ജിജിനും രംഗിതയും ഫാസ്റ്റസ്റ്റ്‌

കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടന്‍ കാറ്റിന്‌ എറണാകുളം കോട്ടകെട്ടി തടഞ്ഞതോടെ എട്ടാംവട്ടവും ചാമ്പ്യന്മാരാവാനുള്ള എറണാകുളത്തിന്റെ പ്രയത്നത്തിന്‌ തുടക്കമായി. 108 പോയിന്റുകള്‍ നേടി എറണാകുളവും 106 പോയിന്റുകളോടെ പാലക്കാടും തൊട്ട്‌ പുറകിലുണ്ട്‌.

കഴിഞ്ഞ വര്‍ഷം അരപ്പോയിന്റിന്‌ മികച്ച സ്കൂളിനുള്ള കിരീടം നഷ്ടമായ കോതമംഗലം മാര്‍ ബേസില്‍ 75 പോയിന്റോടെ ശക്തമായ നിലയില്‍ ഒന്നാമതെത്തി. 36 പോയിന്റോടെ കുമരംപുത്തൂര്‍ കല്ലടി സ്കൂളും പറളി ഹൈസ്കൂളുമാണ്‌ രണ്ടാം സ്ഥാനത്ത്‌.

കോതമംഗലം മാര്‍ ബേസിലിന്റെ ജിജിന്‍ വിജയനും തലശ്ശേരി സായിയിലെ സി. രംഗിതയും മീറ്റിലെ വേഗതയേറിയ താരങ്ങളായി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്‌എസ്‌എസിലെ ജിജിന്‍ വിജയന്‍ ദേശീയ റെക്കോര്‍ഡ്‌ മറികടന്ന പ്രകടനുമായി 10.7 സെക്കന്റില്‍ ഫിനിഷ്‌ ചെയ്തും സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.23 സെക്കന്റില്‍ ഓടിയെത്തിയാണ്‌ രംഗിത ഒന്നാമതായത്‌. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ പാലക്കാട്‌ പറളി ഹൈസ്കൂളിലെ മുഹമ്മദ്‌ അഫ്സല്‍ ഇന്നലെ 1500 മീറ്ററിലും സ്വര്‍ണ്ണം നേടിയതോടെ ഇരട്ട സ്വര്‍ണ്ണം നേടുന്ന ആദ്യതാരമായി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്ററില്‍ പറളി ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ജു പി.എ. ഒന്നാമതെത്തി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ ഹൈസ്കൂളിലെ പി.വി. വിനിക്കാണ്‌ സ്വര്‍ണ്ണം.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നൂറ്‌ മീറ്ററില്‍ തൃശൂര്‍ സായിയിലെ അബ്ദുസമദാണ്‌ ഒന്നാം സ്ഥാനം. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ നല്ലളം യുപി സ്കൂളിലെ ചെമ്പാം സലിമുദ്ദീന്‍ ഒന്നാം സ്ഥാനം നേടി.

അഞ്ച്‌ റെക്കോര്‍ഡുകള്‍ക്ക്‌ ഇന്നലെ മേള സാക്ഷ്യം വഹിച്ചു. ഹൈജംപില്‍ സബ്‌ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലടി ഹൈസ്കൂളിലെ ഷംനാസ്‌ കെ 1.78 ചാടി പുതിയ റെക്കോര്‍ഡ്‌ കണ്ടെത്തി. കഴിഞ്ഞവര്‍ഷത്തെ റിജിന്‍ ജോസിന്റെ റെക്കോര്‍ഡാണ്‌ മറികടന്നത്‌. 1500 മീറ്ററില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സായ്‌ തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമി 4.05.81 സെക്കന്റില്‍ മീറ്റ്‌ റെക്കോര്‍ഡിട്ടു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ പൂവംമ്പായ എഎം ഹൈസ്കൂളിലെ ജെസ്സി ജോസഫ്‌ 4.42.85 സെക്കന്റോടെ മീറ്റ്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചു. 2007-ല്‍ ഡെസ്നി സണ്ണി 4.44.04 സെക്കന്റാണ്‌ മറികടന്നത്‌.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കല്ലടി ഹൈസ്കൂളിന്റെ ലിജോ മാണി 4.03.39 സെക്കന്റില്‍ റെക്കോര്‍ഡ്‌ നേടി. 2001ലെ ബിനീഷ്‌ സോമന്റെ 4.03.90 സെക്കന്റാണ്‌ മറികടന്നത്‌.

സ്വന്തം ലേഖകന്‍



Short URL: http://www.janmabhumidaily.com/jnb/?p=33608



Posted by admin on Dec 9 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011