മാവോയിസ്റ്റുകളെ മോചിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂദല്‍ഹി: ഒഡീഷാ എംഎല്‍എ ജിന ഹിക്കാക്കയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ മോചിപ്പിക്കുന്നതിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയെ സമീപിച്ചു. മേജര്‍ ജനറല്‍ ഗങ്ഗുര്‍ദീപ്‌ ബക്ഷിയാണ്‌ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന്‌ ഒഡീഷാ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതിനു പിന്നാലെയാണ്‌ ഇത്തരത്തില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായി. ഇന്ന്‌ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം, ഒഡീഷാ എംഎല്‍എ ജിനാഹിക്കാക്കയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാവോയിസ്റ്റുകളുടെ അന്ത്യശാസനം ഇന്നലെ അവസാനിച്ചു. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയക്കാമെന്നും ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ എംഎല്‍എയെ വിട്ടുനല്‍കുമെന്നുതന്നെയാണ്‌ അധികൃതരുടെ പ്രതീക്ഷ.

സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസം അറിയിച്ചിട്ടും മാവോയിസ്റ്റുകള്‍ പ്രതികരിച്ചിരുന്നില്ല. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയക്കുന്നതിനും ജാമ്യത്തിനുമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിനുശേഷം എംഎല്‍എയെ വിട്ടയക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
എംഎല്‍എയുടെ കുടുംബത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ പുതിയ തീരുമാനം അറിഞ്ഞതിനുശേഷം മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസം സന്ദേശം അയച്ചിരുന്നു. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളില്‍ സര്‍ക്കാര്‍ മോചിപ്പിക്കുന്നവരുടെ കാര്യത്തില്‍ വ്യക്തമായ നിലപാട്‌ സര്‍ക്കാരിനുണ്ടാകണമെന്നും സന്ദേശത്തിലൂടെ മാവോയിസ്റ്റുകള്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ച്മണിവരെയാണ്‌ മാവോയിസ്റ്റുകള്‍ അന്ത്യശാസനം നല്‍കിയിരുന്നത്‌.
മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ ഗൗരവതരമായി കാണുമെന്ന്‌ പഞ്ചായത്തിരാജ്‌ സെക്രട്ടറി പി.കെ. ജെനാ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

വാസി മുലിയ ആദിവാസി സംഘയിലെ 17 അംഗങ്ങളും മാവോയിസ്റ്റിലെ എട്ട്‌ അംഗങ്ങളും ഉള്‍പ്പെടെ 25 പേരെ മോചിപ്പിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍മോചിതരാകുന്നവരുടെ കാര്യത്തില്‍ വ്യക്തത വരുന്നതിന്‌ 25 പേരുടെയും പേരുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോരാപുട്‌ ജില്ലാ കളക്ടര്‍ ജെ.എസ്‌. രാമചന്ദ്രയും ചീഫ്‌ സെക്രട്ടറി ബി.കെ. പട്നായിക്കുമായി ഹിക്കാക്ക കഴിഞ്ഞ ദിവസം ഫോണിലൂടെ സംസാരിക്കുകയും താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന്‌ അറിയിക്കുകയും ചെയ്തത്‌ ശുഭസൂചനയാണെന്നും അധികൃതര്‍ അറിയിച്ചു. കോരാപുട്‌ എംപി ജയറാം പങ്കിയും എംഎല്‍എയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഒഡീഷാ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പുതിയ തീരുമാനത്തില്‍ മാവോയിസ്റ്റുകളുടെ പ്രതികരണം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍. മാവോയിസ്റ്റുകളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട്‌ നടപടികള്‍ എടുത്തതിന്റെ ഭാഗമായി ചില തടവുപുള്ളികള്‍ക്ക്‌ ജാമ്യം അനുവദിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുത്ത പശ്ചാത്തലത്തില്‍ തന്റെ ഭര്‍ത്താവിനെ വിട്ടയക്കുമെന്നുതന്നെയാണ്‌ പ്രതീക്ഷയെന്ന്‌ എംഎല്‍എയുടെ ഭാര്യ കൗസല്യ അറിയിച്ചു.

മാര്‍ച്ച്‌ 24 ന്‌ ലക്സംപൂരില്‍നിന്നാണ്‌ ബിജെഡി എംഎല്‍എ ജിന ഹിക്കാക്കയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌.

Short URL: http://www.janmabhumidaily.com/jnb/?p=52205



Posted by admin on Apr 18 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011