ജന. സിംഗിന്റെ വെളിപ്പെടുത്തല്‍: ആന്റണിയുടെ വിശദീകരണത്തില്‍ അവ്യക്തത

ന്യൂദല്‍ഹി: കോഴ വാഗ്ദാനത്തെക്കുറിച്ച്‌ ഔദ്യോഗികമായി പരാതി നല്‍കാന്‍ സിബിഐ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിനോട്‌ ആവശ്യപ്പെട്ടേക്കും. അതേസമയം വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ സിംഗ്‌ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഔദ്യോഗികമായി പരാതി കിട്ടിയ ശേഷമാകും അന്വേഷണ നടപടികള്‍ തുടങ്ങുകയെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പരാതിക്ക്‌ പുറമെ സ്വാധീനിക്കാനെത്തിയ ഇടനിലക്കാരനുമായി നടത്തിയ കൂടിക്കാഴ്ചയുടെ തീയതി, സാക്ഷികളുടെ പട്ടിക, മറ്റ്‌ അനുബന്ധ രേഖകള്‍ തുടങ്ങിയവയും അദ്ദേഹം നല്‍കേണ്ടിവരും. വിവാദമായ വിഷയത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ഒരു ‘റഫറന്‍സ്‌’ മാത്രമാണ്‌ പ്രതിരോധമന്ത്രാലയത്തില്‍നിന്ന്‌ സിബിഐക്ക്‌ കിട്ടിയിട്ടുള്ളതത്രെ. സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. നിലവാരം കുറഞ്ഞ പ്രതിരോധ വാഹനങ്ങള്‍ വാങ്ങാന്‍ ഇടനിലക്കാരന്‍ തനിക്ക്‌ 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ഇക്കാര്യം ആന്റണിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു ജനറല്‍ സിംഗിന്റെ വെളിപ്പെടുത്തല്‍.

കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിന്‌ കൈക്കൂലി വാഗ്ദാനം ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ആവശ്യമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ പ്രതിരോധമന്ത്രി എ.കെ.ആന്റണി പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ എന്തോ കാരണംകൊണ്ട്‌ തുടര്‍ന്ന്‌ അന്വേഷണമുണ്ടായില്ല.

എന്തുകൊണ്ടാണ്‌ കരസേനാ മേധാവി ഇത്തരമൊരു ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആവശ്യമായ നടപടിയെടുക്കാതിരുന്നത്‌ എന്ന ചോദ്യത്തിന്‌ തനിക്ക്‌ രേഖാമൂലമുള്ള പരാതി ലഭിച്ചില്ല എന്നായിരുന്നു എ.കെ.ആന്റണിയുടെ പ്രതികരണം. കരസേനാ മേധാവിയുടെ ആരോപണം മാധ്യമങ്ങളില്‍ കൂടിയാണ്‌ പുറത്തുവന്നത്‌. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടതും.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ആന്റണി രാജ്യസഭയില്‍ വ്യക്തമാക്കി. ആരെയും ഒഴിവാക്കില്ല. കുറ്റക്കാര്‍ എത്ര
ശക്തരാണെങ്കിലും നടപടി ഉറപ്പ്‌ വരുത്തുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. എന്റെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ എന്നെയും ശിക്ഷിക്കാം. ഏത്‌ ഭാഗത്തുനിന്ന്‌ പരാതി കിട്ടിയാലും അന്വേഷിച്ചിരുന്നു. എന്നാല്‍ ജനറല്‍ വി.കെ.സിംഗിന്റെ ആരോപണം സംബന്ധിച്ച്‌ ഒരു ഘട്ടത്തിലും തനിക്ക്‌ രേഖാമൂലം പരാതി ലഭിച്ചില്ലെന്ന്‌ ആന്റണി വ്യക്തമാക്കി.

പത്രവാര്‍ത്ത വായിച്ചയുടന്‍തന്നെ പ്രതിരോധ സെക്രട്ടറിയോട്‌ ആവശ്യമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടതിനാല്‍ അവര്‍ വിശദമായ അന്വേഷണം നടത്തും. അജ്ഞാതമായതാണെങ്കിലും ഒരു പരാതി രേഖാമൂലമാണെങ്കില്‍ അന്വേഷണത്തിന്‌ വിടുമായിരുന്നുവെന്നും ആന്റണി പറഞ്ഞു. പ്രതിരോധമന്ത്രിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ലെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സപ്തംബറില്‍ നടന്ന ഒരു സംഭവത്തില്‍ എന്തുകൊണ്ട്‌ ആന്റണിയോ കരസേനാ മേധാവിയോ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന്‌ ജെറ്റ്ലി ചോദിച്ചു. സംവിധാനം ശുദ്ധീകരിക്കുകയാണെങ്കില്‍ പ്രതിപക്ഷം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമെന്ന്‌ അരുണ്‍ ജെറ്റ്ലി പറഞ്ഞു.

ഇതിനിടെ, ജനറല്‍ വി.കെ.സിംഗിന്‌ താന്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിനെതിരെ റിട്ട. ലെഫ്‌. ജനറല്‍ തേജീന്ദര്‍ സിംഗ്‌ മാനനഷ്ടക്കേസിന്‌ ഒരുങ്ങുന്നു. തേജീന്ദര്‍ സിംഗ്‌ തന്നെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിച്ചുവെന്ന വെളിപ്പെടുത്തലിനെതിരെയാണ്‌ തേജീന്ദര്‍സിംഗ്‌ നിയമനടപടിക്കൊരുങ്ങുന്നത്‌.

വി.കെ.സിംഗ്‌ പറഞ്ഞ കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും തനിക്ക്‌ ഏതെങ്കിലും കമ്പനികളുമായി അവിശുദ്ധബന്ധം ഇല്ലെന്നും തേജീന്ദര്‍സിംഗ്‌ അവകാശപ്പെട്ടു. ദല്‍ഹി ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്‌ കോടതിയിലാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. തേജീന്ദര്‍ സിംഗ്‌ കൈക്കൂലിയുടെ കാര്യം സംസാരിച്ചുവെന്ന്‌ വി.കെ.സിംഗ്‌ പറഞ്ഞതായി പ്രതിരോധമന്ത്രി എ.കെ.ആന്റണിയും രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ്‌ തേജീന്ദര്‍സിംഗ്‌ മാനനഷ്ടക്കേസ്‌ നല്‍കിയത്‌.



Short URL: http://www.janmabhumidaily.com/jnb/?p=49165



Posted by admin on Mar 27 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011