അമ്മയെയും മകളെയും താലിബാന്‍ ഭീകരര്‍ കല്ലെറിഞ്ഞശേഷം വെടിവെച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ ഒരു അമ്മയെയും മകളെയും കല്ലെറിഞ്ഞശേഷം വെടിവെച്ചുകൊന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
സദാചാരലംഘനം ആരോപിച്ചാണ്‌ പ്രാകൃതമായ ഈ ശിക്ഷയെന്ന്‌ അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ്‌ അറസ്റ്റുചെയ്തു. വ്യാഴാഴ്ച ഗസ്നി പട്ടണത്തിലെ ഖവജഹക്കിം പ്രദേശത്താണ്‌ സംഭവം നടന്നത്‌.
ഗസ്നിയില്‍ 18 ജില്ലകള്‍ ഉള്ളതില്‍ ഏഴ്‌ എണ്ണത്തില്‍ മാത്രമേ സര്‍ക്കാരിന്‌ നിയന്ത്രണമുള്ളൂ. ബാക്കിയുള്ള 11 ജില്ലകളില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ്‌ സര്‍ക്കാരിന്‌ സ്വാധീനം.
തങ്ങള്‍ക്ക്‌ ശക്തിയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ ഭീകരര്‍ ജനങ്ങളില്‍നിന്ന്‌ നികുതികള്‍ പിരിക്കുകയും പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത്‌ തടയുകയുമാണ്‌. ദേശീയപാതകളില്‍ ആധിപത്യം പുലര്‍ത്തുന്ന താലിബാന്‍ ഭീകരര്‍ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും പതിവാണ്‌. ജില്ലാ ഭരണാധികാരികളെ ഭീകരര്‍ ശിരഛേദം ചെയ്ത സംഭവങ്ങളും വിരളമല്ല. താലിബാന്‍ ഭീകരര്‍ മൊബെയില്‍ ഫോണുകള്‍ നിരോധിക്കുകയും താലിബാന്‍ റേഡിയോ ഒഴിച്ച്‌ മറ്റ്‌ വാര്‍ത്താമാധ്യമങ്ങളും വീഡിയോക്യാമറകളും സംഗീതവും നിരോധിചചിരിക്കുകയുമാണ്‌.
ആയുധധാരികളായ ഭീകരര്‍ സ്ത്രീയും മകളുംതാമസിച്ചിരുന്ന വീട്ടിലേക്ക്‌ കയറുകയും അവരെ മുറ്റത്തേക്ക്‌ വലിച്ചിഴച്ചുകൊണ്ടുവന്ന്‌ കല്ലെറിഞ്ഞശേഷം വെടിവെച്ചുകൊല്ലുകയുമായിരുന്നുവെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അയല്‍ക്കാര്‍ സഹായിക്കുകയോ സമയത്ത്‌ അധികാരികളെ അറിയിക്കുകയോ ചെയ്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കാന്‍ ഭീകരര്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.

Short URL: http://www.janmabhumidaily.com/jnb/?p=29462



Posted by admin on Nov 11 2011. Filed under VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011