മാവോയിസ്റ്റുകള്‍ക്ക് മാവോയുടെ കൊച്ചുമകന്റെ വിമര്‍ശനം

ബീജിങ്: ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് ചൈനീസ് നേതാവ് അന്തരിച്ച മാവോ സെ തൂങ്ങിന്റെ കൊച്ചുമകന്‍ മാവോ സിങ് യുവിന്റെ വിമര്‍ശനം. മാവോ സെ തൂങ്ങിന്റെ ആശയങ്ങളെ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ മാവോയിസ്റ്റുകളും മാവോയുടെ ചിന്തകളും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ഉന്നത രാഷ്ട്രീയ ഉപദേശക സമിതിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ മാവോയിസ്റ്റുകളെ മാവോ സിങ് യു വിമര്‍ശിച്ചത്.

രാജ്യത്ത് അക്രമങ്ങള്‍ അഴിച്ചു വിടാനാണു മാവോയെ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ കൂട്ടുപിടിക്കുന്നത്. മാവോ തത്വശാസ്ത്രങ്ങളെ സമാധാനം, സ്ഥിരത, വികസനം എന്നിവയ്ക്കാണു പ്രയോജനപ്പെടുത്തേണ്ടത്. ഇതിലൂടെ സന്തുലിതമായ ലോകം കെട്ടിപ്പടുക്കണം. ഇതാണു പീപ്പിള്‍സ് വാര്‍ കൊണ്ടു മാവോ അര്‍ഥമാക്കുന്നത്.

കോളനിവാഴ്ചയ്ക്കെതിരേ പോരാടാനാണു മാവോ ആഹ്വാനം ചെയ്തത്. കോളനിവാഴ്ചയ്ക്കു ശേഷം ലോകത്ത് അക്രമോത്സുക സമരങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. നിലവിലെ ലോക സാഹചര്യങ്ങളില്‍ ഇതിനു പ്രസക്തിയില്ല. മാനുഷിക വികസനത്തിനും സമാധാനത്തിനും പുതിയ ലോകം കെട്ടിപ്പടുക്കുന്നതിനും ഈ ആശയങ്ങള്‍ ഉപയോഗിക്കണം. മാവോയുടെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടരുതെന്നും സിങ് യു പറഞ്ഞു.

ചൈനീസ് പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യിലെ പ്രായം കുറഞ്ഞ മേജര്‍ ജനറലാണ് സിങ് യു. മാവോ സെ തൂങ് തത്വങ്ങളില്‍ നിപുണനായ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ മുത്തച്ഛന്റെ ഇഷ്ട വിനോദങ്ങളായ സൈനിക സേവനവും നീന്തലും സിങ് യുവിനും പ്രിയങ്കരമാണ്.

മാവോയുടെ (ഭാര്യ യാങ് കെയ് ഹുയി) രണ്ടാമത്തെ മകന്‍ മാവോ ആന്‍ കിങ്ങാണു സിങ് യുവിന്റെ പിതാവ്.

Short URL: http://www.janmabhumidaily.com/jnb/?p=47366



Posted by admin on Mar 11 2012. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011