വിജേണ്ടര്‍ മൂന്നാം ഒളിമ്പിക്സിന്

അസ്താന(കസാഖ്സ്താന്‍): 2008ലെ ബീജിംഗ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യയുടെ വിരേണ്ടര്‍ സിംഗ് ഈ വര്‍ഷത്തെ ലണ്ടന്‍ ഒളിമ്പിക്സിലും മാറ്റുരയ്ക്കും. ഇതോടെ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകള്‍ക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ എന്ന ബഹുമതി വിജേണ്ടര്‍ സിംഗിന് സ്വന്തമായി. അസ്താനയില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്‍റില്‍ 75 കിലോ വിഭാഗത്തില്‍ സെമിയില്‍ കടന്നതോടെയാണ് വിജേണ്ടര്‍ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്. ഇതോടെ ലണ്ടനിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബോക്സറായി വിജേണ്ടര്‍. നേരത്തേ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തി ദേവേന്ദ്രൊ സിങ്(49), ജയ് ഭഗവാന്‍ (60), മനോജ് കുമാര്‍ (64), വികാസ് കൃഷ്ണന്‍(69) എന്നിവര്‍ യോഗ്യത ഉറപ്പിച്ചിരുന്നു.
ക്വാര്‍ട്ടറില്‍ മംഗോളിയയുടെ ചുല്ലുന്‍തുമുര്‍ തുമുര്‍ഖുയാഗിനെ കീഴടക്കിയാണ് വിജേണ്ടര്‍ സെമിയില്‍ പ്രവേശിച്ചത്. (27-17). ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ വട്ടത്തില്‍ തോല്‍വി പിണഞ്ഞതിനെത്തുടര്‍ന്നാണ് വിജേണ്ടറിന് യോഗ്യതാ ടൂര്‍ണമെന്‍റില്‍ പോരാടേണ്ടി വന്നത്. ആദ്യ ഘട്ടത്തില്‍ ബൈ ലഭിച്ച മുന്‍ ലോക ഒന്നാം നമ്പര്‍ പ്രീക്വാര്‍ട്ടറില്‍ സിറിയയുടെ ഇഷ്ഹാക് വയെസിനെയാണ് മറികടന്നത്.
ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ഏക ഇന്ത്യക്കാരനായ വിജേണ്ടര്‍ 2004ലെ ആതന്‍സ് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. ചൈനയിലെ ഗുവാങ്ങ്ഷുവില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വിജേണ്ടര്‍ സ്വര്‍ണ്ണം നേടിയിരുന്നു. എന്നാല്‍ 56 കിലോ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവ് സുരഞ്ചോയ് സിങ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. മംഗോളിയയുടെ തുസ്തോഗത് ന്യാംബയാറാണ് ക്വാര്‍ട്ടറില്‍ മണിപ്പുരി ബോക്സറെ വീഴ്ത്തിയത്.
Short URL: http://www.janmabhumidaily.com/jnb/?p=50971