മൂന്നാം പരീക്ഷണം ഇന്നുമുതല്‍
പെര്‍ത്ത്: ടീം ഇന്ത്യ ഇന്ന് മൂന്നാം പരീക്ഷണത്തിന് ഇറങ്ങുന്നു. ഫാസ്റ്റ് ബൗളര്‍മാരെ മാത്രം തുണയ്ക്കുന്ന പിച്ചില്‍ തികഞ്ഞ ആത്മവിശ്വാത്തോടെയാണ് ഓസ്ട്രേലിയ ഒരുങ്ങിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സന്ദര്‍ശക ടീമിന് ഇക്കുറി വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍പോലും കഴിയില്ല. ഇന്ത്യന്‍ ടീമില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ കൊടികുത്തി വാഴുകയാണെന്നുപോലും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ടീമിനെ മാനസികമായി തളര്‍ത്തുന്ന നടപടികള്‍ കളത്തിനകത്തും പുറത്തും ഓസ്ട്രേലിയ കളിക്കുകയാണ്. സച്ചിന്റെ നൂറാം സെഞ്ച്വറിക്കായി ഇന്ത്യ കാത്തിരിക്കുമ്പോള്‍ ടീം ഇന്ത്യ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവാന്‍ അടിമുടി മാറ്റിയ തന്ത്രങ്ങളുമായ് ആണ് ധോണിയും കൂട്ടരും പെര്‍ത്തില്‍ കളത്തിലിറങ്ങുക.
പെര്‍ത്തില്‍ നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുമെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായ തീരുമാനമായിരിക്കുമെന്ന് ചില മുന്‍താരങ്ങള്‍വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പേസും ബൗണ്‍സും കൂടിയ പിച്ചില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര എങ്ങനെ പിടിച്ചുനില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ടെസ്റ്റിന്റെ ഭാവി നിലനില്‍ക്കുക. മികച്ച തുടക്കം ലഭിച്ചാല്‍ മാത്രമെ ഇന്ത്യയുടെ മധ്യനിര ഫോമിലേക്ക് എത്തുകയുള്ളു. തുടക്കത്തിലെ വിക്കറ്റ് വീഴ്ച്ച ഇന്ത്യയെ ചീട്ടുകൊട്ടാരംപോലെ തകര്‍ക്കും. ഇതാണ് ഓസ്ട്രേലിയയും ലക്ഷ്യമിടുന്നത്. പരിക്കേറ്റ പാറ്റിന്‍സണ്‍ മാത്രമാണ് ടീമിനൊപ്പം ഇല്ലാത്ത താരം. പീറ്റര്‍ സിഡിലും ഹില്‍ഫന്‍ഹോസും അടക്കമുള്ളവര്‍ തീപാറുന്ന പന്തുകള്‍കൊണ്ട് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും. ഇതിന് മുന്‍പ് പെര്‍ത്തില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് ടീം ഇന്ത്യ തയ്യാറെടുത്തിട്ടുള്ളത്.
ഗംഭീര്‍, സെവാഗ്, ദ്രാവിഡ്, സച്ചിന്‍, ലക്ഷ്മണ്‍ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇവരില്‍ ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടായാല്‍ ഇന്ത്യ മികച്ച സ്കോറിലെത്തും. മികച്ച സ്കോര്‍ നേടാനായാല്‍ ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹീര്‍ഖാന്‍ ഉള്‍പ്പെട്ട ബൗളിംഗ് നിരയ്ക്ക് കഴിയും. എല്ലാം കടലാസിലെ കണക്കുകള്‍ മാത്രമാണ്. ഫോമില്ലായ്മയില്‍നിന്നും ഫിനിക്സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേറ്റ ഓസ്ട്രേലിയന്‍ ടീം മാരകമായ മികവ് പുലര്‍ത്തുന്നു. പരമ്പര തൂത്തുവാരാനാണ് കംഗാരുപട ലക്ഷ്യമിട്ടിരിക്കുന്നത്. ടീം ഇന്ത്യയുടെ നാണക്കേട് ഒഴിയണമെങ്കില്‍ പ്രസ്താവനയല്ല പ്രകടനമാണ് വേണ്ടത്. ഇക്കാര്യം ഓരോതാരത്തിനും ബോധ്യപ്പെട്ട് കഴിഞ്ഞു. രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ ആത്മവിശ്വാസം ചോര്‍ന്ന അവസ്ഥയിലായി. ഫോമില്‍ തിരിച്ചെത്തേണ്ടത് ഭൂമിയിലെ ക്രിക്കറ്റ് ദൈവങ്ങള്‍ക്ക് അനിവാര്യമായ കാര്യമാണ്. മികച്ച പരിശീലനത്തിനൊടുവില്‍ പിഴവുകള്‍ ഒഴിവാക്കിയുള്ള തന്ത്രങ്ങളുമായ് ആണ് ധോണിയും കൂട്ടരും ഇന്ന് കളത്തിലിറങ്ങുക. മറുവശത്ത് തോല്‍ക്കാനാഗ്രഹമില്ലാത്ത ഓസ്ട്രേലിയയും കൂടി ആവുമ്പോള്‍ മൂന്നാം മത്സരം ജീവന്‍മരണ പോരാട്ടമായ് മാറുമെന്നതില്‍ സംശയമില്ല.
Short URL: http://www.janmabhumidaily.com/jnb/?p=38273