കടലിലെ വെടി: കൃഷ്ണ-തെര്‍സി ചര്‍ച്ച പരാജയപ്പെട്ടു

ന്യൂദല്‍ഹി: കടലിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജിയൂലിയൊ മരിയ തെര്‍സി സാന്റും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

വെടിവയ്പ്പു നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്നു തെര്‍സി ആവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. കേസന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്താണു സംഭവം നടന്നതെന്ന ഇറ്റലിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എസ്.എം. കൃഷ്ണ പ്രതികരിച്ചു.

ഇറ്റലിയുമായുളള ബന്ധം ഏറെ വിലമതിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുതാത്പര്യം പരിഗണിച്ചേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണയുടെ ക്ഷണം അനുസരിച്ചാണ് തെര്‍സി ഇന്ത്യയിലെത്തിയത്. മുന്‍‌കൂട്ടി നിഴ്ചയിച്ച കൂടിക്കാഴ്ചയാണെങ്കിലും ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം സങ്കീര്‍ണ നയതന്ത്രപ്രശ്നമായി മാറിയത് സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകളുണ്ടാവാത്ത വിധം വിഷയം കൈകാര്യം ചെയ്യാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം. തെര്‍സിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി ഇന്ത്യയിലെത്തിയിരുന്നു. വെടിവയ്പ് നടന്നത് രാജ്യാന്തര സമുദ്രമേഖലയിലാണെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഇറ്റലി ഇതുവരെ തയാറായിട്ടില്ല.

ദല്‍ഹിയിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ജിയൂലിയൊ തെര്‍സി പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തും. അറസ്റ്റിലായ നാവികരുടെ ബന്ധുക്കളും തെര്‍സിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഒമ്പതു മണിയോടെ ദല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ സ്വീകരിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=45369



Posted by admin on Feb 28 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011