എന്‍ജിനീയറിങ്‌ പ്രവേശനം ഹൈക്കോടതി വിധിക്കു വിധേയം

കൊച്ചി: സംസ്ഥാനത്തെ എന്‍ജിനീയറിങ്‌ കോളേജ്‌ പ്രവേശനം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജിയുടെ അന്തിമ തീര്‍പ്പിന്‌ വിധേയമായിരിക്കുമെന്നു ഹൈക്കോടതി. പ്രവേശനപരീക്ഷയുടെ മാര്‍ക്കിനൊപ്പം യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനും തുല്യപരിഗണന നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്റെ നിര്‍ദ്ദേശം. എന്‍ജിനീയറിങ്‌ പ്രവേശനം തേടുന്ന കോഴിക്കോട്‌ സ്വദേശി നിഷാദ്‌ മുനീറിന്റെ മാതാവ്‌ ഷാഹിദ ്യ‍ൂനല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌.

എന്‍ജിനീയറിങ്‌, മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഇറക്കിയ പ്രോസ്പെക്ടസില്‍ എന്‍ജിനീയറിങ്ങിനു മാത്രം പ്രവേശന പരീക്ഷ മാര്‍ക്കിനൊപ്പം യോഗ്യതാപരീക്ഷയുടെ മാര്‍ക്കും കൂടി പരിഗണിക്കുമെന്ന്‌ വ്യവസ്ഥ ചെയ്തിരുന്നു. ഇത്‌ വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹര്‍ജിക്കാരി ആരോപിച്ചിരുന്നു. പുതിയ രീതിയനുസരിച്ച്‌ പ്ലസ്ടു കോഴ്സിന്‌ പുറമേ സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകളുടെ യോഗ്യതാ മാര്‍ക്കുകളാണ്‌ പരിഗണിക്കേണ്ടിവരുന്നത്‌. സിബിഎസ്‌ഇ ബോര്‍ഡില്‍ 70 ശതമാനം മാര്‍ക്ക്‌ തിയറിക്കും 30 ശതമാനം മാര്‍ക്ക്‌ പ്രാക്ടിക്കലിനുമാണ്‌. എന്നാല്‍, സ്റ്റേറ്റ്‌ സിലബസില്‍ തിയറിക്ക്‌ 60 ശതമാനവും പ്രാക്റ്റിക്കലിന്‌ 40 ശതമാനവും മാര്‍ക്ക്‌ വീതമാണ്‌ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. തിയറിയിലെ 60 ശതമാനത്തില്‍ 10 ശതമാനം സ്കൂള്‍ നടത്തുന്ന ഇന്റേണല്‍ അസസ്മെന്റിന്റെ അടിസ്ഥാനത്തിലാണ്‌ ലഭിക്കുന്നത്‌. ഇത്‌ ഓരോ ബോര്‍ഡിന്റെ പരീക്ഷകള്‍ക്കും വ്യത്യസ്തമായിരിക്കും. ഇന്റേണല്‍ അസസ്മെന്റിനും പ്രാക്ടിക്കിലനും കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കാന്‍ വേണ്ടി വഴിവിട്ട പ്രവര്‍ത്തനത്തിനും ഇത്‌ അവസരമൊരുക്കും.

വിവിധ പാഠ്യക്രമങ്ങളിലെ മാര്‍ക്ക്‌ ഏകീകരിക്കാന്‍ നോര്‍മലൈസേഷന്‍ ഫോര്‍മുലയുണ്ടെങ്കില്‍പ്പോലും എന്‍ജിനീയറിങ്‌ പ്രവേശനത്തിനു മാത്രം യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകൂടി പരിഗണിക്കുന്നത്‌ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ ലംഘനമാണെന്നതാണ്‌ ഹര്‍ജിക്കാരിയുടെ വാദം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന യോഗ്യത നിശ്ചയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്‌ അധികാരമില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ട്‌. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്‍ ഉത്തരവുകള്‍ക്ക്‌ വിരുദ്ധമാണ്‌ ഈ നടപടി. അതുകൊണ്ടുതന്നെ പ്രോസ്പെക്ടസിലെ അറിയിപ്പ്‌ റദ്ദാക്കുകയും അതുവരെ ഇത്‌ നടപ്പാക്കുന്നത്‌ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത്‌ എന്‍ജിനീയറിങ്‌ കോഴ്സുകളിലേക്കുള്ള പ്രവേശന ്യ‍ൂനടപടികള്‍ പ്രാരംഭ ഘട്ടത്തിലാണ്‌. പ്രവേശന പരീക്ഷാഫലം പുറത്തുവന്നിട്ട്‌ അധികനാളായില്ല. പ്രവേശന പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാര്‍ക്കുകള്‍ പരിശോധിച്ച്‌ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ അണിയറയില്‍ നടക്കുകയാണ്‌. അതിനിടെയുണ്ടായ കോടതിയുടെ ഈ നിര്‍ദ്ദേശം 34,000 വിദ്യാര്‍ഥികളെയാണ്‌ ബാധിക്കുന്നത്‌.

എന്‍ജിനീയറിംഗിനും മെഡിസിനും പ്രവേശന പരീക്ഷയെഴുതണമെങ്കില്‍ യോഗ്യത പരീക്ഷയുടെ സയന്‍സ്‌ വിഷയങ്ങള്‍ക്ക്‌ 50 ശതമാനം മാര്‍ക്ക്‌ ലഭിച്ചിരിക്കണം. നേരത്തേ പ്രവേശന പരീക്ഷയെഴുതുന്ന ഒരു വിദ്യാര്‍ഥിക്ക്‌ ആ പരീക്ഷയുടെ മാര്‍ക്ക്‌ മാത്രമേ നോക്കുമായിരുന്നുള്ളൂ. എന്നാല്‍, പുതിയ നിയമപ്രകാരം പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്‌ കിട്ടിയ ഒരാള്‍ക്ക്‌ യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്‌ മാത്രമേയുള്ളൂവെങ്കില്‍ പ്രവേശനം ലഭിക്കണമെന്നില്ല. സംസ്ഥാനത്തെ 34,000ഓളം വരുന്ന എന്‍ജിനീയറിങ്‌ സീറ്റുകളിലേക്ക്‌ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളെ കോടതിയുടെ ഈ ഇടക്കാല ഉത്തരവ്‌ വിപരീതമായി ബാധിക്കും.

-നിയമകാര്യ ലേഖകന്‍

Short URL: http://www.janmabhumidaily.com/jnb/?p=364



Posted by admin on Jun 16 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011