ഖലീല്‍ ചിസ്തി സുപ്രീംകോടതിയെ സമീപിക്കും

ന്യൂദല്‍ഹി: 20 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം ഈയിടെ അജ്മിര്‍ ജയില്‍ മോചിതനായ പാക്കിസ്ഥാനി ശാസ്ത്രജ്ഞന്‍ ഖലീല്‍ ചിസ്തി സ്വന്തം നാട്‌ സന്ദര്‍ശിക്കുവാനുള്ള അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കുന്നു.

ഇതുസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാടറിയുമെന്നും ചിസ്തിയുടെ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. 80 വയസ്സ്‌ പ്രായമുള്ള രോഗബാധിതനായ പാക്കിസ്ഥാന്‍ ശാസ്ത്രജ്ഞനായ ചിസ്തി 1992 ലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട്‌ രാജസ്ഥാനിലെ ജയിലിലായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ്‌ ഏപ്രില്‍ 9 ന്‌ ജയില്‍ മോചിതനായത്‌.

അദ്ദേഹത്തിന്റെ പ്രായവും ഇന്ത്യയില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതും കണക്കിലെടുത്താണ്‌ ജഡ്ജിമാരായ പി.സദാശിവം, ജെ.ചലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ അദ്ദേഹത്തെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവിട്ടത്‌. അജ്മിര്‍ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ്‌ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ജയിലില്‍ അകപ്പെട്ടത്‌.

കറാച്ചിയിലേക്ക്‌ തിരിച്ചുപോകാനായി ചിസ്തി സമര്‍പ്പിച്ച ഹര്‍ജി കോടതി വാദം കേള്‍ക്കുമെന്നും അതിനായി പ്രത്യേക അപേക്ഷ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള കോടതി ഉത്തരവും അനുമതിയും വരുന്നതുവരെ അജ്മിര്‍ വിട്ട്‌ പോകരുതെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു.

പാക്കിസ്ഥാന്‍ രാഷ്ട്രപതി ആസിഫ്‌ അലി സര്‍ദാരി ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‌ ഒരുദിവസം മുന്‍പാണ്‌ ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചക്കൊടുവില്‍ ചിസ്തിക്ക്‌ ജാമ്യം കിട്ടിയത്‌. ഉന്നത കുടുംബത്തില്‍പ്പെട്ട ചിസ്തി 1947 ലെ വിഭജന സമയം വിദ്യാര്‍ത്ഥിയായിരുന്നു. ചിസ്തിയുടെ കുടുംബം പ്രമുഖമായ ക്വാജ മൊയ്നുദീന്‍ ചിസ്തി ദര്‍ഗയുടെ സൂക്ഷിപ്പുകാരാണ്‌.



Short URL: http://www.janmabhumidaily.com/jnb/?p=54749



Posted by admin on May 4 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011