രാജ്യദ്രോഹം: ജന. സിംഗ്‌

ന്യൂദല്‍ഹി: രാജ്യത്തിന്റെ ദുര്‍ബലമായ പ്രതിരോധ സന്നാഹങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്ത്‌ ചോര്‍ന്നത്‌ കടുത്ത രാജ്യദ്രോഹനടപടിയായി കാണണമെന്ന്‌ കരസേനാ മേധാവി ജന.വി.കെ.സിംഗ്‌ ആവശ്യപ്പെട്ടു. കത്ത്‌ ചോര്‍ന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കര്‍ശനമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

കത്ത്‌ ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ നിര്‍ദ്ദേശം നല്‍കിയതിനിടെയാണ്‌ കരസേനാ മേധാവിയുടെ പ്രതികരണം. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടി നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രായ്ര‍്വ‍പശ്നം മുതല്‍ കോഴ വാഗ്ദാനം വരെയുള്ള വിഷയങ്ങളില്‍ വിവാദ നായകനായ ജന.സിംഗും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്‌.
“താന്‍ പ്രധാനമന്ത്രിക്കയച്ച കത്ത്‌ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക ആശയവിനിമയമാണ്‌. അത്‌ ചോര്‍ന്നത്‌ കടുത്ത രാജ്യദ്രോഹമായി കാണണം. തന്റെ യശസ്സിനെ താറടിക്കാന്‍ നടത്തുന്ന വിമര്‍ശനാത്മകമായ സമീപനങ്ങള്‍ അവസാനിപ്പിക്കണം.” സൈനിക ആസ്ഥാനത്തുനിന്ന്‌ പുറത്തിറക്കിയ ജനറല്‍ സിംഗിന്റെ പ്രസ്താവനയില്‍ പറഞ്ഞു. കരസേനാ മേധാവി ഇപ്പോള്‍ ജമ്മുകാശ്മീരില്‍ പര്യടനത്തിലാണ്‌.

ഇതേസമയം, ജനറല്‍ സിംഗ്‌ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായതിനാല്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു.

കരസേനാ മേധാവി പ്രധാനമന്ത്രിക്കയച്ച കത്ത്‌ ചോര്‍ന്നതും അന്വേഷണം ആവശ്യമുള്ള പ്രധാനപ്പെട്ട കാര്യമാണ്‌. എന്നാല്‍, ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്‌ പ്രധാനമന്ത്രിക്കുള്ള കത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പ്രശ്നത്തെ വഴിതിരിച്ചുവിടാനും ഒതുക്കാനും ശ്രമിക്കുന്നതിന്‌ പകരം അത ്പരിഹരിക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തേണ്ടതെന്ന്‌ പാര്‍ലമെന്റിന്‌ പുറത്ത്‌ അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു. കരസേനാ മേധാവിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്‌. ആയുധശേഖരങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവവും അലംഭാവവുമാണ്‌ ഇത്‌ വെളിപ്പെടുത്തുന്നത്‌. കത്ത്‌ ചോര്‍ന്ന കാര്യം പരാമര്‍ശിക്കവെ, സത്യം കണ്ടെത്താന്‍ അന്വേഷണം വേണമെന്നും വെങ്കയ്യ അഭിപ്രായപ്പെട്ടു.



Short URL: http://www.janmabhumidaily.com/jnb/?p=49488



Posted by admin on Mar 29 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011