നാടകാഭിനയം അയവിറക്കി മലബാര്‍ ചാര്‍ലി ചാപ്ലിന്റെ മകന്‍

സി.കെ.ഗോപിനാഥന്‍ കാലം മറന്ന കലാകാരനല്ല അഭിനയ വേദികളില്‍ കഴിവ്‌ തെളിയിച്ച മഹാനടനാണ്‌. ആരാണീ ഗോപിനാഥന്‍ എന്നാവും. മലബാറിന്റെ ചാര്‍ളി ചാപ്ലിന്‍ എന്നറിയപ്പെട്ടിരുന്ന കാഞ്ഞങ്ങാട്ടുകാരന്‍ രസിക ശിരോമണി പി.കോമന്‍ നായരുടെ പുത്രന്‍, ഗോപിനാഥന്‍ വയസ്സ്‌ 74 ആയി. അഭിനയ വേദികളോടൊക്കെ വിട പറഞ്ഞ്‌ സ്വസ്ഥമായ ഗൃഹസ്ഥ ജീവിതം നയിക്കുന്നു. സര്‍ക്കാര്‍ പുരസ്കാരങ്ങളൊന്നും ഇദ്ദേഹത്തെ തേടി എത്തിയിട്ടില്ലെങ്കിലും സഹൃദയ കേരളം ഇദ്ദേഹത്തെ വേണ്ടുവോളം ആദരിച്ചിട്ടും അഭിനന്ദിച്ചിട്ടുമുണ്ട്‌.

ആറാം വയസ്സില്‍ ഭക്തപ്രഹ്ലാദ നാടകത്തിലെ പ്രഹ്ലാദനായി അരങ്ങത്ത്‌ എത്തിയതോടെയാണ്‌ അഭിനയജീവിതത്തിന്റെ തുടക്കം എന്ന്‌ പറയാം.അച്ഛന്‍ തന്നെയായിരുന്നു ഗുരു. രചനയും സംവിധാനവും എല്ലാം അച്ഛന്‍ തന്നെ. കാഞ്ഞങ്ങാട്‌ ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്കൂളിലായിരുന്നു നാടകവും പഠനവും. പഠനകാലത്ത്‌ വിദ്യാലയത്തിലെ കലാകാരന്മാരില്‍ പ്രമുഖനായിരുന്നു എന്നു മാത്രം പറഞ്ഞാല്‍ പോര അവിടെ അവതരിപ്പിക്കുന്ന നാടകങ്ങളിലെല്ലാം ഒരു കഥാപാത്രം ഗോപിനാഥിന്റെതായിരുന്നു.

പതിനാറാം വയസ്സില്‍ എടനീര്‍ മഠാധിപതിയില്‍ നിന്നും ലഭിച്ച പുരസ്കാരമായിരുന്നു നാടക ജീവിതത്തിലെ ആദ്യ സമ്മാനം. അന്ന്‌ നാടകങ്ങളുടെ കാലം.
തീയേറ്ററുകളൊന്നും ഇല്ല. സാംസ്കാരിക പരിപാടികളിലെല്ലാം പ്രമുഖസ്ഥാനം നാടകങ്ങള്‍ക്ക്‌. നാടകങ്ങള്‍ പഠിച്ച്‌ അവതരിപ്പിക്കുന്ന ക്ലബ്ബുകളും കലാവേദികളും യഥേഷ്ടം. നീലേശ്വരം ജനതാകലാസമിതി, കാഞ്ഞങ്ങാട്‌ നവോദയ നാടക സംഘം തുടങ്ങിയവക്കായിരുന്നു പ്രാമുഖ്യം. കാഞ്ഞങ്ങാട്‌ നവോദയയില്‍ അംഗമായിരുന്ന ഗോപിനാഥന്‍ പറയുന്നത്‌ എസ്‌എല്‍പുരം സദാനന്ദന്‍ രചിച്ച ഒരാള്‍കൂടി കള്ളനായി എന്ന നാടകം തന്നെ നൂറ്റി അറുപതോളം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്‌ എന്നാണ്‌.

