ദീനദയാല്‍ജി സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വം: ഒ.രാജഗോപാല്‍

കാഞ്ഞങ്ങാട്‌: പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായയുടെ ജീവിതം സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നുവെന്നും നമ്മുടെ നാടിന്റെ പുരാതന സംസ്കാരത്തിലധിഷ്ഠിതമായ ധര്‍മ്മരാജ്യമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിന്‌ ആധാരമെന്നും മുന്‍റെയില്‍വെ കേന്ദ്ര സഹമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കാഞ്ഞങ്ങാട്‌ സൗത്തില്‍ പുതുതായി നിര്‍മ്മിച്ച ദീനദയാല്‍ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗ്ഗത്തിനും ജാതിക്കും അതീതമായി സംസ്കാരത്തിനും മൂല്യങ്ങള്‍ക്കുമാണ്‌ അദ്ദേഹം പ്രാധാന്യം കൊടുത്തത്‌. ഭാരതീയ സംസ്കാരം ഉള്‍കൊള്ളുന്ന ഏവരേയും അദ്ദേഹം ഹിന്ദുവായി കണ്ടു. പ്രസംഗത്തേക്കാള്‍ ഉപരി പ്രവര്‍ത്തനത്തിന്‌ അദ്ദേഹം പ്രാധാന്യം നല്‍കി. കക്ഷി രാഷ്ട്രീയത്തിനതീതമായി ധര്‍മ്മരാജ്യം എന്ന വീക്ഷണമാണ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്‌. ധര്‍മ്മരാജ്യത്തിന്‌ അനുസൃതമായ സാംസ്കാരിക വീക്ഷണമുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കുന്നതിന്‌ അനുയോജ്യമായ ഒരു സാംസ്കാരിക കേന്ദ്രമാകണം ഇവിടെ വളര്‍ന്നുവരേണ്ടത്‌ എന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു.

ഭാരതീയ സംസ്കാരം വിശാലമാണ്‌. ലോകത്തിലുണ്ടായിരുന്ന 49 സംസ്കാരങ്ങളും തകര്‍ന്ന്‌ മണ്ണടിഞ്ഞപ്പോള്‍ അതിജീവിച്ചത്‌ ഭാരതീയ സംസ്കാരം മാത്രമാണ്‌. നമ്മുടെ സംസ്കാരത്തിന്റെ വിശാല വീക്ഷണവും സവിശേഷതയുമാണ്‌ അതിന്‌ കാരണം. വിശിഷ്ടമായ ഈ സംസ്കാരത്തെ ഉന്മൂല നാശം വരുത്താന്‍ ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതി അടക്കം പലതും നടപ്പില്‍ വരുത്തിയെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. സ്വാതന്ത്ര്യാനന്തരം നമ്മുടെ സംസ്കാരവും ധര്‍മ്മവും തിരിച്ചറിയാനുതകുന്ന ധാര്‍മ്മിക വിദ്യാഭ്യാസത്തിന്‌ സംവിധാനമില്ലാതെപോയതാണ്‌ നമ്മുടെ ഇടയിലെ സാംസ്കാരിക അധഃപതനത്തിന്‌ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദിനദയാല്‍ജിയുടെ ഫോട്ടോ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്‍ അനാച്ഛാദനം ചെയ്തു. പി.ദാമോദര പണിക്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്‌എസ്‌ വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ ടി.വി.ഭാസ്ക്കരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ സുരേഷ്‌ കുമാര്‍ ഷെട്ടി, ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട്‌ കെ.വിരാമകൃഷ്ണന്‍, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.വത്സലന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ആദ്യ കാല ജനസംഘം പ്രവര്‍ത്തകരായ അപ്പുണ്ണിനായര്‍, കുഞ്ഞിരാമന്‍ കെ.വി, കുഞ്ഞിരാമന്‍ പി, നാരായണന്‍, കെ. കുഞ്ഞമ്പു, വി.കെ. കുഞ്ഞിക്കണ്ണന്‍ പനങ്കാവ്‌, കുഞ്ഞമ്പു.എ, രാഘവന്‍ എ.വി, ആലാമി, എ. ഷണ്‍മുഖന്‍ എന്നിവരെയും വിമുക്ത ഭടന്മാരായ സുബേദാര്‍ കെ.പി.ബാലകൃഷ്ണന്‍, സുബേദാര്‍ എന്‍.ബാലകൃഷ്ണന്‍നായര്‍, ക്യാപ്റ്റന്‍ കെ.ദാമോദരന്‍, സുബേദാര്‍ എ.വി.വിജയന്‍നായര്‍, സുബേദാര്‍ മേജര്‍ വി.കെ.ബാലചന്ദ്രന്‍, സുബേദാര്‍ കെ.പി.പ്രഭാകരന്‍ നായര്‍, സുബേര്‍ദാര്‍ സി.വി.പ്രഭാകരന്‍, സുബേര്‍ദാര്‍ തുളസീദാസന്‍, സുബേര്‍ദാര്‍ ജോണ്‍, നായക്‌ പി.കെ.നാരായണന്‍, സുബേദാര്‍ പ്രകാശന്‍, സുബേര്‍ദാര്‍ രാജു കെ.വി, സി.കണ്ണന്‍ എന്നിവരെയും ചടങ്ങില്‍ ഒ.രാജഗോപാല്‍ ആദരിച്ചു. കൊവ്വല്‍ ദാമോദരന്‍ സ്വാഗതവും വി.നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പെരിയച്ചൂര്‍ സുകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണവും ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ കൊടവലം വേലായുധന്‍ ആശംസാ പ്രസംഗവും നടത്തി.


Short URL: http://www.janmabhumidaily.com/jnb/?p=42658



Posted by admin on Feb 13 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011