ബര്‍ലുസ്‌കോണി ഉടന്‍ രാജി വച്ചേക്കും

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണി ഉടന്‍ രാജി വച്ചേക്കുമെന്ന് സൂചന. രാജ്യത്ത് സാമ്പത്തിക പരിഷ്കരണം നടത്തിയതിനു ശേഷമായിരിക്കും രാജി പ്രഖ്യാപിക്കുക. ചാനല്‍ 5 ന് നല്‍കിയ ശബ്ദ സന്ദേശത്തില്‍ രാജിസന്നദ്ധത ബര്‍ലുസ്‌കോണി ശരിവച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം രാജ്യത്തു ശക്തമായ സാഹചര്യത്തിലാണ് ബര്‍ലുസ്‌കോണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുമെന്ന് ജി 20 ഉച്ചകോടിയില്‍ ബര്‍ലുസ്‌കോണി ഉറപ്പ് നല്‍കിയിരുന്നു.

ഐ.എം.എഫ് മേല്‍നോട്ടത്തോടെയുള്ള പരിഷ്കരണ നടപടിക്കാണ് ബെര്‍ലുസ്‌കോണിയുടെ നീക്കം. ഇറ്റലിയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റിയതിന് ശേഷം രാജിവയ്ക്കാമെന്നാണ് ബര്‍ലുസ്‌കോണി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഇറ്റലിയില്‍ തുടരുന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ഹിതപരിശോധനയില്‍ ബര്‍ലുസ്‌കോണിക്ക് മുന്‍തൂക്കം നഷ്ടമായിരുന്നു.

വോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷം വിട്ടു നിന്നതുകൊണ്ട് മാത്രം ബര്‍ലുസ്‌കോണി സര്‍ക്കാര്‍ നിലംപതിച്ചില്ല. കേവലഭൂരിപക്ഷത്തിന് 316 വോട്ട് വേണ്ടിടത്തു പ്രധാനമന്ത്രിക്കു ലഭിച്ചതു 308 വോട്ട് മാത്രം. ഇതോടെ ബര്‍ലുസ്‌കോണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ശക്തമായി രംഗത്തിറങ്ങി.

വായ്പാ ചെലവില്‍ കുത്തനെ ഉണ്ടായ വര്‍ധനവാണ് പ്രതിസന്ധിക്ക് കാരണം. ഒപ്പം പൊതുകടം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 120 ശതമാനം വരെ ഉയര്‍ന്നു. ഇതോടെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്.

Short URL: http://www.janmabhumidaily.com/jnb/?p=29103



Posted by admin on Nov 9 2011. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011