ബി നിലവറ തുറക്കണമെന്ന് വിദഗ്ദ്ധ സമിതി
ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നു വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടു. ഇതു തുറന്ന ശേഷമേ പുതിയ നിലവറ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ കഴിയൂവെന്നും വിദഗ്ധ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഏപ്രില്‍ 18നു കേസ് വീണ്ടും പരിഗണിക്കും.
ക്ഷേത്ര സ്വത്തുക്കള്‍ സൂക്ഷിക്കാന്‍ പുതിയ നിലവറ നിര്‍മിക്കണമെന്നു നേരത്തേ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവറകളിലെ സംഭരണശേഷി അറിഞ്ഞാല്‍ മാത്രമേ പുതിയ നിലവറ നിര്‍മിക്കാന്‍ കഴിയൂ. ഇതു മനസിലാക്കണമെങ്കില്‍ ബി നിലവറ തുറക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
എന്നാല്‍ മറ്റ് നിലവറകളിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ബി നിലവറ തുറക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം ബി നിലവറതുറക്കുന്നത് രാജ കുടുംബം എതിര്‍ത്തു. ബി നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുള്ളത്. കോടതി ഈ കാര്യം പരിഗണിക്കേണ്ടതില്ലെന്നും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും രാജകുടുംബാഗങ്ങള്‍ കോടതിയില്‍ പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ മൂല്യനിര്‍ണയ സമിതി അംഗങ്ങള്‍ക്കെതിരേ പരാമര്‍ശമില്ലെന്നും സമിതി കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി മൂല്യനിര്‍ണ സമിതിയംഗങ്ങള്‍ക്കെതിരേ പരാതിയില്ലാത്തതിനാല്‍ നടപടി വേണ്ടെന്നും ഉത്തരവിട്ടു.
Short URL: http://www.janmabhumidaily.com/jnb/?p=49443