കൊച്ചി- ബംഗളൂരു വാതകപൈപ്പ് ലൈനിന് അനുമതിയില്ല

ന്യൂദല്‍ഹി: കൊച്ചി- ബംഗളൂരു വാതകപൈപ്പ് ലൈന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പദ്ധതി സംബന്ധിച്ചു കോടതിയിലുളള കേസിനെത്തുടര്‍ന്നാണു നടപടി. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നു ബംഗളൂരുവിലേക്കുളള വാതക പൈപ്പ് ലൈനിനാണ് അനുമതി നിഷേധിച്ചത്.

പാലക്കാട് വനമേഖലയിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. അഞ്ചു ഹെക്ടര്‍ വനഭൂമിയാണ് പൈപ്പ് ലൈന് ആവശ്യമായി വരുന്നത്. ഈ വനഭൂമി സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചതാണ്. ഇതു സംബന്ധിച്ച കേസാണ് കോടതിയുടെ പരിഗണനയിലുളളത്. ഇതു പരിഹരിച്ചാല്‍ മാത്രമേ പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കൂവെന്നു മന്ത്രാലയം വ്യക്തമാക്കി.

ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടു കൂടിയാണു വാതക പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളിലൂടെ കടന്നുപോവുന്ന പൈപ്പ്‌ലൈനിന്റെ നിര്‍മാണച്ചെലവ് 3263 കോടി രൂപയാണ്. 2012 ഡിസംബറോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനായിരുന്നു പദ്ധതി. കൊച്ചി പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നാണ് വാതകം വിതരണം ചെയ്യുക.

കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കുമുളള പൈപ്പ് ലൈന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി ജി.സി. ചതുര്‍വേദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി.

Short URL: http://www.janmabhumidaily.com/jnb/?p=40546



Posted by admin on Jan 29 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011