മലക്കം മറിഞ്ഞ്‌ ശെല്‍വരാജ്‌ ; യുഡിഎഫില്‍ ചേക്കേറാന്‍ ശ്രമം

തിരുവനന്തപുരം : യുഡിഎഫില്‍ ചേരുന്നത്‌ ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണെന്ന്‌ പറഞ്ഞ നെയ്യാറ്റിന്‍കര എം.എല്‍.എസ്ഥാനം രാജിവച്ച ആര്‍. ശെല്‍വരാജ്‌ മലക്കം മറിഞ്ഞു. കൂടെയുള്ള പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ യുഡിഎഫിലേക്ക്‌ പോകുന്നകാര്യം പരിഗണിക്കുമെന്നാണ്‌ ശെല്‍വരാജ്‌ പറയുന്നത്‌ . കൂടുതല്‍ ചര്‍ച്ചകളും ആലോചനയും നടത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക്‌ പോകില്ലെന്ന തന്റെ വ്യക്തിപരമായ നിലപാടാണ്‌ കഴിഞ്ഞ ദിവസം പറഞ്ഞത്‌. വ്യക്തിപരമായ നിലപാടിനോട്‌ ഒപ്പമുള്ള പ്രവര്‍ത്തകരെല്ലാം യോജിക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കാനാവില്ല. കൂടെയുള്ള പ്രവര്‍ത്തകരുടെ അഭിപ്രായത്തിനും താന്‍ പരിഗണന നല്‍കുമെന്നാണ്‌ ഇന്നലെ ശെല്‍വരാജ്‌ പറഞ്ഞത്‌. ശെല്‍വരാജിന്റെ രാജിക്ക്‌ പിന്നില്‍ യുഡിഎഫിന്റെ കുതന്ത്രമാണെന്ന സിപിഎം ആരോപണം ശരിവയ്ക്കുന്നതാണ്‌ ശെല്‍വരാജിന്റെ പുതിയ നിലപാട്‌. ഇരുമുന്നണികളും തൊട്ടുകൂടാത്തവരല്ല. എന്നാല്‍ ഒപ്പമുള്ള പ്രവര്‍ത്തകരുടെ വികാരമനുസരിച്ച്‌ തീരുമാനം കൈക്കൊള്ളും. തന്റെ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ടു യോജിക്കാവുന്നവരുമായി യോജിക്കും.
എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റേയും പ്രവര്‍ത്തനം യുഡിഎഫിനേക്കാള്‍ തരം താണതാണ്‌. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്‌ അക്കാര്യത്തില്‍ രാഷ്ട്രീയതീരുമാനമാണു വേണ്ടതെന്ന്‌ ശെല്‍വരാജ്‌ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പെന്ന വിഷയം ഇപ്പോള്‍ മനസിലില്ല. യുഡിഎഫില്‍ നിന്നും പിന്തുണ നല്‍കുക തുടങ്ങിയ നീക്കമുണ്ടായാല്‍ അത്‌ അന്ന്‌ പരിഗണിക്കുമെന്നും ശെല്‍വരാജ്‌ വ്യക്തമാക്കി..
ശെല്‍വരാജ്‌ യുഡിഎഫിലേക്ക്‌ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്‌.
ശെല്‍വരാജ്‌ യുഡിഎഫിലേക്ക്‌ വന്നാല്‍ എതിര്‍ക്കില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശെല്‍വരാജിന്റെ പേര്‌ പരാമര്‍ശിക്കാതെ യുഡിഎഫിന്‌ നെയ്യാറ്റിന്‍ കരയില്‍ സ്ഥാനാര്‍ഥിയുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ശെല്‍വരാജ്‌ വരുന്നത്‌ സ്വാഗതം ചെയ്യുമെന്ന്‌ യുഡിഎഫിലെ പല നേതാക്കളും സൂചിപ്പിച്ചത്‌. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 25 കോടി രൂപയുടെ മരാമത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ ഒറ്റയടിക്ക്‌ അംഗീകാരം നല്‍കിയത്‌. ശെല്‍വരാജിനെ സ്വാധീനിക്കുന്നതിന്റെ ഭാഗമെന്നായിരുന്നു സിപിഎം ആരോപണം.
കഴിഞ്ഞ ദിവസംവരെ പാര്‍ട്ടി യോഗങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുത്ത സെല്‍വരാജിന്‌ എംഎല്‍എസ്ഥാനമോ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വമോ രാജിവയ്ക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലായിരുന്നുവെന്നും സിപിഎം പറയുന്നു. കോടികള്‍ നല്‍കിയും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും ശെല്‍വരാജിനെ വിലയ്ക്കെടുക്കുകയായിരുന്നുവെന്നാണ്‌ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത്‌. വില്‍പ്പനക്ക്‌ വെച്ചിരിക്കുന്നവരാണോ സിപിഎം എംഎല്‍എമാര്‍ എന്ന ചോദ്യത്തിന്‌ പാര്‍ട്ടിനേതാക്കള്‍ക്ക്‌ മറുപടിയില്ല.

Short URL: http://www.janmabhumidaily.com/jnb/?p=47306



Posted by admin on Mar 10 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011