ആഭ്യന്തര മന്ത്രി ഇറ്റാലിയന്‍ നാവികരെ കാണാന്‍ വിസമ്മതിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍‌ട്രല്‍ ജയില്‍ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ നാവികരെ കാണാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിസമ്മതിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് തുടരുമെന്ന് മന്ത്രി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു.

ജയിലിലെ ആശുപത്രി ബ്ലോക്കിന് സമീപമാണ് ഇറ്റാലിയന്‍ നാവികരും മുന്‍ ഐ.ജി ലക്ഷ്മണയും കഴിയുന്നത്. മന്ത്രിയുടെ വരവും കാത്ത് നാവിക വേഷം അണിഞ്ഞ് ഇറ്റാലിയന്‍ നാവികര്‍ നിന്നു. എന്നാല്‍ ഇറ്റാലി നാവികരെ കണ്ടതോടെ മന്ത്രി തിരിഞ്ഞ് നടന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ നാവികരുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല. ഐ.ജി ലക്ഷ്മണയാകട്ടെ മുറി വിട്ട് പുറത്തു വന്നതുമില്ല.

ഇറ്റാലിയന്‍ നവികര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ കാണുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ജയിലില്‍ മന്ത്രിയെത്തുന്ന കാര്യം ജയില്‍ അധികൃതര്‍ നേരത്തേ തന്നെ തടവുകാരെ അറിയിച്ചിരുന്നു. ഓരോ ബ്ലോക്കും സന്ദര്‍ശിച്ച മന്ത്രി തടവുകാരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിച്ചു.

പരോള്‍ ലഭിക്കാത്തത് സംബന്ധിച്ചായിരുന്നു പലരുടെയും പരാതി. കാലാവധി കഴിഞ്ഞിട്ടും വിട്ടയയ്ക്കാത്തവരുമുണ്ട്. 75 വയസു കഴിഞ്ഞ എട്ടു പേരെയും രോഗികളായ 18 പേരെയും വിട്ടയയ്ക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=53439



Posted by admin on Apr 26 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011