റെയ്ഡ് വിവരം ചോര്‍ത്തിയതില്‍ സി.ബി.ഡി.റ്റി അന്വേഷണം ആരംഭിച്ചു

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്യരാജാവ് ഗുര്‍ദീപ് ഛദ്ദയുടെ വസതികളും ഓഫിസും റെയ്ഡ് ചെയ്യാനുള്ള ആദായ നികുതി ഉദ്യോഗസ്ഥരുടെ നീക്കം ചോര്‍ത്തി നല്‍കിയതിനെക്കുറിച്ചു കേന്ദ്ര ബോര്‍ഡ് ഫോര്‍ ഡയറക്ട് ടാക്സ് (സി.ബി.ഡി.റ്റി) അന്വേഷണം ആരംഭിച്ചു.

ദല്‍ഹിയിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയോടു വളരെ അടുപ്പമുള്ള വ്യക്തിയാണു ഛദ്ദ. ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പതിനേഴു സ്ഥലങ്ങളിലാണു റെയ്ഡ് സംഘടിപ്പിച്ചത്. ഛദ്ദയുടെ ലോക്കറില്‍ നൂറു കോടി രൂപയുണ്ടെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. എന്നാല്‍ വസതിയില്‍ എത്തിയ ഇവര്‍ക്കു ലോക്കറില്‍ നിന്നു ലഭിച്ചതു നൂറു രൂപ നോട്ട് മാത്രമായിരുന്നു.

ഛദ്ദയുടെ ഒരു ദിവസത്തെ വരുമാനം 50 കോടി രൂപയാണ്. ഇതു പോലും ലോക്കറില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതില്‍ നിന്നു റെയ്ഡ് നടക്കുമെന്ന വിവരം ഛദ്ദയ്ക്കു നേരത്തേ ലഭിച്ചുവെന്നാണ്. രണ്ടു കോടി രൂപയും അഞ്ചു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് ആകെ കണ്ടെത്താന്‍ കഴിഞ്ഞത്. ഛദ്ദയുടെ ഓഫിസിലെ കംപ്യൂട്ടറുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു.

യു.പിയില്‍ എം.ആര്‍.പിയെക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ മദ്യം വില്‍ക്കുന്നത്. ഇതിന്റെ ലാഭം യുപിയിലെ രാഷ്ട്രീയക്കാര്‍ക്കു ലഭിക്കും. മായാവതി അധികാരത്തിലേറിയ ശേഷമാണു ഛദ്ദ വ്യവസായം വ്യാപിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ്, ഷുഗര്‍ ഫാക്ടറി, സിനിമ നിര്‍മാണം എന്നിവയായിരുന്നു പുതിയ ബിസിനസുകള്‍. സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഷുഗര്‍ മില്ലുകള്‍ നിസാര വിലയ്ക്കാണ് ഇയാള്‍ സ്വന്തമാക്കിയത്.

Short URL: http://www.janmabhumidaily.com/jnb/?p=43145



Posted by admin on Feb 16 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011