ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി നീട്ടി

കൊല്ലം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരുടെ പോലീസ്‌ കസ്റ്റഡി ഏഴ്‌ ദിവസത്തേക്ക്‌ കൂടി നീട്ടി. കസ്റ്റഡി കാലാവധി നീട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ്‌ കൊല്ലം ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ ടോണി തോമസ്‌ വര്‍ഗീസിന്റെ ഉത്തരവ്‌. നേരത്തെ അനുവദിച്ച മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്നാണിത്‌.

വന്‍ സുരക്ഷാ സന്നാഹത്തോടെയാണ്‌ വൈകിട്ടോടെ പ്രതികളായ ലാസ്തോറ മാര്‍ഷി മില്യാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവരെ കൊല്ലത്ത്‌ കൊണ്ടുവന്നത്‌. കൊലചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡി കാലാവധി നീട്ടിക്കിട്ടണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. അതേസമയം കപ്പലില്‍ പരിശോധന നടത്തുന്നത്‌ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യത്തിലാവണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതിനെത്തുടര്‍ന്ന്‌ കോടതി അംഗീകരിച്ചു.

അന്വേഷണം കൂടുതല്‍ സുതാര്യമാകുന്നതിന്‌ ഇറ്റാലിയന്‍ പ്രതിനിധികളുടെ സാന്നിധ്യം ഉപകരിക്കുമെന്നതിനാല്‍ അതില്‍ എതിര്‍പ്പില്ലെന്നായിരുന്നു സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മഞ്ജുള ഇട്ടിയുടെ വാദം. അതേസമയം അന്വേഷണ സംഘത്തോടൊപ്പം കപ്പലിലേക്ക്‌ പോകുന്ന ഇറ്റാലിയന്‍ പ്രതിനിധികള്‍ ആരെന്ന്‌ കോടതിയെ അറിയിച്ച്‌ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. അന്വേഷണത്തിലിടപെടാന്‍ ഈ പ്രതിനിധികള്‍ക്ക്‌ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ക്ക്‌ വേണ്ടി അഡ്വ.ബി. രാമന്‍പിള്ള, അഡ്വ. അഭിക്ഷിത്‌ സിംഗ്‌, അഡ്വ. സുനില്‍ മഹേശ്വരന്‍പിള്ള എന്നിവരാണ്‌ ഹാജരായത്‌. പ്രതികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്‌ വന്‍ സുരക്ഷാ സന്നാഹമാണ്‌ കോടതി വളപ്പില്‍ ഒരുക്കിയിരുന്നത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരായ തോംസണ്‍ ജേക്കബ്‌, ബി. കൃഷ്ണകുമാര്‍, സേവ്യര്‍, ബി. പ്രസന്നന്‍നായര്‍, എസ്‌.എസ്‌. ഫിറോസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമാന്‍ഡോകളടക്കം ഇരുനൂറ്റിയമ്പതോളം സായുധ പോലീസിനെയാണ്‌ സ്ഥലത്ത്‌ വിന്യസിച്ചിരുന്നത്‌.

ക്രൈം ഡിറ്റാച്ച്മെന്റ്‌ എസ്പി അജിത്കുമാര്‍, നീണ്ടകര സിഐ എ. ജയരാജ്‌ എന്നിവരാണ്‌ പ്രതികള്‍ക്കൊപ്പമെത്തിയത്‌. വിധിയെത്തുടര്‍ന്ന്‌ പ്രതികളെ കൊച്ചിയിലേക്ക്‌ തിരികെ കൊണ്ടുപോയി. കൊല്ലം നീണ്ടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്‌ സംഭവത്തില്‍ എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്‌.

സ്വന്തം ലേഖകന്‍



Short URL: http://www.janmabhumidaily.com/jnb/?p=44558



Posted by admin on Feb 23 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011