വള്ളത്തോള്‍ പുരസ്കാരം സി.രാധാകൃഷ്ണന്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സി. രാധകൃഷ്ണന്‌. 1,11,111 രൂപയും പ്രശസ്തിപത്രവുമാണ്‌ പുരസ്കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ്‌ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ആര്‍. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ സമിതിയാണ്‌ പുരസ്കാരത്തിനായി സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്‌. അര നൂറ്റാണ്ടായി മലയാള സാഹിത്യത്തിനു നല്‍കുന്ന സംഭാവനകളെ മാനിച്ചാണ്‌ പുരസ്കാരം നല്‍കുന്നത്‌. ഈ മാസം 16നു തിരുവനന്തപുരത്ത്‌ നടക്കുന്ന സാഹിത്യസംഗമത്തില്‍ പുരസ്കാരം സമ്മാനിക്കും.

വള്ളത്തോള്‍ പുരസ്കാരം നേടുന്ന പത്തൊന്‍പതാമത്‌ വ്യക്തിയാണ്‌ സി. രാധാകൃഷ്ണന്‍. നോവലിസ്റ്റ്‌, കഥാകൃത്ത്‌, പ്രഭാഷകന്‍, ഉപന്യാസകാരന്‍, ചലച്ചിത്രകാരന്‍ എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ സി. രാധാകൃഷ്ണന്‍ വള്ളുവനാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം കാവ്യാത്മകഭാഷയില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ്‌. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള സംഘര്‍ഷം ഇദ്ദേഹത്തിന്റെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്‌. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ്‌ പ്രധാനകൃതികള്‍.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, മഹാകവി ജി. പുരസ്കാരം, അബുദാബി മലയാളി സമാജം പുരസ്കാരം, ലളിതാംബിക അന്തര്‍ജനം പുരസ്കാരം, അങ്കണം അവാര്‍ഡ്‌ തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ സി. രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്‌. 2010ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വവും അദ്ദേഹത്തിന്‌ ലഭിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=22219



Posted by admin on Oct 1 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011