തൃക്കരിപ്പൂരില്‍ ഒരു വേദി. എസ്‌എല്‍പുരം തന്നെയാണ്‌ പരിപാടികളുടെ ഉദ്ഘാടനം. അദ്ദേഹത്തിന്റെ തന്നെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തിലെ കോംഗ്കണി സ്വാമിയാണ്‌ ഗോപിനാഥന്‍. തെക്കന്‍ ഭാഗങ്ങളില്‍ എസ്‌എല്‍ പുരം തന്നെയാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്‌. അതുകൊണ്ട്‌ ചെറിയൊരു സംഭ്രമം. അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ തനിക്ക്‌ അഭിനയിക്കാനാവുമോ? കാരണമുണ്ട്‌, തെക്കന്‍ ഭാഗത്തുള്ള കോംഗ്കണി മലയാളവും വടക്കന്‍ കോംഗ്കണി മലയാളവും തമ്മില്‍ വളരെ അന്തരമുണ്ട്‌. നാടകം തുടങ്ങുന്നതിനുമുമ്പുതന്നെ എസ്‌ എല്‍ പുരത്തെ ചെന്നുകണ്ട്‌ അനുഗ്രഹമൊക്കെ വാങ്ങി. നാടകം കഴിഞ്ഞ്‌ എസ്‌എല്‍പുരം അണിയറയിലെത്തി. തന്നെ അഭിനന്ദിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞത്‌ നാടകരചനയില്‍ എന്റെ മനസ്സിലുണ്ടായിരുന്ന കഥാപാത്രത്തെയാണ്‌ നിങ്ങള്‍ രംഗത്തവതരിപ്പിച്ചത്‌ എന്നായിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമായി ഇതിനെ കാണുന്നു എന്നാണ്‌ ഗോപിനാഥന്‍ നായരുടെ അഭിപ്രായം.

മറ്റൊരു നാടകാനുഭവത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ. “1949 ല്‍ നടന്നതാണ്‌. അന്ന്‌ പരിപാടികള്‍ എന്ത്‌ നടന്നാലും കാഞ്ഞങ്ങാട്‌ ഭാഗത്ത്‌ രസികശിരോമണി കോമന്‍ നായരുടെ ഒരു ഹാസ്യ കലാപ്രകടനം അവസാനം ഉണ്ടാകും. കേരള പിറവിദിനത്തിന്‌ പല സ്ഥലങ്ങളിലും പരിപാടിക്ക്‌ വിളിച്ചു. അച്ഛന്‌ കോഴിക്കോടാണ്‌ പരിപാടി. അതില്‍ കേളപ്പജിയൊക്കെ പങ്കെടുക്കുന്നുണ്ട്‌. ഞാനും നാടകരംഗത്ത്‌ അറിയപ്പെടാന്‍ തുടങ്ങിയതോടെ കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ഒരു പരിപാടി ഏറ്റു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ പകരം പുരുഷന്മാര്‍ തന്നെ സ്ത്രീ വേഷം ധരിച്ച്‌ രംഗത്ത്‌ വന്നകാലം. കാഞ്ഞങ്ങാടുനിന്നും ഞാനും കായ്‌ കച്ചവടക്കാരനായ കോട്ടച്ചേരിയിലെ മാധവനും പുറപ്പെട്ടു. മാധവന്‌ സ്ത്രീ വേഷമാണ.്‌ ഷേവ്‌ ചെയ്യണം. കമ്പില്‍ എത്തി ഷേവിങ്ങിന്‌ ആകെ ഒരു ബാര്‍ബര്‍ ഷോപ്പ്‌ മാത്രമെ കാണാനുള്ളൂ. ഷോപ്പില്‍ കയറിയപ്പോള്‍ അത്‌ മുസ്ലിങ്ങള്‍ക്ക്‌ മാത്രം ബാര്‍ബറിങ്ങ്‌ നടത്തുന്ന ഷോപ്പാണെന്ന്‌ മനസ്സിലായ മാധവന്‍ തിരിച്ചിറങ്ങി. ഇവിടെ നിന്നും ഷേവിങ്ങ്‌ നടത്താന്‍ സാധിക്കില്ലെന്ന്‌ ഒരേ വാശി. താടിയും മീശയും വച്ച്‌ എങ്ങിനെ സ്ത്രീ വേഷം കെട്ടും ഞാന്‍ ധര്‍മ്മസങ്കടത്തിലായി. മാധവനാണെങ്കില്‍ സ്വയം ഷേവിങ്ങ്‌ ചെയ്യാനുമറിയില്ല. അവസാനം ഗത്യന്തരമില്ലാതെ എനിക്ക്‌ മാധവന്‌ ഷേവിങ്ങ്‌ ചെയ്തുകൊടുക്കേണ്ടിവന്നു.

