സൂപ്പറാവാന്‍ ചെന്നൈ റോയല്‍ വിജയത്തിന്‌ ബാംഗ്ലൂര്‍

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന്‌ നടക്കുന്ന പോരാട്ടങ്ങളില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെയും (വൈകിട്ട്‌ നാലിന്‌) കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയും നേരിടും.

എട്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ നാല്‌ വിജയവും മൂന്ന്‌ പരാജയവുമടക്കം 9 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്‌. പഞ്ചാബ്‌ എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ മൂന്ന്‌ വിജയവും അഞ്ച്‌ പരാജയവുമടക്കം 6 പോയിന്റുമായി എട്ടാം സ്ഥാനത്താണ്‌. ചെന്നൈയുടെ എട്ടാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ലീഗില്‍ മുന്നേറ്റം തുടരാന്‍ ഇരു ടീമുകള്‍ക്കും വിജയവഴിയില്‍ത്തന്നെ സഞ്ചരിക്കേണ്ടതുണ്ട്‌. അതിനാല്‍ ഇന്നത്തെ മത്സരം തീപാറുമെന്ന്‌ ഉറപ്പാണ്‌. ഇരു ടീമുകളും മികച്ചതാരനിരകൊണ്ട്‌ അനുഗൃഹീതമാണ്‌. ക്യാപ്റ്റന്‍ ധോണിതന്നെയാണ്‌ ചെന്നൈയുടെ കരുത്ത്‌. സുബ്രഹ്മണ്യം ബദരിനാഥ്‌, റെയ്ന, ഡു പ്ലസിസ്‌ തുടങ്ങിയവര്‍ ചെന്നൈയുടെ ബാറ്റിംഗ്‌ കരുത്താണ്‌. ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഡ്വയിന്‍ ബ്രാവോ, ധോണി തുടങ്ങിയവര്‍ ഏത്‌ മത്സരത്തെയും മാറ്റിമറിക്കാന്‍ ശേഷിയുള്ളവരുമാണ്‌.

പരിക്കേറ്റ ഗില്‍ക്രിസ്റ്റ്‌ ഇന്ന്‌ കളിക്കുമോ എന്ന കാര്യം ഉറപ്പില്ലാത്തതാണ്‌ പഞ്ചാബിന്റെ ഏറ്റവും വലിയ പ്രശ്നം. ഡേവിഡ്‌ ഹസിയും ഷോണ്‍ മാര്‍ഷും മാത്രമാണ്‌ ഇതുവരെ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നിട്ടുള്ളത്‌. ഐപിഎല്‍ നാലാം പതിപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ പോള്‍ വാല്‍താട്ടിക്ക്‌ ഈ സീസണില്‍ ഇതുവരെ മികച്ച പ്രകടനം നടത്താനായിട്ടില്ല എന്നതാണ്‌ പഞ്ചാബിനെ കുഴക്കുന്നത്‌. പ്രവീണ്‍കുമാര്‍ നയിക്കുന്ന ബൗളിംഗ്‌ നിരയ്ക്ക്‌ മൂര്‍ച്ച പോരാ എന്നതാണ്‌ പഞ്ചാബിനെ അലട്ടുന്ന പ്രശ്നം. എന്നാല്‍ പിയൂഷ്‌ ചൗള, ഭാര്‍ഗവ്‌ ഭട്ട്‌ തുടങ്ങിവരടങ്ങിയ സ്പിന്‍ നിരയ്ക്ക്‌ എതിര്‍ടീമിന്റെ റണ്ണൊഴുക്ക്‌ കുറയ്ക്കാനായാല്‍ പഞ്ചാബ്‌ ഉയര്‍ത്തെഴുന്നേല്‍ക്കും. ഓള്‍റൗണ്ട്‌ മികവ്‌ ഒന്നുകൊണ്ട്‌ മാത്രമേ പഞ്ചാബിന്‌ ലീഗില്‍ പിടിച്ചുനില്‍ക്കാനാവൂ.

