സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം – അറബ് ലീഗ്
ഡമാസ്കസ്: സിറിയയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബില്‍ അല്‍ അറബിയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. പ്രധാന പട്ടണങ്ങളില്‍ നിന്നു സിറിയന്‍ സൈന്യം പിന്‍വാങ്ങിയിട്ടുണ്ടെന്ന് നബില്‍ അല്‍ അറിയിച്ചു.
60ഓളം വരുന്ന അറബ് ലീഗ് സംഘം സിറിയയില്‍ സമാധാന ദൗത്യം തുടരുയാണ്. അതേസമയം പത്ത് ദിവസത്തെ ദൌത്യത്തിന് ശേഷം അറബ് ലീഗിലെ ഒരു സംഘം സിറിയയില്‍ നിന്നും ഈജിപ്റ്റിലേക്ക് മടങ്ങിയെത്തി. പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ നടപടികളില്‍ നിരാശരാണെന്നും അവര്‍ അക്രമപാതകളില്‍ തുടരുകയാണെന്നും നബില്‍ അല്‍ അറിയിച്ചു.
സിറിയയില്‍ കലാപങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിരീക്ഷണ സംഘത്തെ പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യം ആലോചനയിലാണെന്ന് അറബ് പാര്‍ലമെന്റ് ഉപദേശക സമിതിയംഗങ്ങള്‍ പറഞ്ഞു.അതിനിടെ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ സൈനിക ആക്രമണങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 20 പേര്‍ കൊല്ലപ്പെട്ടു. അറബ് ലീഗ് നിരീക്ഷക സംഘം ദൗത്യം ആരംഭിച്ച ശേഷം ഒരാഴ്ചയ്ക്കിടെ 390 പേര്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കലാപങ്ങളില്‍ ഇതുവരെ 5,000ത്തോളം പേര്‍ മരിച്ചെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
Short URL: http://www.janmabhumidaily.com/jnb/?p=36856