വിട്ടയക്കുന്ന മാവോയിസ്റ്റുകളുടെ പേരുകള്‍ ഒഡീഷ സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല


ഭുവനേശ്വര്‍: എട്ട്‌ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ മോചിതരാകുന്ന 27 പേരുടെ പേരുവിവരങ്ങള്‍ ഒഡീഷാ സര്‍ക്കാര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇവരെ മോചിതരാക്കുന്ന വിവരം ബുധനാഴ്ചയാണ്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ വ്യക്തമാക്കിയത്‌. മോചിതരാകുന്നവരുടെ പേരുവിവരങ്ങള്‍ ഇന്നലെ പുറത്തുവിടുമെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്‌.
എട്ട്‌ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ പേരുവിവരങ്ങള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിജെഡി എംഎല്‍എ ജിന ഹികാക, ഇറ്റാലിയന്‍ സ്വദേശി പൗലോ ബോസുസ്കോ എന്നിവരെ മോചിപ്പിക്കുന്നതിനുള്ള ഉപാധിയാണ്‌ ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്‌. സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാവോയിസ്റ്റുകളുടെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. തീരുമാനത്തില്‍ ഇതുവരെ മാവോയിസ്റ്റ്‌ സംഘടനകള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും എംഎല്‍എയെയും ഇറ്റാലിയന്‍ വിനോദസഞ്ചാരിയെയും മോചിപ്പിക്കുന്ന തരത്തിലുള്ള ഗുണകരമായ പ്രതികരണങ്ങള്‍ ലഭിക്കുമെന്നാണ്‌ ഒഡീഷ സര്‍ക്കാരിന്റെ പ്രതീക്ഷ.
ആന്ധ്രാ ഒഡീഷ ബോര്‍ഡര്‍ പ്രത്യേക മാവോയിസ്റ്റ്‌ സംഘടനയാണ്‌ ബിജെഡി എംഎല്‍എയെ തട്ടിക്കൊണ്ടുപോയതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന്‌ സര്‍ക്കാരിന്‌ നല്‍കിയ അവസാന ദിവസമായിരുന്നു ഇന്നലെ.
മാവോയിസ്റ്റ്‌ നേതാവ്‌ ശുഭശ്രീദാസ്‌ ഇയാളുടെ ഭാര്യയും മാവോയിസ്റ്റ്‌ നേതാവുമായ സഭ്യസാചി പാണ്ഡെ ഉള്‍പ്പെടെ ഏഴ്‌ പേരെ വിട്ടയച്ചാല്‍ മാത്രമേ ഇറ്റാലിയന്‍ പൗരന്‍ ബോസുസ്കോയെ മോചിപ്പിക്കുകയുള്ളൂവെന്ന്‌ മാവോയിസ്റ്റുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച്‌ 14 നാണ്‌ ഇറ്റലിക്കാരനായ പൗലോ ബോസുസ്കോ, ക്ലൗഡിയോ കൊളാഞ്ചലോ എന്നിവരെ ഒഡീഷയിലെ കന്ധമാലില്‍നിന്ന്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌. മാര്‍ച്ച്‌ 24 നാണ്‌ എംഎല്‍എ ഹിക്കാക്കയെ ബന്ദിയാക്കിയത്‌. മാര്‍ച്ച്‌ 25 ന്‌ ക്ലൗഡിയോ കൊളാഞ്ചലോയെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചിരുന്നു.
ബന്ദികളെ മോചിപ്പിക്കാന്‍ മാവോയിസ്റ്റ്‌ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ തടവുകാരെ വിട്ടയക്കാന്‍ ഒഡീഷാ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

Short URL: http://www.janmabhumidaily.com/jnb/?p=50482



Posted by admin on Apr 5 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011