ആവശ്യമുള്ളപ്പോള്‍ അമേരിക്കക്ക്‌ ബന്ധപ്പെടാമെന്ന്‌ സയീദ്‌


ഇസ്ലാമാബാദ്‌: പാക്‌ ഭീകരസംഘടനയായ ലഷ്കര്‍-ഇ- തൊയ്ബയുടെ സ്ഥാപകനും കൊടുംഭീകരനുമായ ഹഫീസ്‌ മുഹമ്മദ്‌ സയീദിന്റെ തലക്ക്‌ അമേരിക്ക 50 കോടി രൂപ വിലയിട്ടതിന്‌ സയീദിന്റെ മറുപടി. എപ്പോഴാണ്‌ തന്നെ വേണ്ടത്‌ അപ്പോള്‍ തന്നെ ബന്ധപ്പെടാനാണ്‌ സയീദ്‌ ഇന്നലെ പ്രാദേശിക ചാനലായ ജിയോ ടിവിയിലെ ചര്‍ച്ചയിലൂടെ പ്രതികരിച്ചത്‌. തന്റെ ജീവിതം സുതാര്യമാണെന്നും എപ്പോഴാണ്‌ തന്നെ ആവശ്യം അപ്പോള്‍ തന്നെ ബന്ധപ്പെട്ടാല്‍ മതിയെന്നും സയീദ്‌ പറഞ്ഞു. സയീദിന്‌ പുറമെ ഇറാഖിലെ അല്‍ ഖ്വയ്ദ നേതാവ്‌ അബു ദുമാ, മുല്ല ഒമര്‍, യാസിന്‍ അല്‍ സൂരി എന്ന എസഡിന്‍, അബ്ദുള്‍ അസീസ്‌ ഖലീല്‍ എന്നിവരുടെ തലക്കും അമേരിക്ക 50 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്‌ സയീദെന്നും നീതിക്കായുള്ള പാരിതോഷികം എന്ന പേരിലാണ്‌ കൊടുംഭീകരരുടെ തലക്ക്‌ അമേരിക്ക വിലയിട്ടിരിക്കുന്നതെന്നും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
അതേസമയം, അമേരിക്കന്‍ ഭരണകൂടം ഇന്ത്യന്‍ സ്വാധീനത്തെയാണ്‌ ശ്രദ്ധിക്കുന്നതെന്നും തനിക്കെതിരായുള്ള തീരുമാനം അവരുടെ മാത്രമല്ലെന്നും സയീദ്‌ പറഞ്ഞു. അഫ്ഗാനിലെ നാറ്റോ പാതകള്‍ തുറക്കുന്നതിനെതിരെ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ റാലിക്കെതിരായാണ്‌ അമേരിക്ക ഇത്തരത്തിലൊരു നടപടിക്ക്‌ തയ്യാറായതെന്ന്‌ സയീദ്‌ നേരത്തെ പറഞ്ഞിരുന്നു. തന്റെ തലക്ക്‌ വില പറയാന്‍ താന്‍ ഗുഹകളില്‍ ഒളിച്ചിരിക്കുകയല്ലെന്നും സയിദ്‌ വ്യക്തമാക്കി.
അതേസമയം, യുഎസ്‌ വാഗ്ദാനത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഭീകരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടാണെന്ന സന്ദേശം ലഷ്കര്‍ തൊയ്ബക്കും അതിന്റെ ആസൂത്രിതര്‍ക്കും നല്‍കുന്നതാണ്‌ യുഎസ്‌ പ്രഖ്യാപനമെന്നും വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ ഇന്നലെ പറഞ്ഞിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=50349



Posted by admin on Apr 4 2012. Filed under VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011