ഇറ്റാലിയന്‍ പ്രതികള്‍ പൂജപ്പുര ജയിലില്‍; ഭക്ഷണം ഫൈവ്‌ സ്റ്റാര്‍


കൊല്ലം/തിരുവനന്തപുരം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരെ കൊല്ലം സി ജെ എം കോടതി പതിനാല്‌ ദിവസത്തേക്ക്‌ റിമാന്റു ചെയ്തു. പോലീസ്‌ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ്‌ സി ജെ എം എ.കെ.ഗോപകുമാറിന്റെ ഉത്തരവ്‌. വിധിയെത്തുടര്‍ന്ന്‌ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.
ഇന്നലെ വൈകിട്ട്‌ മൂന്ന്‌ മണിയോടെയാണ്‌ ഇറ്റാലിയന്‍ നാവികരായ ലസ്തോറ മാര്‍ഷി മില്യാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവരെ കോടതിയില്‍ കൊണ്ടുവന്നത്‌. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികള്‍ക്ക്‌ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഭക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇറ്റാലിയന്‍ പ്രതിനിധികളുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതനുസരിച്ച്‌ ദിവസവും രാവിലെ 10നും ഉച്ചയ്ക്ക്‌ ഒന്നിനുമിടയില്‍ ഒരു മണിക്കൂര്‍ നേരം ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ഇവര്‍ക്ക്‌ സംഭാഷണം നടത്താമെന്ന്‌ കോടതി പറഞ്ഞു.
പ്രതികളുടെ സുരക്ഷാപ്രശ്നം കണക്കിലെടുത്ത്‌ അവരെ എവിടെ പാര്‍പ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജയില്‍ എഡിജിപിക്ക്‌ അവകാശമുണ്ടെന്ന്‌ കോടതി പറഞ്ഞു. എറണാകുളത്തെ ദുര്‍ഗുണപരിഹാര പാഠശാലയിലോ കൊല്ലം പോലീസ്‌ ക്ലബ്ബിലോ ജുഡീഷ്യല്‍ കസ്റ്റഡി അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രോസിക്യൂഷനു വേണ്ടി കെ.ഒ.രാജുവും പ്രതികള്‍ക്ക്‌ വേണ്ടി സുപ്രീംകോടതിയില്‍ നിന്ന്‌ എത്തിയ അഡ്വ. സുനില്‍ ദത്തും ഹാജരായി.
അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വിപുലമായ സൗകര്യങ്ങളാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌. ആശുപത്രി വാര്‍ഡില്‍ രണ്ടു മുറികളുള്ള സെല്ലില്‍ ഒന്നിലാണ്‌ ഇറ്റാലിയന്‍ പ്രതികള്‍ക്കായി നല്‍കുക. മുന്‍മന്ത്രി ബാലകൃഷ്ണപിള്ള തടവുകാരനായി താമസിച്ചിരുന്ന മുറിയിലാകും ഇവരെ പാര്‍പ്പിക്കുക. ഇവര്‍ക്കു കാവലിനായി പ്രത്യേക ഗാര്‍ഡിനെ നിയോഗിക്കും. മാത്രമല്ല ഇറ്റാലിയന്‍ ഭക്ഷണം നക്ഷത്ര ഹോട്ടലില്‍ നിന്നും ഏര്‍പ്പാടാക്കിയിട്ടുമുണ്ട്‌. ഇവരുടെ സുരക്ഷയ്ക്കായി കൂടുതല്‍ സംവിധാനങ്ങളൊരുക്കുമെന്നാണറിയുന്നത്‌.

Short URL: http://www.janmabhumidaily.com/jnb/?p=46443



Posted by admin on Mar 5 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011