റൈഡേഴ്സിനെതിരെ റോയല്‍സ്
ജയ്പൂര്‍: ഐപിഎല്‍ പൊടിപൂരത്തില്‍ ഇന്നും രണ്ടു മത്സരങ്ങള്‍. ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 8ന് പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ പൂനെ വാരിയേഴ്സ് കിംഗ്സ് ഇലവന്‍ പഞ്ചാബുമായി കൊമ്പു കോര്‍ക്കും.
ആദ്യ ജയം നല്‍കിയ ആത്മവിശ്വാസവുമായാണ് രാജസ്ഥാന്‍ റോയല്‍സ് രാജകീയ പടയോടത്തിനിറങ്ങുന്നത്. ആദ്യമത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 31 റണ്‍സിനാണ് റോയല്‍സ് പരാജയപ്പെടുത്തിയത്. മികച്ച ഫോം പുറത്തെടുത്ത അജിങ്ക്യ രഹാനെയാണ് ആദ്യ മത്സരത്തില്‍ റോയല്‍സിന് വിജയം സമ്മാനിച്ചത്.രണ്ടു റണ്‍സ് അകലെയാണ് രഹാനെയ്ക്ക് സെഞ്ച്വറി നഷ്ടമായിരുന്നത്. ഇന്നു നടക്കുന്ന മത്സരത്തിലും റോയല്‍സിന്റെ പ്രതീക്ഷ രഹാനെയില്‍ത്തന്നെയായിരിക്കും. പരിചയസമ്പന്നനായ രാഹുല്‍ ദ്രാവിഡ് നയിക്കുമ്പോള്‍ റോയല്‍സിന് ആത്മവിശ്വാസം വര്‍ദ്ധിക്കും. ബ്രാഡ് ഹോഡ്ജും ഒവെയിസ് ഷാഡ്ജും കെവന്‍ കൂപ്പറും ജോഹന്‍ ബോത്തയും റോയല്‍സിന് കരുത്തേകും. കഴിഞ്ഞ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ച കൂപ്പര്‍ ഇന്നത്തെ മത്സരത്തിലും തിളങ്ങുമെന്നാണ് പ്രതീക്ഷ.
ആദ്യ മത്സരത്തില്‍ ദയനീയ പരാജയം നേരിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച തിരിച്ചുവരവിനാണ് ഇന്ന് കളത്തിലിറങ്ങുക. ആദ്യ മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 8വിക്കറ്റിന് ആണ് നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്. മികച്ചതാരനിര കൊണ്ട് സമ്പുഷ്ടമായ കൊല്‍ക്കത്ത വിജയം മാത്രം മുന്നില്‍കണ്ടാവും കളത്തിലിറങ്ങുക. ബ്രാഡ് ഹാഡില്‍, ബ്രറ്റ്ലി, ജാക് കാലിസ്, മനോജ് തിവാരി, മാര്‍ക് ബൗച്ചര്‍, ഷക്കീബ് അല്‍ഹസന്‍,യൂസഫ് പഠാന്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ടീമിനെ ഗൗതം ഗംഭീറാകും നയിക്കുക. ഓള്‍ റൗണ്ടര്‍മാരും ബാറ്റ്സ്മാന്‍മാരും തീപ്പൊരി ചിതറുന്ന ബൗളര്‍മാരും അടങ്ങിയ കൊല്‍ക്കത്തയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഗ്രൗണ്ടിലാകും മറുപടി പറയുക. കടലാസിലെ മുന്‍തൂക്കം കളിക്കളത്തില്‍ ബാധകമാവില്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് റോയല്‍സ്.
രണ്ടാം മത്സരത്തില്‍ ആദ്യ ജയം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഗില്‍ക്രിസ്റ്റിന്റെ സംഘം ഉയിര്‍ത്തെഴുന്നേല്‍പിന് ഒരുങ്ങിക്കഴിഞ്ഞു. ക്യാപ്റ്റനായ ആദം ഗില്‍ക്രിസ്റ്റ് തന്നെയാണ് ടീമിന്റെ പ്രത്യേകത. വിദേശ താരങ്ങാളായ ഡേവിഡ് ഹസി, റെയാന്‍ ഹാരിസ്, റെയാന്‍ മക്ലാറന്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ കിംഗ്സിനു പ്രതീക്ഷ നല്‍കുന്നു. ദിനേശ് കാര്‍ത്തിക്, അഭിഷേക് നായര്‍, പോള്‍ വാല്‍ത്താട്ടി പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പഞ്ചാബിന് കരുത്താവും. എന്നാല്‍ മറുവശത്ത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങുന്ന പൂനെയ്ക്ക് സാദ്ധ്യതകളെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അല്‍ഫോണ്‍സോ തോമസ്, ഫെല്‍ഗൂസണ്‍, ഫോര്‍ക്നള്‍, ജറോം ടെയ്‌ലര്‍, ജസി റെയ്ഡര്‍, മിച്ചല്‍ മാര്‍ഷ്, വെയ്ന്‍ പാര്‍ണല്‍ എന്നിവര്‍ ദാദയ്ക്ക് ആത്മവിശ്വാമേകും. രാഹുല്‍ ശര്‍മ്മ, റോബിന്‍ ഉത്തപ്പ, തുടങ്ങിയ താരങ്ങളും പൂനെയുടെ നിരയിലാണ്. ആദ്യ മത്സരത്തില്‍ ശക്തരായ മുംബൈയെ മറിച്ചിട്ടതിന്റെ ആഹ്ലാദത്തിലും ആവേശത്തിലും ഇറങ്ങുന്ന വാരിയേഴ്സ് പഞ്ചാബിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.
Short URL: http://www.janmabhumidaily.com/jnb/?p=50606