പുതുമുഖങ്ങളാണ്‌ ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്‌. മൈക്കല്‍ നോബ്സിന്റെ ശിക്ഷണത്തിലിറങ്ങിയ ഇന്ത്യയ്ക്ക്‌ ആദ്യഘട്ടത്തില്‍ സാധ്യത കല്‍പിച്ചിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമറിയാതെയാണ്‌ ഇന്ത്യ കിരീടം നേടിയിരിക്കുന്നത്‌. ഗോളടിയിലും മറ്റ്‌ ടീമുകളെക്കാള്‍ വളരെ മുന്നിലാണ്‌ ഇന്ത്യ. പരിക്കിന്റെയും അച്ചടക്കലംഘനത്തിന്റെയും പേരിലാണ്‌ പ്രമുഖ താരങ്ങള്‍ പലരും കളിക്കളത്തിന്‌ പുറത്തിരിക്കുന്നത്‌. ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിക്ക്‌ ഏഷ്യന്‍ കിരീടം നല്‍കിയേക്കാവുന്ന ഊര്‍ജ്ജം ചെറുതല്ല.
ഏഷ്യന്‍ ഹോക്കി ടൂര്‍ണമെന്റിലെ വനിതാ കിരീടം ദക്ഷിണ കൊറിയക്കാണ്‌. ആതിധേയരായ ചൈനയെ 5-3 നു കീഴടക്കിയാണ്‌ കൊറിയന്‍ വനിതകള്‍ കിരീടം ഉയര്‍ത്തിയത്‌. ജുകംകിം, യൂന്‍ബിച്യോന്‍, ജോങ്ങ്‌, ജോദ്‌ ഹിക്കീം, മിഹ്യൂന്റെ പാര്‍ക്‌ എന്നിവരാണ്‌ കൊറിയയുടെ ഗോള്‍ വേട്ടക്കാര്‍. വനിതകളില്‍ ഇന്ത്യക്ക്‌ നാലാം സ്ഥാനം മാത്രമാണ്‌. ഇന്ത്യയെ തോല്‍പിച്ച ജപ്പാനാണ്‌ വെങ്കലം

Short URL: http://www.janmabhumidaily.com/jnb/?p=18336



Posted by admin on Sep 11 2011. Filed under KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011