തെരഞ്ഞെടുപ്പില്‍ കള്ളപ്പണം തടയാന്‍ പ്രത്യേക സ്ക്വാഡ്‌

ന്യൂദല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഉപയോഗം തടയാന്‍ 204 ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്ഥന്മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു.

ആദായനികുതി വകുപ്പിലെ അസിസ്റ്റന്റ്‌ കമ്മീഷണറുടെ പദവിയിലുള്ള 204 ഉദ്യോഗസ്ഥരാണ്‌ കള്ളപ്പണം തടയാനായി പ്രത്യേകമായി സംഘടിപ്പിക്കപ്പെട്ട ഫ്ലയിംഗ്‌ സ്ക്വാഡിലുള്ളത്‌. ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ്‌ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്‌. ഈ ഉദ്യോഗസ്ഥരെ ജനുവരി രണ്ടിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ദല്‍ഹിയിലേക്ക്‌ വിളിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ പ്രവര്‍ത്തനമേഖലകള്‍ നിശ്ചയിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ്‌ കമ്മീഷന്‍ ലക്ഷ്യമിടുന്നത്‌.

തെരഞ്ഞെടുപ്പില്‍ അവരുടെ ചുമതലയെക്കുറിച്ച്‌ ഈ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കും. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍മാരുമായും കേന്ദ്ര കമ്മീഷന്റെ ചെലവ്‌ വിഭാഗവുമായും ഇവര്‍ക്ക്‌ 24 മണിക്കൂറും ബന്ധപ്പെടാനാകും. തങ്ങളുടെ പ്രവര്‍ത്തന മേഖലയിലുള്ള പണത്തിന്റെ ഒഴുക്കിനെക്കുറിച്ച്‌ അതെത്ര വലുതോ ചെറുതോ നിയമപരമോ നിയമവിരുദ്ധമോ ആയാലും ഇവര്‍ കമ്മീഷന്‌ വിവരം നല്‍കണമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍മാര്‍ഗരേഖയുണ്ടെന്ന്‌ ഒരു ആദായനികുതി ഉദ്യോഗസ്ഥന്‍ അറിയിച്ചു. കള്ളപ്പണം തടയാനായി സ്ഥാനാര്‍ത്ഥികളോട്‌ തെരഞ്ഞെടുപ്പിന്‌ മാത്രമായി ബാങ്ക്‌ അക്കൗണ്ടുകള്‍ തുറക്കാനും എല്ലാ പണമിടപാടുകളും അതിലൂടെയാക്കാനും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ഹവാല ഏജന്റുമാരേയും സാമ്പത്തിക ഇടനിലക്കാരേയും ശ്രദ്ധിക്കാനും വിമാനത്താവളങ്ങളിലെ പണമിടപാടുകള്‍ നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എല്ലാ ആദായനികുതി വകുപ്പുതലവന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കൂടാതെ അനധികൃതമായി പണത്തിന്റെ ഉപയോഗമുണ്ടാകാതിരിക്കാന്‍ അണികളെ ആഹ്വാനം ചെയ്യണമെന്ന്‌ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും കമ്മീഷന്‍ കത്തെഴുതിയിരുന്നു.

ഫെബ്രുവരി നാലിനും 28 നും ഇടക്ക്‌ ഏഴ്‌ ഘട്ടങ്ങളിലായാണ്‌ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുക. എന്നാല്‍ പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ഒറ്റപ്രാവശ്യമായാണ്‌ തെരഞ്ഞെടുപ്പ്‌. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജനുവരി 30 നും മണിപ്പൂരില്‍ ജനുവരി 28 നും ഗോവയില്‍ മാര്‍ച്ച്‌ മൂന്നിനുമാണ്‌ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്‌.



Short URL: http://www.janmabhumidaily.com/jnb/?p=36356



Posted by admin on Dec 29 2011. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011