വിരാട വിജയം
ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 2-0 എന്ന നിലയില്‍ മുന്നിലെത്തി. ഹൈദരബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 126 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 48.2 ഓവറില്‍ 237 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവില്‍ 36.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.കോഹ്ലിയുടെ കരിയറിലെ ഏഴാം സെഞ്ച്വറിയാണ് ഇവിടെ പിറന്നത്. വിനയകുമാറിന്റെ മികച്ച ബൗളിംഗ് കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ ഒതുക്കിയത്. ചെറിയ ഗ്രൗണ്ടില്‍ മികച്ച സ്കോര്‍ പിറവിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇംഗ്ലണ്ടിനത് നേടാനായില്ല. 238 റണ്‍സ് വിജയലക്ഷ്യവുമായ് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു.
സ്കോര്‍ 14 ല്‍ എത്തിയപ്പോള്‍ 12 റണ്‍സ്സെടുത്ത പാര്‍ഥിവ് പട്ടേല്‍ ബ്രസ്നന്റെ പന്തില്‍ കുക്കിന് പിടിനല്‍കി മടങ്ങി. രഹാനയ്ക്കും ഏറെ പിടിച്ചുനില്‍ക്കാനായില്ല. 14 റണ്‍സെടുത്ത രഹാനയെയും ബ്രസ്നനാണ് പുറത്താക്കിയത്. എന്നാല്‍ തുടര്‍ന്ന് ഗൗതം ഗംഭീറും വിരാട് കോഹ്ലിയും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ ഭീഷണി അവസാനിച്ചു. അപകടകരമല്ലാത്ത പന്തുകള്‍ തെരഞ്ഞെടുത്ത് കളിച്ച ഗൗതം ഗംഭീര്‍ ഒരുവശത്ത് നിലയുറപ്പിച്ചപ്പോള്‍ മറുവശത്ത് വിരാട് കോഹ്ലി തകര്‍ത്താടി. ബൗളര്‍മാര്‍ക്ക് യാതൊരു ആധിപത്യവും നല്‍കാന്‍ കോഹ്ലി അനുവദിച്ചില്ല. പന്തുകള്‍ ബൗണ്ടറികള്‍ മാത്രം ലക്ഷ്യമാക്കി പറന്നു. മികച്ച ഫോമിലേക്ക് കുതിച്ച ഈ കൂട്ടുകെട്ടിനെ നിയന്ത്രിക്കുന്നതില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍മാരും സ്ലോ ബൗളേഴ്സും പരാജയപ്പെട്ടതോടെ ഇന്ത്യ അനായാസം വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഒരു തിരിച്ചുവരവിന് ശ്രമിച്ച ഇംഗ്ലണ്ടിനെ തച്ചുതകര്‍ക്കുന്ന പ്രകടനമാണ് ഇന്ത്യ ഫീറോസ്ഷാ കോട്ലായില്‍ കാഴ്ചവെച്ചത്. ഗംഭീറും കോഹ്ലിയും ചേര്‍ന്ന് 209 റണ്‍സ്സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 98 പന്തില്‍നിന്നും 16 ബൗണ്ടറികളുടെ കരുത്തില്‍ 112 റണ്‍സാണ് കോഹ്ലി നേടിയത്. കോഹ്ലിക്കു മികച്ച പിന്തുണ നല്‍കിയ ഗൗതം ഗംഭീര്‍ 90 പന്തില്‍നിന്നും 10 ബൗണ്ടറികളുടെ കരുത്തില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഏഴു ബൗളര്‍മാരെ ഇംഗ്ലണ്ട് ഉപയോഗിച്ചെങ്കിലും വിലപ്പോയില്ല.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് മധ്യനിരയുടെ മികവിലാണ് 237 റണ്‍സെടുത്തത്. റണ്ണൊന്നും സ്കോര്‍ ബോര്‍ഡില്‍ പിറക്കുംമുമ്പേ ഓപ്പണര്‍മാരെ മടക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അലിസ്റ്റര്‍ കുക്കും കീസ്വറ്ററും ആദ്യ രണ്ട് ഓവറുകളില്‍ പുറത്തായി. കുക്കിനെ പ്രവീണ്‍കുമാര്‍ ജഡേജയുടെ കൈകളിലെത്തിച്ചപ്പോള്‍ കീസ്വറ്റര്‍ വിനയകുമാറിന്റെ ഇരയായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ജൊനാഥന്‍ ട്രോട്ടും കെവിന്‍ പീറ്റേഴ്സണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ അപകടാവസ്ഥയില്‍നിന്നും കരകയറ്റിയത്. 