റൈഡേഴ്സിന് കുണുക്കിടാന്‍ സൂപ്പര്‍ കിംഗ്സ്

ചെന്നൈ: വിജയങ്ങളിലൂടെ മുന്നേറുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കുണുക്കിടാന്‍ സൂപ്പര്‍ കിംഗ്സ് ഒരുങ്ങുന്നു. ഇന്ന് ചെന്നെയില്‍ നടക്കുന്ന ഹായ് വോള്‍ട്ടേജ് മത്സരത്തില്‍ മാരകമായ ഫോമോടെ കുതിക്കുന്ന റൈഡേഴ്സിനെ പിടിച്ചുകെട്ടാനാവുമെന്നാണ് മഹാരാജാക്കന്മാരുടെ പ്രതീക്ഷ. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള നൈറ്റ് റൈഡേഴ്സിന് ചെന്നൈയുടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരം വെല്ലുവിളി ഉയര്‍ത്തും. സൂപ്പര്‍ കിംഗ്സ് ഒമ്പത് കളികളില്‍ നിന്നും ഒമ്പത് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്തുവിട്ട കൊല്‍ക്കത്ത മികച്ച ആത്മവിശ്വാസത്തോടെയാവും ധോണിയെയും കൂട്ടരെയും നേരിടാനിറങ്ങുക. മുന്‍നിരയില്‍ മാരകമായ ഫോം കണ്ടെത്തിയ ഗൗതം ഗംഭീര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ടീമിനെ മുന്നില്‍നിന്നു നയിച്ചത്. ചെന്നൈയാകട്ടെ, കഴിഞ്ഞ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. ഗില്‍ക്രിസ്റ്റിന്റെ അഭാവത്തിലും പഞ്ചാബ് ധോണിപ്പടയെ മറികടക്കുകയായിരുന്നു. മികച്ച താരനിരയുമായെത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൂപ്പര്‍ കിംഗ്സിന് സമ്മര്‍ദ്ദമേറുമെന്നുറപ്പാണ്.
മികച്ച ബാറ്റിംഗ് ലൈനപ്പും കുറ്റമറ്റ ബൗളിംഗ് നിരയും ഉള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഓള്‍റൗണ്ട് മികവ് പുറത്തെടുത്താല്‍ മാത്രമേ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയെ മറികടക്കാന്‍ കഴിയൂ. രവീന്ദ്രജഡേജ, ഡ്വയിന്‍ ബ്രാവോ, നുവാന്‍ കുലശേഖര, ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയ താരങ്ങളുടെ മികവില്‍ ധോണി പ്രതീക്ഷയര്‍പ്പിക്കും. മുന്‍നിരയില്‍ ഡു പ്ലസിസ് നടത്തുന്ന പ്രകടനം ചെന്നൈയ്ക്ക് ആശ്വാസമേകും. സുരേഷ് റെയ്നയും ക്യാപ്റ്റന്‍ധോണിയും മധ്യനിരയില്‍ മികച്ചപ്രകടനം നടത്തിയാല്‍ സൂപ്പര്‍ കിംഗ്സ് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുമെന്നുറപ്പാണ്. ബൊളിഞ്ചര്‍ നയിക്കുന്ന ബൗളിംഗ് നിരയും താരതമ്യേന മികച്ചതാണ്. ഈ താരനിരയെ വെട്ടിലാക്കുന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമേ എവേ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വിജയം പിടിച്ചെടുക്കാനാവൂ.
ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന ഗൗതം ഗംഭീര്‍ തന്നെയാണ് കൊല്‍ക്കത്തയുടെ കരുത്ത്. ജാക് കാലിസ്, ബ്രണ്ടന്‍ മക്കല്ലം, മനോജ് തിവാരി, യൂസഫ് പഠാന്‍ തുടങ്ങിയവര്‍ ബാറ്റുകൊണ്ട് ഇന്ദ്രജാലം കാട്ടാന്‍ ശേഷിയുള്ളവരാണ്. ചെന്നൈയിലെ വരണ്ട പിച്ചില്‍ ഈ താരങ്ങള്‍ ഒരു തേര്‍വാഴ്ച നടത്തിയാല്‍ സ്കോര്‍ റോക്കറ്റു പോലെയാവും കുതിക്കുക. ബ്രെറ്റ്ലി, ലക്ഷ്മിപതി ബാലാജി, ഷക്കീബ് അല്‍ഹസന്‍ തുടങ്ങിയവര്‍ നൈറ്റ് റൈഡേഴ്സിനുവേണ്ടി മികച്ച രീതിയില്‍ പന്തെറിയുന്ന താരങ്ങളാണ്. കഴിഞ്ഞ ദിവസം ആദ്യ ഓവര്‍ ബൗള്‍ ചെയ്ത യൂസഫ് പഠാന്‍ അപകടകാരിയായ ദില്‍ഷന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് മത്സരം തുടങ്ങിവച്ചത്. ഏതു പരിതസ്ഥിതിയിലും മത്സരം മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് താനെന്ന് പഠാന്‍ തന്റെ ഓവറുകളിലൂടെ തെളിയിക്കുകയായിരുന്നു. അതിനാല്‍ ചെന്നൈയ്ക്ക് കരുതിയിരുന്നേ പറ്റൂ.
Short URL: http://www.janmabhumidaily.com/jnb/?p=53981