കര്‍മ്മയോഗം

നിങ്ങള്‍ ഏത്‌ അവസ്ഥയില്‍ ജനിച്ചുവോ, ഏതു ചുറ്റുപാടില്‍ വളര്‍ന്നുവാ, ആ ചുറ്റുപാടില്‍ തന്നെ സത്യസന്ധതയോടെ ചെയ്യേണ്ട കടമകളും കര്‍ത്തവ്യങ്ങളും ചെയ്തുകൊണ്ട്‌ ജീവിക്കുക. അതിലൂടെ കര്‍മ്മനിരതനായ ഒരാള്‍ക്ക്‌ ഈശ്വരസാക്ഷാത്കാരം ലഭിക്കുന്നതായിരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട്‌ പറയുന്നതും ഇതാണ്‌. അര്‍ജ്ജുനന്‍ ഒരു ക്ഷത്രിയനാണെന്നിരിക്കെ ദുഷ്ടന്മാരെ നിഗ്രഹിച്ചും ശിഷ്ടന്മാരെ അനുഗ്രഹിച്ചും ധര്‍മ്മപരിപാലനം നടത്തണം. അവിടെ മുഖം നോക്കാനോ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാനോ അവസരമില്ല. അഥവാ തന്റെ ധാര്‍മ്മികമായ കര്‍മ്മാനുഷ്ഠാനത്തില്‍ പരാജയപ്പെട്ടാല്‍ ഇനി വരുന്ന തലമുറ അര്‍ജുനനെക്കുറിച്ച്‌ അപവാദം പറയുകയും ശകാരിക്കുകയും ചെയ്യും. അതുകൊണ്ട്‌ ധൈര്യമായി കൈവിറയ്ക്കാതെ ശത്രുക്കളെ നേരിടാന്‍ ഭഗവാന്‍ ഉദ്ബോധിപ്പിക്കുന്നു. ഈ ധാര്‍മ്മികാടിസ്ഥാനത്തിലുള്ള കര്‍മ്മം എന്ന ആശയം ലോകത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്‌. ഒരു ഗൃഹസ്ഥയ്ക്ക്‌ തന്റെ മാതാപിതാക്കളോടും ഭര്‍ത്താവിനോടും കുട്ടികളോടുമുള്ള കടമ നിര്‍വ്വഹിക്കാന്‍ കഴിയണം. അതില്‍ പിഴപറ്റുന്നത്‌ ഒരിക്കലും ക്ഷമിക്കപ്പെടാവുന്നതല്ല. അപ്പോഴൊരു സംശയമുണ്ടാകാം. ഈ ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാം തന്നെ ശരിയോ തെറ്റോ എന്നിങ്ങനെ അറിയും. ശരിയുടെ പുണ്യവും തെറ്റിന്റെ പാപവും നിങ്ങളെ ബാധിക്കും എന്നാണല്ലോ വിശ്വാസം. എന്നാല്‍ ബാധിക്കുന്നില്ലെങ്കിലോ? നിങ്ങളല്ല കര്‍മ്മം ചെയ്യുന്നത്‌; നിങ്ങള്‍ക്കതിന്റെ ഉത്തരവാദിത്വവുമില്ല. ഒരു ക്ലോക്കിന്നകത്തു തിരിഞ്ഞുകൊണ്ടിരിക്കുന്ന അന്യോന്യം ബന്ധപ്പെട്ട നിരവധി ചക്രങ്ങളില്‍, ഒരു ചക്രംമാത്രം തിരിയരുത്‌ എന്ന്‌ ആരുവിചാരിച്ചാലും തിരിയേണ്ടിവരും. ആ ചക്രം ഘടിപ്പിച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. അതുപോലെയാണ്‌ ഈ ഭൂമിയില്‍ ജന്മമെടുക്കുന്ന ജീവജാലങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ നിയോഗം അനുസരിക്കാനുണ്ട്‌, പൂര്‍ത്തീകരിക്കാനുണ്ട്‌. നിഷേധിക്കുന്നത്‌ ഈശ്വരകല്‍പനയെ നിഷേധിക്കലാണ്‌. എല്ലാ കര്‍മ്മവും ഈശ്വരാര്‍പ്പണമായിട്ടാണ്‌ ചെയ്യുക. കര്‍മ്മഫലവും ഈശ്വരന്‌ തന്നെ. നിങ്ങള്‍ക്കൊരിക്കലും ചെയ്ത കര്‍മ്മത്തിന്റെ പേരില്‍ ദുഃഖിക്കുകയോ സന്തോഷിക്കുകയോ വേണ്ടിവരില്ല. ഒരു ഹോമം നടത്തുന്ന മഹര്‍ഷി ഹോമകുണ്ഡത്തിലേക്ക്‌ ദ്രവ്യങ്ങളില്‍ ഓരോന്നായി ഹോമിക്കുന്നതുപോലെ തന്നെയാണ്‌ നമ്മളോരോരുത്തരും നമ്മുടെ കര്‍മ്മങ്ങളോരോന്നും ഈശ്വരാര്‍പ്പണമായി ഹോമിക്കുന്നത്‌. അതില്‍പ്പരം സായൂജ്യം മറ്റൊന്നില്ല. പക്ഷേ, ഞാന്‍ തന്നെ ചെയ്യുന്നു എന്ന അഹങ്കാരം വച്ചുപുലര്‍ത്തുന്ന ആള്‍ക്ക്‌ ഈ പറഞ്ഞ സായൂജ്യം ലഭ്യവുമല്ല. എപ്പോഴും ടെന്‍ഷനായിരിക്കും. ദുഃഖവും കോപവും, സന്തോഷവും പശ്ചാത്താപവും ഒഴിഞ്ഞ സമയമുണ്ടാകില്ല. ജീവിതം നരകതുല്യമായിരിക്കും. പക്ഷേ ശരിയായ ഒരു കര്‍മ്മയോഗിക്ക്‌ ജീവിതം സ്വര്‍ഗതുല്യമായിരിക്കും.
- നീലകണ്ഠന്‍ നമ്പൂതിരി

Short URL: http://www.janmabhumidaily.com/jnb/?p=19997Posted by admin on Sep 20 2011. Filed under SAMSKRITI. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011