കോലഞ്ചേരിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തില്‍
കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സേവന- ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന 600ല്‍പരം നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥതയില്‍ നഴ്സുമാരുടെ സംഘടനയും മാനെജ്മെന്റും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്നപരിഹാരം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്കു കടന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സുമാര്‍ രാവിലെ ആശുപത്രിക്ക് മുന്നിലെ ഒ.പി ബോളോക്കിന് സമീപം കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.
രോഗികളുടെ പരിചരണത്തിന് ആവശ്യമായ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഗ്രേഡ് 2 നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പള സ്കെയില്‍ 13900-24040 ആണ് തുടക്കക്കാര്‍ക്ക് ക്ഷാമ ബത്തയും മറ്റ് ആനുകൂല്യങ്ങളമടക്കം 15,000 രൂപ വരെ കിട്ടും. എന്നാല്‍ സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം തുച്ഛമാണ്. കൂടാതെ അമിത ജോലി ഭാരവുമുണ്ട്.
വാര്‍ഡുകളില്‍ അഞ്ച് രോഗികള്‍ക്ക് ഒരു നഴ്‌സും തീവ്ര പരിചരണ വിഭാഗത്തില്‍ ഓരോ രോഗിക്ക് ഒരു നഴ്‌സും വേണമെന്നാണ് കണക്ക്. എന്നാല്‍ പലപ്പോഴും ഈ നിബന്ധനകള്‍ പാലിക്കപ്പെടാറില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന കൂലി പല ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് ഇവരുടെ പരാതി.
മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടില്‍ മലയാളി നഴ്‌സ് ബീന ബേബി തൊഴില്‍ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്‌തതിനെ തുടര്‍ന്നാണ് സമരങ്ങള്‍ ആരംഭിച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=40406