പൂനെ ഇന്ന് മുംബൈക്കെതിരെ

പൂനെ: തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങുന്ന പൂനെ വാരിയേഴ്സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ പടക്കൊരുങ്ങുന്നു. രാത്രി എട്ടിനാണ് മത്സരം. ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് പൂനെ ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നത്. ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് കൂടി ടീമില്‍ ചേര്‍ന്നതോടെ മികച്ച ബാറ്റിങ്ങ് ലൈനപ്പാണ് അവര്‍ക്കുള്ളത്. ഒപ്പം ജെസി റൈഡറുടെയും റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, സാമുവല്‍സ്, ഏയ്ഞ്ചലോ മാത്യൂസ് തുടങ്ങിയ താരങ്ങളുടെയും മികവില്‍ കുതിക്കുന്ന പൂനെ വാരിയേഴ്സ് ഐപിഎല്ലിന്റെ ആഞ്ചാം സീസണിലെ മികച്ച ടീമുകളില്‍ ഒന്നാണ്. വെയിന്‍ പാര്‍ണല്‍, ആശിഷ് നെഹ്‌റ, രാഹുല്‍ ശര്‍മ്മ, അശോക് ദിന്‍ഡ തുടങ്ങിയവരടങ്ങിയ ബൗളിംഗ് നിര ഏതുടീമിന്റെയും ബാറ്റിംഗ് കരുത്തിനെ പരീക്ഷിക്കാന്‍ ശേഷിയുള്ളതുമാണ്. ഇതിനെല്ലാം പുറമെയാണ് സൗരവ് ഗാംഗുലി എന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ അളന്ന് മുറിച്ച തന്ത്രങ്ങള്‍ വാരിയേഴ്സിന്റെ പ്രത്യേകതയാണ്. ഇതെല്ലാം മറികടന്നുവേണം എതിര്‍ ടീമിന് പൂനെയെ വെല്ലുവിളിക്കാന്‍. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൂനെ നാല് വിജയവും ആറ് പരാജയവുമടക്കം 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
മറുവശത്ത് മുംബൈയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ ആറിന് പൂനെക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട പരാജയത്തിന് പകരം വീട്ടാനായാണ് ഇന്ന് ഹര്‍ഭജന്റെ നേതൃത്വത്തില്‍ മുംബൈ ഇറങ്ങുന്നത്. 9 മത്സരങ്ങളില്‍ നിന്ന് 6 വിജയവും മൂന്ന് പരാജയവുമടക്കം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം ഡെക്കാന്‍ ചാര്‍ജേഴ്സിനെ പരാജയപ്പെടുത്തിയത് മുംബൈയുടെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിക്കാത്തതാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി തൊഴിച്ചാല്‍ പിന്നീട് ഒരിക്കലും റിച്ചാഡ് ലെവിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.
സച്ചിനൊപ്പം റിച്ചാര്‍ഡ് ലവി, രോഹിത് ശര്‍മ്മ, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, ഫ്രാങ്ക്ലിന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പൂനെക്ക് അവരെ കീഴടക്കുക ഏറെ ബുദ്ധിമുട്ടാവുമെന്ന് തീര്‍ച്ചയാണ്. ഇവരെല്ലാം ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നാല്‍ മികച്ച സ്കോര്‍ കണ്ടെത്തുക മുംബൈയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാവില്ല. കഴിഞ്ഞ മത്സരത്തില്‍ ഉജ്ജ്വല ബൗളിങ്ങ് കാഴ്ചവെച്ച ലങ്കയുടെ ലസിത് മലിംഗയാണ് മുംബൈയുടെ തുറുപ്പുചീട്ട്. ഒപ്പം മുനാഫ് പട്ടേല്‍, ആര്‍.പി. സിംഗ്, കിറോണ്‍ പൊള്ളാര്‍ഡ്, പ്രഗ്യാന്‍ ഓജ, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബൗളിംഗ് നിര സ്വന്തം സ്കോര്‍ സംരക്ഷിക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ പരിക്കേറ്റ ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ് പകരമായി വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ സ്മിത്തുമായി മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടു. സ്മിത്ത് ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കളിച്ച സ്മിത്ത് തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായാണ് കളിച്ചത്. ഡ്വെയ്ന്‍ സ്മിത്തിന്റെ വരവോടെ മുംബൈയുടെ കരുത്തുകൂടുമെന്ന് ഉറപ്പാണ്.
Short URL: http://www.janmabhumidaily.com/jnb/?p=54466