പ്രതിഷേധം തള്ളി തസ്ലീമയുടെ ആത്മകഥ പ്രകാശനം ചെയ്തു


കൊല്‍ക്കത്ത: മതമൗലികവാദികളുടെ പ്രതിഷേധത്തെ വകവെയ്ക്കാതെ വിവാദ ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്രീന്റെ ആത്മകഥയായ നിര്‍ബസാന്‍ കൊല്‍ക്കത്ത പുസ്കമേളയില്‍ പ്രകാശനം ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും തസ്ലീമയെ പിന്തുണയ്ക്കുന്നവരുടെയും സാന്നിധ്യത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ നബരുന്‍ ഭട്ടാചാര്യയാണ്‌ പുസ്തകപ്രകാശനം നിര്‍വഹിച്ചത്‌. ഡേ പബ്ലിക്കേഷന്‍സാണ്‌ പുസ്തകത്തിന്റെ പ്രസാധകര്‍.
കൊല്‍ക്കത്ത പുസ്തകമേളയില്‍ ചില തടസ്സങ്ങളുന്നയിച്ച്‌ മുസ്ലീം മതമൗലികവാദികള്‍ പ്രതിഷേധം ശക്തമാക്കിയതിനെത്തുടര്‍ന്ന്‌ നിര്‍ബസാന്റെ പ്രകാശനം നേരത്തെ റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചിരുന്നു. ചില മുസ്ലീം മതമൗലികവാദികളുടെ നിര്‍ബന്ധത്തിനു മുന്നില്‍ സംഘാടകരും പ്രസാധകരും വില്‍പനക്കാരും കീഴടങ്ങുകയാണെന്ന ആരോപണവും ശക്തമായി. ഇതിനെതിരെ ട്വിറ്ററിലൂടെ തസ്ലീമ ശക്തിയായി പ്രതികരിക്കുകയും ചെയ്തിരുന്നു.
കൊല്‍ക്കത്ത വികാരങ്ങള്‍ക്കടിമപ്പെട്ട നാടാണ്‌. തന്നെപ്പോലെയൊരു വ്യക്തിയുടെ പ്രഭാവം അവിടെ അസാധ്യമാണ്‌. തനിക്ക്‌ പശ്ചിമ ബംഗാളില്‍ പ്രവേശിക്കാനുള്ള അനുമതിപോലും നല്‍കുന്നില്ല. മതമൗലികവാദികളെ രാഷ്ട്രീയക്കാര്‍ പോലും പേടിക്കുന്ന നാട്ടില്‍ പുസ്തകപ്രകാശനം തടസ്സപ്പെട്ടതില്‍ താന്‍ അദ്ഭുതപ്പെടുന്നില്ലെന്നും നസ്രീന്‍ വ്യക്തമാക്കി. നാല്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കൊല്‍ക്കത്തയില്‍ നിന്നും പലായനം ചെയ്തതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ്‌ നിര്‍ബസാനില്‍ നസ്രീന്‍ വിവരിക്കുന്നത്‌.
2007 ലാണ്‌ തസ്ലീമയ്ക്ക്‌ തന്റെ പുസ്തകമായ ‘ദ്വിഖണ്ഡിതോ’യിലെ പരാമര്‍ശങ്ങളെത്തുടര്‍ന്ന്‌ കൊല്‍ക്കത്ത വിടേണ്ടിവന്നത്‌. എന്നാല്‍ അന്ന്‌ സിപിഎം സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ്‌ സംസ്ഥാനത്ത്‌ അധികാരത്തില്‍ വന്നെങ്കിലും തസ്ലീമയ്ക്ക്‌ ഇപ്പോഴും കൊല്‍ക്കത്തയില്‍ പ്രവേശിക്കാനാവാത്ത സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌.
മുസ്ലീം മതമൗലികവാദികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ കഴിഞ്ഞമാസം നടന്ന ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയ്ക്ക്‌ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിംഗും ഇക്കൂട്ടരുടെ നിര്‍ബന്ധത്തിനു വഴങ്ങി സംഘാടകര്‍ റദ്ദാക്കിയിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=40950



Posted by admin on Feb 2 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011