പ്രശസ്ത കഥാകൃത്ത്‌ തിക്കോടിയന്‍, മഹാകവി അക്കിത്തം, മദിരാശി നിയമമന്ത്രിയായിരുന്ന കെ.മാധവ മേനോന്‍, മുന്‍ ആരോഗ്യമന്ത്രി എന്‍.കെ.ബാലകൃഷ്ണന്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭരില്‍ നിന്നും പുരസ്കാരങ്ങള്‍ വാങ്ങിയത്‌ ഗോപിനാഥന്‍ നായര്‍ ഓര്‍ക്കുന്നു. ഒരു കാലഘട്ടത്തില്‍ മലയാള സിനിമാലോകത്തെ ഹാസ്യകലാ സമ്രാട്ടായിരുന്ന ആലുംമൂടന്‍, മണവാളന്‍ ജോസഫ്‌ തുടങ്ങിയവരൊടൊപ്പം മാത്രമല്ല മാവേലിക്കര പൊന്നമ്മ, അമ്പലപ്പുഴരാജമ്മ തുടങ്ങിയ നടിമാരോടൊപ്പവും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്‌. പട്ടാഭിഷേകം, ഭൂമിയിലെ മാലാഖ, പ്രേതങ്ങളുടെ താഴ്‌വര തുടങ്ങി പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ മലബാറിലെ പ്രധാന നാടക ട്രൂപ്പുകളായിരുന്നു നീലേശ്വം ജനതാ കലാ സമിതി പ്രഭാത്‌, നവോദയ നാടക സംഘം തുടങ്ങിയവ. ഗോപി നാഥന്‍ നായര്‍ എല്ലാ നാടക ട്രൂപ്പുകളിലും അംഗമായിരുന്നു എന്നു മാത്രമല്ല നാടക ട്രൂപ്പിലെ ഹാസ്യ നടനായി അഭിനയിച്ചിരുന്നത്‌ അദ്ദേഹമായിരുന്നു.

പ്രശസ്തനായ അച്ഛനില്‍ നിന്നും പാരമ്പര്യമായി ലഭിച്ച അഭിനയ സിദ്ധി ഹാസ്യകലാ വൈഭവം ഇവ തന്നിലൂടെ നിലനിര്‍ത്തുക മാത്രമല്ല നാടകാഭിനയത്തിലൂടെ വളര്‍ത്തുകകൂടി ചെയ്ത ഇദ്ദേഹം വേദികളോട്‌ വിട പറഞ്ഞ്‌ വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും അഭിനയ കലയെക്കുറിച്ചും ഹാസ്യകലയെക്കുറിച്ചും പഠിക്കാനും അറിയാനും സമീപിക്കുന്നവര്‍ക്ക്‌ ഇന്നും ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ കാര്‍ത്ത്യായനി ഒരു ഉത്തമ കുടുംബിനിയായി കൂടെതന്നെയുണ്ട്‌. ബാലഗോപാലനും അഞ്ജലിയും മക്കളാണ്‌.

ഒരു കാലഘട്ടത്തില്‍ മലബാറിന്റെ രംഗകലയില്‍ നാടകരംഗത്തെ അതികായന്മാരില്‍ ഒരാളായിരുന്ന ഗോപിനാഥിന്‌ ഒരു ദുഃഖം മാത്രമാണ്‌ ഉള്ളത്്‌. ദശാബ്ദങ്ങളോളം നാടക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നിട്ടും ഒരു സര്‍ക്കാര്‍ പുരസ്കാരവും തന്നെത്തേടി വന്നിട്ടില്ലല്ലോ എന്ന വ്യഥ. എന്നാല്‍ ഇതില്‍ അദ്ദേഹം നിരാശനല്ല. തന്റെ പ്രതിഭയെ കണ്ടറിഞ്ഞ്‌ അനുമോദനങ്ങള്‍കൊണ്ട്‌ മൂടുകയും പുരസ്കാരങ്ങളും കീര്‍ത്തിമുദ്രകളും നല്‍കി ആദരിക്കുകയും ചെയ്ത ഒരുപാട്‌ പ്രസ്ഥാനങ്ങളും വ്യക്തികളുമുണ്ട്‌. അതിപ്പോഴും തുടരുകയും ചെയ്യുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഏതാനും ദിവസംമുമ്പ്‌ മാത്രമാണ്‌ സാംസ്കാരിക പരിഷത്ത്‌ പുരസ്കാരം നല്‍കി ആദരിച്ചതെന്ന്‌ അദ്ദേഹം എടുത്ത്‌ പറയുകകൂടി ചെയ്തു.

കെ. ഗോവിന്ദന്‍

Short URL: http://www.janmabhumidaily.com/jnb/?p=43582Posted by admin on Feb 18 2012. Filed under VAARADYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011