ജിന ഹികാകയെ വിട്ടയച്ചു

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഒഡീഷ എംഎല്‍എ ജിന ഹികാകയെ വിട്ടയച്ചു. ഭാര്യ കൗസല്യ, അഭിഭാഷകന്‍ നിഹാര്‍ പട്നായിക്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ എംഎല്‍എയെ വിട്ടയച്ചത്‌. നാരായണ്‍ പാട്നയിലെ ബാലിപെട്ടയില്‍വെച്ചാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവോയിസ്റ്റുകള്‍ നല്‍കിയ അന്ത്യശാസനം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന്‌ ജിന ഹികാകയെ ബുധനാഴ്ച പ്രജാകോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയുടെ തീരുമാന പ്രകാരമാണ്‌ അദ്ദേഹത്തെ ഇന്നലെ മോചിപ്പിച്ചത്‌. മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത പക്ഷം എംഎല്‍എ സ്ഥാനം രാജിവെക്കാമെന്ന്‌ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌ ഹികാകയെ മോചിപ്പിക്കുവാനുള്ള തീരുമാനം മാവോയിസ്റ്റുകള്‍ കൈക്കൊണ്ടത്‌.

കഴിഞ്ഞമാസം 24 നാണ്‌ കെരാപുട്‌ ജില്ലയില്‍നിന്ന്‌ ജിനയെ തട്ടിക്കൊണ്ടുപോയത്‌. അദ്ദേഹത്തെ വിട്ടയക്കുന്നതിന്‌ ചാസിമുലിയ ആദിവാസി സംഘ്‌ ഉള്‍പ്പെടെ 29 പേരെ വിട്ടയക്കണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. 25 പേരെ വിട്ടയക്കാമെന്ന്‌ ഒഡീഷാ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയെങ്കിലും മാവോയിസ്റ്റുകള്‍ ഈ തീരുമാനം എതിര്‍ക്കുകയാണ്‌ ചെയ്തത്‌.

എംഎല്‍എയെ വിട്ടയക്കുന്നതു സംബന്ധിച്ച്‌ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ ഒഡീഷാ ബോര്‍ഡര്‍ കമ്മറ്റിയുടെ പ്രധാന നേതാക്കള്‍ ആരുംതന്നെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്നലെ മാവോയിസ്റ്റ്‌ നേതാവ്‌ അരുണ മാധ്യമങ്ങള്‍ക്ക്‌ ഓഡിയോ സന്ദേശം അയച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത പക്ഷം എംഎല്‍എ സ്ഥാനം രാജിവെക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതിനാലാണ്‌ എംഎല്‍എയെ വിട്ടയക്കുന്നത്‌ സംബന്ധിച്ച തീരുമാനം തങ്ങള്‍ എടുത്തതെന്ന്‌ ഓഡിയോ ടേപ്പില്‍ പറയുന്നു.

മാവോയിസ്റ്റുകള്‍ മോചിപ്പിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ച എംഎല്‍എ ജനകീയ കോടതിയുടെ തീരുമാനങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം മാവോയിസ്റ്റുകള്‍ തന്നെ നല്ല രീതിയിലാണ്‌ പരിചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയതിനുശേഷം മൂന്ന്‌ തവണ അവര്‍ തന്നെ സ്ഥലം മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Short URL: http://www.janmabhumidaily.com/jnb/?p=53481



Posted by admin on Apr 26 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011