ഇന്ന്‌ രാത്രി എട്ടിന്‌ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാമത്തെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ്‌ എതിരാളികള്‍. എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ ജയവും മൂന്ന്‌ പരാജയവുമടക്കം 9 പോയിന്റുമായി നാലാം സ്ഥാനത്താണ്‌ റോയല്‍. ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള കഴിഞ്ഞ മത്സരം മഴമൂലം ഒലിച്ചുപോയിരുന്നു. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ്‌ വെട്ടോറിയുടെ ടീം ഇന്ന്‌ ഗംഭീറിന്റെ കൊല്‍ക്കത്തക്കെതിരെ കച്ചമുറുക്കുന്നത്‌. മറുവശത്ത്‌ കൊല്‍ക്കത്തയാകട്ടെ പോയിന്റ്‌ നിലയില്‍ രണ്ടാം സ്ഥാനത്താണ്‌. എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ വിജയവും മൂന്ന്‌ പരാജയവുമടക്കം 9 പോയിന്റാണ്‌ അവര്‍ക്കുള്ളത്‌. ഒരു മത്സരം ഉപേക്ഷിച്ചു. ഏപ്രില്‍ 10ന്‌ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനെ 42 റണ്‍സിന്‌ പരാജയപ്പെടുത്തിയിരുന്നു. ഈ പരാജയത്തിന്‌ പകരം വീട്ടാനുറപ്പിച്ചുതന്നെയാകും ഇന്ന്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ ഇറങ്ങുക.

ബാറ്റിങ്ങാണ്‌ ബാംഗ്ലൂരിന്റെ കരുത്ത്‌. ഓപ്പണിങ്ങില്‍ ദില്‍ഷനും ഗെയിലും ഫോമിലേക്കുയര്‍ന്നാല്‍ എതിരാളികള്‍ എത്ര വലിയ സ്കോര്‍ പടുത്തുയര്‍ത്തിയാലും രക്ഷയില്ലാത്ത അവസ്ഥയാണ്‌. ഇവര്‍ക്ക്‌ പിന്നിലായി വിരാട്‌ കോഹ്ലി, ഡിവില്ലിയേഴ്സ്‌, സൗരഭ്‌ തിവാരി തുടങ്ങിയവര്‍ മികച്ച ഫോമിലാണെന്നത്‌ ബാംഗ്ലൂരിന്‌ വിജയപ്രതീക്ഷ നല്‍കുന്നു. മികവുറ്റ ടീംതന്നെയാണ്‌ ബാംഗ്ലൂര്‍. സഹീര്‍ ഖാന്‍ നേതൃത്വം നല്‍കുന്ന ബൗളിങ്ങ്‌ നിരയും മികച്ച ഫോമിലാണെന്നത്‌ വെട്ടോറിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്‌.

ഓള്‍ റൗണ്ടര്‍മാരുടെ മികവിലാണ്‌ കൊല്‍ക്കത്ത വിശ്വസിക്കുന്നത്‌. ജാക്‌ കല്ലിസ്‌, യൂസഫ്‌ പഠാന്‍, ഷക്കീബ്‌ അല്‍ ഹസന്‍ തുടങ്ങിയ താരങ്ങള്‍ക്ക്‌ ഏതുമത്സരത്തെയും മാറ്റിമറിക്കാന്‍ ശേഷിയുണ്ട്‌. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാന്ത്രിക പ്രകടനങ്ങള്‍ നടത്തുന്ന ഈ ഓള്‍റൗണ്ടര്‍മാര്‍ നൈറ്റ്‌ റൈഡേഴ്സിന്റെ മുതല്‍കൂട്ടുതന്നെയാണ്‌. ബ്രണ്ടന്‍ മക്കല്ലം, ഗൗതം ഗംഭീര്‍, മനോജ്‌ തിവാരി തുടങ്ങിയവര്‍ ഏത്‌ സമ്മര്‍ദ്ദങ്ങളിലും മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിവുള്ള താരങ്ങളുമാണ്‌. മികച്ച സ്കോര്‍ കണ്ടെത്താനും വന്‍ ടോട്ടലിനെ പിന്‍തുടരാനും ഈ നിരയ്ക്ക്‌ കഴിയുമെന്നാണ്‌ ആരാധകര്‍ വിശ്വസിക്കുന്നത്‌. ബ്രെറ്റ്ലീയുടെ നേതൃത്വത്തിലുള്ള ബൗളിംഗ്‌ നിര ഏത്‌ പിച്ചിലും തീപ്പൊരി ചിതറും. ലക്ഷ്മിപതി ബാലാജി ബ്രെറ്റ്ലീക്ക്‌ മികച്ച പിന്തുണയാണ്‌ നല്‍കുന്നത്‌.


Short URL: http://www.janmabhumidaily.com/jnb/?p=53633



Posted by admin on Apr 27 2012. Filed under CRICKET. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011