ലങ്കയ്ക്ക് ജയം
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ഉജ്വലവിജയം. ദിനേഷ് ചാന്‍ഡിമാലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ കുതിച്ച ശ്രീലങ്ക ആറുവിക്കറ്റുകള്‍ക്കാണ് ആതിഥേയരെ തകര്‍ത്തത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 2-1ന് മുന്നിലെത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 48.2. ഓവറില്‍ ലക്ഷ്യം മറികടന്നു.
അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മുന്നേറിയത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താനായെങ്കിലും കുക്കും പീറ്റേഴ്സണും ചേര്‍ന്ന ലങ്കന്‍ ഭീഷണി അവസാനിപ്പിച്ചു. കീസ്വറ്ററും (3), ട്രോട്ടുമാണ് (2), തുടക്കത്തിലേ പുറത്തായത്. കുക്കും പീറ്റേഴ്സണും ചേര്‍ന്ന് സ്കോര്‍ 79-ല്‍ എത്തിച്ചു. മെന്‍ഡിസാണ് ഈ കൂട്ടുകെട്ടിനെ പിരിച്ചത്. 41 റണ്‍സെടുത്ത പീറ്റേഴ്സണ്‍ രണ്‍ദീവിന് പിടിനല്‍കി. തുടര്‍ന്നെത്തിയ മോര്‍ഗന് തിളങ്ങാനായില്ല. 4 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത മോര്‍ഗനെയും മെന്‍ഡിസ് പുറത്താക്കി. എന്നാല്‍ ഇയാന്‍ ബെല്‍ ചെറുത്തുനിന്നു 30 റണ്‍സാണ് ബെല്‍കൂട്ടി ചേര്‍ത്തത്. അവസാനം ബ്രസ്നന്‍ നടത്തിയ ചെറുത്തു നില്‍പ്പും (26) ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 119 റണ്‍സാണ് അലിസ്റ്റര്‍ കുക്ക് നേടിയത്. സ്കോര്‍ 232-ല്‍ എത്തിയപ്പോള്‍ കുക്ക് റണ്ണൗട്ടാവുകയായിരുന്നു. ലങ്കക്കുവേണ്ടി മലിംഗയും ലക്മലും മെന്‍ഡിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്കക്ക് മഹേല -ചാന്‍ഡിമാല്‍ കൂട്ടുകെട്ടാണ് വിജയം സമ്മാനിച്ചത്. ദില്‍ഷന്‍ മൂന്ന് റണ്‍സുമായി പുറത്തായപ്പോള്‍ മഹേലയും ചാന്‍ഡിമാലും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടിനെ തുടക്കത്തിലേ പിരിക്കാന്‍ കഴിയാതെ പോയ ഇംഗ്ലണ്ട് തോല്‍വി വിലയ്ക്കു വാങ്ങുകയായിരുന്നു. സ്കോര്‍ 133-ല്‍ എത്തിയപ്പോള്‍ 79 റണ്‍സെടുത്ത മഹേല പുറത്തായി. 77 പന്തുകളില്‍നിന്നും ഒന്‍പതു ബൗണ്ടറികളുടെ കരുത്തിലാണ് മഹേല 79 റണ്‍സെടുത്തത്. സംഗക്കാര 25 റണ്‍സെടുത്തു. 105 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ചാന്‍ഡിമാലാണ് ലങ്കയ്ക്കു വിജയം നല്‍കിയത്. ചാന്‍ഡിമാലാണ് മാന്‍ ഓഫ് ദി മാച്ച്.
Short URL: http://www.janmabhumidaily.com/jnb/?p=4134