ഷറപ്പോവ -കിറ്റോവ ഫൈനല്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് വനിതാ വിഭാഗം ഫൈനലില്‍ മരിയ ഷറപ്പോവയും പെട്ര കിറ്റോവയും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഉടനീളം അട്ടിമറി സൃഷ്ടിച്ച് മുന്നേറിയ ജര്‍മ്മന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ 21 കാരി സാബിന്‍ ലിസിക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഷറപ്പോവ ഫൈനലിലേക്ക് കുതിച്ചെത്തിയത്. സ്കോര്‍ 6-4, 6-3. വാശിയേറിയ മത്സരത്തിനൊടുവിലാണ് സാബിന്‍ ലിസിക്കി മുട്ടുകുത്തിയത്. ആദ്യ സെറ്റില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച ജര്‍മ്മന്‍താരം ഷറപ്പോവയെ വിറപ്പിച്ചു വിട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ മികച്ച വെല്ലുവിളി ഉയര്‍ത്തുന്നതില്‍ ലിസിക്കി പരാജയപ്പെട്ടു.
ബലാറസ് താരം വിക്ടോറിയ അസാരങ്കയെ പരാജയപ്പെടുത്തിയാണ് പെട്ര കിറ്റോവ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. കിറ്റോവയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. സ്കോര്‍ 6-1, 3-6, 6-2. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണില്‍ കിറ്റോവ സെമിഫൈനല്‍ വരെ എത്തിയിരുന്നു. അന്ന് സെറീന വില്ല്യംസാണ് കിറ്റോവയുടെ മോഹങ്ങള്‍ തകര്‍ത്തത്. ഇക്കുറി മികച്ച തയ്യാറെടുപ്പോടെ പുല്‍കോര്‍ട്ടില്‍ ഇറങ്ങിയ ചെക്ക് താരത്തിന് ഇനി കലാശപ്പോരാട്ടം മാത്രമാണ് മുന്നിലുള്ളത്.
സെമിയില്‍ അസാരങ്കക്കാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് എന്നാല്‍ എട്ടാം സീഡായ കിറ്റോവ ഉജ്ജ്വല അട്ടിമറിയിലൂടെ ബലാറസ് താരത്തിന്റെ സ്വപ്നം തകര്‍ത്തു. രണ്ടാം സെറ്റില്‍ അസാരങ്ക തിരിച്ചെത്തിയെങ്കിലും നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ മികച്ചപ്രകടനം നടത്താന്‍ ബലാറസ് താരത്തിനായില്ല. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണില്‍ മൂന്നാം റൗണ്ടില്‍ കിറ്റോവ അസാരങ്കയെ പരാജയപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കാന്‍ അസാരങ്ക ശ്രമിച്ചെങ്കിലും നടന്നില്ല.
ആദ്യസെറ്റില്‍തന്നെ രണ്ട് തവണ സര്‍വീസ് ബ്രേക്ക്ചെയ്ത കിറ്റോവ 27 മിനിറ്റുകൊണ്ടാണ് 6-1 ന്റെ ജയം നേടിയത്. ആദ്യ സെറ്റിലെ പരാജയത്തിന് രണ്ടാം സെറ്റില്‍ അസാരങ്ക കണക്കു തീര്‍ത്തതോടെ മത്സരം മൂന്നാം സെറ്റിലേക്ക് നീങ്ങി. എന്നാല്‍ നിര്‍ണ്ണായകമായ സെറ്റില്‍ അടിതെറ്റിയത് അസാരങ്കയ്ക്കായിരുന്നു. വിംബിള്‍ഡണിന്റെ ഫൈനലില്‍ കടക്കുന്ന നാലാമത്തെ വനിതാ ചെക്ക് താരമാണ് പെട്രാ കിറ്റോവ.
കഴിഞ്ഞ ദിവസം വൈകി നടന്ന മത്സരത്തില്‍ അമേരിക്കന്‍ താരം മാര്‍സിഫിപ്പിനെ പരാജയപ്പെടുത്തി നിലവിലുള്ള ചാമ്പ്യന്‍ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നിരുന്നു. സ്കോര്‍ 6-3, 6-3, 5-7, 6-4. കാലിന് പരിക്കേറ്റിട്ടും ഉജ്വല പ്രകടനമാണ് സ്പാനീഷ്ഠാരം ക്വാര്‍ട്ടറില്‍ പുറത്തെടുത്തത്. മൂന്നാം സെറ്റില്‍ മാത്രം തോല്‍വി വഴങ്ങിയാണ് നദാല്‍ സെമിയിലേക്ക് കുതിച്ചത്. നിര്‍ണായകമായ നാലാം സെറ്റ് നദാല്‍ തന്നെ കരസ്ഥമാക്കിയാണ് നിലവിലുള്ള ചാമ്പ്യന്‍ മുന്നേറിയത്. പുല്‍ക്കോര്‍ട്ടിലെ മികച്ച താരം ഫെഡറര്‍ പുറത്തായതോടെ നദാലിന് വിംബിള്‍ഡണില്‍ മികച്ച സാധ്യതയാണ് നില നില്‍ക്കുന്നത്. നാലാം റൗണ്ടില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയുമായുള്ള മത്സരത്തിനിടെയാണ് നദാലിന് പരിക്കേറ്റിരുന്നത്. ചികിത്സ മികച്ച ഫലമാണ് നല്‍കിയതെന്ന് മത്സരശേഷം സ്പാനീഷ്ഠാരം വ്യക്തമാക്കി. ഇന്നു നടക്കുന്ന സെമിഫൈനലില്‍ നദാല്‍ ബ്രിട്ടീഷ് താരം ആന്‍ഡിമുറയെ നേരിടും.
Short URL: http://www.janmabhumidaily.com/jnb/?p=3029