പാമോയില്‍ കേസ്: ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍
തൃശൂര്‍: പാമോയില്‍ കേസില്‍ തുടരന്വേഷണത്തിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തൃശുര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേസില്‍ കക്ഷി ചേരുന്നതിനായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും എറണാകുളം സ്വദേശി അഞ്ജുവും നല്‍കിയ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തു. ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ ഇത് കേള്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ് എസ്.പി വി.എന്‍. ശശിധരന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വി.എസും അല്‍ഫോണ്‍സ് കണ്ണന്താനവും വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ഇരുവരുടെയും ഹര്‍ജി സ്വീകരിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിക്കെതിരെ പാമോലിന്‍ കേസിലെ രണ്ടാം പ്രതിയായ ടി.എച്ച്. മുസ്തഫയും കോടതിയെ സമീപിച്ചിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=53162