ഹാവൂ! രക്ഷപെട്ടു

മെല്‍ബണ്‍: ഏറെക്കാലത്തിന്‌ ശേഷം ടീം ഇന്ത്യ ഒരു മത്സരം ജയിച്ചു. ട്വന്റി 20 ക്രിക്കറ്റില്‍ ടീം ഇന്ത്യ എട്ട്‌ വിക്കറ്റിനാണ്‌ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്‌. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണ്‌ ഇത്‌. ഇതോടെ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പര 1-1ന്‌ സമനിലയില്‍ അവസാനിച്ചു.

ഓസ്ട്രേലിയ ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്ക്‌ മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ സെവാഗും ഗംഭീറും നല്‍കിയത്‌. സ്കോര്‍ ബോര്‍ഡില്‍ 43 റണ്‍സ്‌ ചേര്‍ത്താണ്‌ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പിരിഞ്ഞത്‌. 16 പന്തുകളില്‍ നിന്ന്‌ 23 റണ്‍സെടുത്ത സെവാഗ്‌ ആണ്‌ പുറത്തായത്‌.

പിന്നീട്‌ സെവാഗിന്‌ പകരമായെത്തിയ വിരാട്‌ കോഹ്ലിയുമായി ചേര്‍ന്ന്‌ ഗംഭീര്‍ ടീം ഇന്ത്യയുടെ സ്കോറിംഗ്‌ വേഗം കുറയാതെ സൂക്ഷിച്ചു. 97 റണ്‍സു വരെ ടീം ഇന്ത്യയെ എത്തിച്ചാണ്‌ വിരാട്‌ കോഹ്ലി മടങ്ങിയത്‌. 24 പന്തുകളില്‍ നിന്ന്‌ 31 റണ്‍സ്‌ എടുത്താണ്‌ കോഹ്ലി പുറത്തായത്‌. പിന്നീട്‌ നായകന്‍ ധോണി ഗംഭീറിന്‌ കൂട്ടായി ക്രീസിലെത്തി. പിന്നീട്‌ ഇരുവരും ചേര്‍ന്ന്‌ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ടീം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗംഭീര്‍ 56 റണ്‍സെടുത്ത്‌ മികവ്‌ കാട്ടിയപ്പോള്‍ ധോണി 21 റണ്‍സ്‌ എടുത്ത്‌ പുറത്താകാതെ നിന്നു.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 19.4 ഓവറില്‍ 131 റണ്‍സിന്‌ പുറത്താകുകയായിരുന്നു. ഓപ്പണര്‍മാരില്‍ വാര്‍ണര്‍ എട്ട്‌ റണ്‍സ്‌ മാത്രമെടുത്ത്‌ പുറത്തായി. ഫ്ലിച്ച്‌ 36 റണ്‍സെടുത്തു. വേഡ്‌ 32 റണ്‍സെടുത്തപ്പോള്‍ ഹസ്സി 24 റണ്‍സെടുത്തു. മറ്റുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക്‌ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

ഇന്ത്യക്ക്‌ വേണ്ടി പ്രവീണ്‍ കുമാറും രാഹുല്‍ ശര്‍മ്മയും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്ത്തി. വിനയ്‌ കുമാറും ജഡേജയും ഓരോ വിക്കറ്റും സ്വന്തമാക്കി.



Short URL: http://www.janmabhumidaily.com/jnb/?p=41252



Posted by admin on Feb 3 2012. Filed under CRICKET. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011