ഡെക്കാന്‌ പരാജയ പരമ്പര


കട്ടക്ക്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ കഷ്ടകാലം വിട്ടൊഴിയുന്നില്ല. തുടച്ചയായ അഞ്ചാം പരാജയവും ഏറ്റുവാങ്ങിയ ഡെക്കാന്‌ ഇതുവരെ അഞ്ചാം സീസണില്‍ ഒരു ആശ്വാസജയം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനോട്‌ അഞ്ച്‌ വിക്കറ്റിന്റെ പരാജയമാണ്‌ ഡെക്കാന്‍ ഏറ്റുവാങ്ങിയത്‌. മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ ഡെക്കാന്‍ ഉയര്‍ത്തിയ 126 റണ്‍സ്‌ ഒരു ഓവര്‍ അവശേഷിക്കെയാണ്‌ കൊല്‍ക്കത്ത മറികടന്നത്‌. സ്കോര്‍: ഡെക്കാന്‍ ചാര്‍ജേഴ്സ്‌ 20 ഓവറില്‍ 7 വിക്കറ്റിന്‌ 126 റണ്‍സ്‌. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌: 19 ഓവറില്‍ 5 വിക്കറ്റിന്‌ 127. ഡെക്കാന്‌ വേണ്ടി ശിഖര്‍ ധവാന്‍ 50 റണ്‍സ്‌ നേടിയപ്പോള്‍ കൊല്‍ക്കത്തക്ക്‌ വേണ്ടി ഗംഭീര്‍ (30), മനോജ്‌ തിവാരി (30 നോട്ടൗട്ട്‌) എന്നിവരാണ്‌ മികച്ച പ്രകടനം നടത്തിയത്‌. കൊല്‍ക്കത്തയുടെ ഫാസ്റ്റ്‌ ബൗളര്‍ ബ്രറ്റ്‌ ലീയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.
ടോസ്‌ നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ ഡെക്കാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അവര്‍ക്ക്‌ വേണ്ടി ഓപ്പണര്‍മാരായ കുമാര്‍ സംഗക്കാരയും ശിഖര്‍ ധവാനും ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 37 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ നേടിയത്‌. 12 റണ്‍സെടുത്ത സംഗക്കാരയെ ബാലാജി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ ധവാനും പാര്‍ത്ഥിവ്‌ പട്ടേലും ചേര്‍ന്ന്‌ സ്കോര്‍ 11.3 ഓവറില്‍ 81 റണ്‍സില്‍ എത്തിച്ചു. 19 പന്തില്‍ നിന്ന്‌ 23 റണ്‍സെടുത്ത പട്ടേലിനെ ഭാട്ടിയയുടെ പന്തില്‍ ദാസ്‌ പിടിച്ച്‌ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞു. തുടര്‍ന്നെത്തിയ കാമറൂണ്‍ വൈറ്റിന്‌ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്കോര്‍ 95-ല്‍ നില്‍ക്കേ 9 പന്തില്‍ നിന്ന്‌ 10 റണ്‍സെടുത്ത വൈറ്റിനെ ലീയുടെ പന്തില്‍ ദാസ്‌ പിടിച്ച്‌ പുറത്താക്കി. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്ത്‌ വന്നിരുന്ന ധവാനും മടങ്ങി. 50 പന്തില്‍ നിന്ന്‌ 50 റണ്‍സെടുത്ത ധവാനെ ഭാട്ടിയയുടെ പന്തില്‍ ദാസ്‌ പിടിച്ചാണ്‌ പുറത്താക്കിയത്‌. പിന്നീടെത്തിയവരില്‍ ജാഗി മൂന്ന്‌ റണ്‍സെടുത്തും അങ്കിത്‌ ശര്‍മ്മ ബാലാജി ഒരു റണ്‍സെടുത്തും സ്റ്റെയിന്‍ 7 റണ്‍സെടുത്തും പുറത്തായി. ജെ.പി. ഡുമ്നി 16 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്ക്‌ വേണ്ടി നരെയ്നും ബാലാജിയും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.
127 റണ്‍സെന്ന ദുര്‍ബലമായ ലക്ഷ്യത്തെ പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക്‌ തുടക്കത്തില്‍ തിരിച്ചടിയേറ്റു. സ്കോര്‍ 16-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത മക്കുല്ലം വീണു. സ്റ്റെയിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ മക്കുല്ലം മടങ്ങിയത്‌. സ്കോര്‍ 44-ല്‍ ബിസ്ലയും (10) പുറത്തായി. അമിത്‌ മിശ്രയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ്‌ ബിസ്ല മടങ്ങിയത്‌. സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ 28 പന്തില്‍ നിന്ന്‌ 30 റണ്‍സെടുത്ത നായകന്‍ ഗംഭീറും പുറത്തായി. ഏറെ വൈകാതെ യൂസഫ്‌ പഠാനും പുറത്തായതോടെ കൊല്‍ക്കത്ത തകര്‍ച്ചയെ നേരിട്ടു. 6 റണ്‍സെടുത്ത പഠാനെ അങ്കിത്‌ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ കല്ലിസും മനോജ്‌ തിവാരിയും ചേര്‍ന്നാണ്‌ കൊല്‍ക്കത്തയെ വിജയത്തിലേക്ക്‌ നയിച്ചത്‌. എന്നാല്‍ സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ കല്ലിസും മടങ്ങി. 23 റണ്‍സെടുത്ത കല്ലിസിനെ സ്റ്റെയിന്റെ പന്തില്‍ പാര്‍ത്ഥിവ്‌ പട്ടേല്‍ പിടികൂടുകയായിരുന്നു. പിന്നീട്‌ മനോജ്‌ തിവാരി (30 നോട്ടൗട്ട്‌) ദേവബ്രത ദാസിനെ (9നോട്ടൗട്ട്‌) കൂട്ടുപിടിച്ച്‌ കൊല്‍ക്കത്തയെ വിജയത്തിലേക്ക്‌ നയിച്ചു. ഡെക്കാന്‌ വേണ്ടി സ്റ്റെയിന്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്ത്തി. ഈ വിജയത്തോടെ 7 മത്സരങ്ങളില്‍ നിന്ന്‌ നാല്‌ വിജയവും മൂന്ന്‌ പരാജയവുമടക്കം 8 പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

Short URL: http://www.janmabhumidaily.com/jnb/?p=53064



Posted by admin on Apr 23 2012. Filed under CRICKET, KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011