രണ്ടാം മത്സരം ഇന്ന്
ന്യൂദല്‍ഹി : ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഫിറോസ്ഷാ കോട്ലായില്‍ നടക്കും. ആദ്യ മത്സരത്തില്‍ സന്ദര്‍ശകരെ 126 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും തിളങ്ങിയ ഇന്ത്യ ഇന്നും ആ മികവ് പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. ധോണി, റെയ്ന, കോഹ്ലി, ഗംഭീര്‍ എന്നിവര്‍ മികച്ച ഫോമിലേക്ക് മടങ്ങിവന്നത് ഇംഗ്ലണ്ടിന് ഭീഷണിയാകും. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്രജഡേജയും ഇന്ത്യയുടെ കരുത്താണ്. എന്നാല്‍ ഗ്രൗണ്ടിലെ സാഹചര്യം അനുസരിച്ചായിരിക്കും തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുകയെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറയുന്നത്.
മികച്ച ഫോമില്‍ ആയിരുന്ന ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ നിറം മങ്ങിയത് കുക്കിനെ വെട്ടിലാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരിച്ചുവരാനാകുമെന്ന് കുക്ക് പറയുന്നു. നിലവാരമില്ലാത്ത ഫീല്‍ഡിംഗും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്ത ബൗളിംഗും ഇംഗ്ലണ്ടിന് വിലങ്ങുതടിയായി. പിഴവുകള്‍ ഒഴിവാക്കിയ ടീമായിരിക്കും ഇന്ന് കളത്തിലിറങ്ങുകയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറയുന്നു.
പരിചയസമ്പന്നരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേണ്ടര്‍സെവാഗ്, സഹീര്‍ഖാന്‍ തുടങ്ങിയവര്‍ ഇല്ലാതിരുന്നിട്ടും ടീം ഇന്ത്യ നേടിയ വിജയം ത്രസിപ്പിക്കുന്നതാണ്. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിന്‍ ബൗളിംഗ് ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചു. ഫിറോസ്ഷാ കോട്ലായിലെ പിച്ചും സ്ലോബൗളര്‍മാരെ പിന്തുണയ്ക്കുന്നതാണ്. അതിനാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് വീണ്ടും മികച്ച ഒരവസരം കൂടിയാണ് മുന്നില്‍ വന്നിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. ഇന്നത്തെ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മികച്ച സ്കോര്‍ കണ്ടെത്തിയാല്‍ ഇന്ത്യ വീണ്ടും കൂറ്റന്‍ സ്കോറിലേക്ക് കുതിക്കും. അജിംക്യ രഹാനെ മാത്രമാണ് ആദ്യ മത്സരത്തില്‍ റണ്‍ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടിയത്. പാര്‍ത്ഥിവ് പട്ടേല്‍ നിര്‍ഭാഗ്യം കൊണ്ട് റണ്‍ഔട്ട് ആവുകയായിരുന്നു. ഇന്ന് പിഴവുകള്‍ ഒഴിവാക്കി തന്നെയായിരിക്കും ഇന്ത്യയും കളത്തിലിറങ്ങുക. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വളരെയേറെ റണ്‍ എക്സ്ട്രാസായി നല്‍കിയിരുന്നു. അതിനാല്‍ ബൗളിംഗില്‍ ഇംഗ്ലണ്ട് ഏറെ ശ്രദ്ധചെലുത്തും. പരമ്പരയില്‍ നേടിയ മുന്‍തൂക്കം കൈവിട്ടുകളയാന്‍ ഇന്ത്യ തയ്യാറാവില്ല. പ്രത്യേകിച്ചും ഇംഗ്ലണ്ട് പര്യടനത്തില്‍ തകര്‍ന്നടിഞ്ഞതിന് ശേഷമുള്ള തിരിച്ചുവരവാണിത്. പരമ്പര സ്വന്തമാക്കുന്നതില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. അതിനാല്‍ ഇന്നത്തെ മത്സരത്തില വിജയം നേടി ലീഡ് ഉയര്‍ത്താനാകും ഇന്ത്യ ശ്രമിക്കുക. മത്സരം ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും.
Short URL: http://www.janmabhumidaily.com/jnb/?p=24913