48 റണ്‍സായിരുന്നു ഈ കൂട്ടുകെട്ടിന്റെ സമ്പാദ്യം. 34 റണ്‍സ്സെടുത്ത ട്രോട്ട് വിനയകുമാറിന്റെ പന്തില്‍ ധോണിക്ക് പിടി നല്‍കിയതോടെ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റി. മികച്ച ഫോമില്‍ കളിച്ചുവന്ന ട്രോട്ട് നിലയുറപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഏറെ ഭീഷണിയാകുമായിരുന്നു. രവി ബൊപ്പാര പീറ്റേഴ്സണൊപ്പം ചേര്‍ന്നതോടെ സ്കോറിങ്ങിന്റെ വേഗത കൂടി. അപകടകരമല്ലാത്ത പന്തുകള്‍ മാത്രം തെരഞ്ഞെടുത്ത കളിച്ച പീറ്റേഴ്സണു മുന്നില്‍ ബൊപ്പാര മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമേറി. ഈ കൂട്ടുകെട്ടിനെ തുടക്കത്തിലെ പിരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. റണ്‍നിരക്ക് കുതിച്ചതോടെ ഇന്ത്യ തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചു. സ്കോര്‍ 121 ല്‍ എത്തിയപ്പോള്‍ രവിചന്ദ്ര അശ്വിന്റെ പന്തില്‍ ബൊപ്പാര എല്‍ബിയില്‍ കുടുങ്ങി. ഇത് ഇംഗ്ലണ്ടിന് കനത്ത ആഘാതമായി. 50 പന്തുകള്‍ നേരിട്ട ബൊപ്പാര 4 ബൗണ്ടറികളുടെ സഹായത്തോടെ 36 റണ്‍സ് നേടി. സ്കോര്‍ 121 ല്‍ നില്‍ക്കുമ്പോള്‍തന്നെ പീറ്റേഴ്സണേയും ഇംഗ്ലണ്ടിന് നഷ്ടമായി. 46 റണ്‍സ്സെടുത്ത പീറ്റേഴ്സണെ ഉമേഷ് യാദവിന്റെ പന്തില്‍ ധോണി പിടികൂടുകയായിരുന്നു. 3 ബൗണ്ടറികളും 2 സിക്സറുകളും പറത്തിയ പീറ്റേഴ്സണ്‍ മികച്ച ഫോമിലേക്ക് കുതിക്കുമ്പോഴായിരുന്നു അപകടം ഉമേഷ് യാദവിന്റെ രൂപത്തില്‍ വന്നത്.
ബേര്‍സ്റ്റോവും സമിത് പട്ടേലുമാണ് പിന്നീട് ഒത്തുച്ചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നിര്‍ണ്ണായക ഘട്ടത്തില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ആറാം വിക്കറ്റില്‍ ഇവര്‍ നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന് മാന്യമായ സ്കോര്‍ സമ്മാനിക്കുകയായിരുന്നു. സ്കോര്‍ 207 -ല്‍ എത്തിയതിനുശേഷമാണ് ഇന്ത്യക്കു വെല്ലുവിളിയായി ഈ ജോഡിയെ പിരിക്കാന്‍ കഴിഞ്ഞത്. ഉമേഷ് യാദവിന്റെ പന്തില്‍ സമിത് പട്ടേലാണ് ആദ്യം പുറത്തായത്. 53 പന്തില്‍നിന്നും 2 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും കരുത്തില്‍ 42 റണ്‍സാണ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തത്. 35 റണ്‍സ്സെടുത്ത ബേര്‍സ്റ്റോവിനെ രവീന്ദ്ര ജഡേജ കോഹ്ലിയുടെ കൈകളില്‍ എത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ വെല്ലുവിളി ഏറെക്കുറെ അവസാനിച്ചു. പിന്നീടെത്തിയവര്‍ക്ക് മികച്ച കൂട്ടുകെട്ടുയര്‍ത്താനായില്ല.
ഇന്ത്യക്കുവേണ്ടി നാലു വിക്കെറ്റെടുത്ത വിനയകുമാറാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=25158