ഇന്ധനവില കൂട്ടേണ്ടിവരും – പ്രധാനമന്ത്രി

ഭതീന്ദ (പഞ്ചാബ്‌): ഇന്ധനവില ഉയര്‍ത്തേണ്ടി വരുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യാന്തര വിപണിയിലെ ഉയര്‍ന്ന ഇന്ധനവില ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പഞ്ചാബില്‍ ഗുരു ഗോബിന്ദ് സിങ് റിഫൈനറി രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഊര്‍ജ്ജരംഗത്ത്‌ ഇന്ത്യ കനത്ത വെല്ലുവിളിയാണ്‌ നേരിടുന്നത്. അതിനാല്‍ത്തന്നെ ആഗോള വിപണിയിലെ വിലയ്ക്ക്‌ അനുസൃതമായി രാജ്യത്തെ ഇന്ധനവില ക്രമീകരിക്കേണ്ടത്‌ അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എണ്ണ കമ്പനികള്‍ ഇപ്പോള്‍ നഷ്ടം സഹിച്ചാണ്‌ പെട്രോളും ഡീസലും വില്‍ക്കുന്നത്‌. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്ന്‌ എണ്ണ കമ്പനികള്‍ ഭീഷണി മുഴക്കുന്നുണ്ട്‌. രാജ്യത്തെ അസംസ്കൃത എണ്ണയുടെയും പാചക വാതകത്തിന്‍റെയും ഉത്പാദനം ഇപ്പോഴത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്നതല്ല. ഇവയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണിപ്പോള്‍.

ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ധനവില യുക്തി സഹമാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്കു മിതമായ നിരക്കില്‍ ഇന്ധനം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് സര്‍ക്കാരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും ഉരുക്കു വ്യവസായി ലക്ഷ്മി.എന്‍. മിത്തലും സംയുക്തമായാണു ഗുരു ഗോബിന്ദ് റിഫൈനറി ആരംഭിക്കുന്നത്. രാജ്യത്തെ എണ്ണ ശുദ്ധീകരണ മേഖലയില്‍ മറ്റൊരു കാല്‍വയ്‌പാണ്‌ ഭതീന്ദയിലേത്‌. 20,000 കോടി രൂപ മുടക്കി സ്ഥാപിച്ച ഗുരു ഗോബിന്ദ്‌ എണ്ണ ശുദ്ധീകരണ ശാല പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയാണ്‌. ഇത്തരം സംരംഭങ്ങളിലൂടെ മാത്രമെ രാജ്യത്ത്‌ വര്‍ദ്ധിച്ചു വരുന്ന എണ്ണ ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനാകൂ.

ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ മേഖല അനുദിനം വികസിക്കുകയാണ്‌. പ്രതിവര്‍ഷം 62 ടണ്‍ എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യ മാറിയെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=53738



Posted by admin on Apr 28 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011