മനസ്‌ തുറക്കാതെ മമത; കരുതലോടെ ബിജെപി

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ്‌ അന്തിമ തീരുമാനത്തിലെത്തിയശേഷം മാത്രമായിരിക്കും ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുകയെന്ന്‌ ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയെ രാഷ്ട്രപതിസ്ഥാനത്തേക്ക്‌ പിന്തുണക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച്‌ യാതൊരു തീരുമാനങ്ങള്‍മെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക്‌ കൂടുതലായൊന്നും പറയാനില്ലെന്നും പാര്‍ട്ടി വക്താവ്‌ ഷാനവാസ്‌ ഹുസൈന്‍ അറിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഘടകകക്ഷികള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അതില്‍ സംശയത്തിനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാഷ്ട്രപതിസ്ഥാനത്തേക്ക്‌ പാര്‍ട്ടി നേതൃത്വം തന്നെ ഉയര്‍ത്തിക്കാണിക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി നിഷേധിച്ചു. “ഇത്‌ കരുതിക്കൂട്ടിയാണ്‌, അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന്‌ മനിലയില്‍ ഏഷ്യന്‍ ഡെവലപ്മെന്റ്‌ ബാങ്കിന്റെ 45-ാ‍മത്‌ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെ മുഖര്‍ജി വ്യക്തമാക്കി. പ്രണബ്‌ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യുപിഎ മുന്നണി തീരുമാനത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിനോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിക്കേണ്ടതില്ലെന്ന്‌ കഴിഞ്ഞ ദിവസം യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്ന്‌ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഭരണനേതൃത്വത്തില്‍ മുന്നണിപ്പോരാളിയായ പ്രണബ്‌ മുഖര്‍ജിയെ രാഷ്ട്രപതിസ്ഥാനത്തേക്ക്‌ പറഞ്ഞയക്കുന്നതിനോട്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌ എതിര്‍പ്പാണ്‌. അതുകൊണ്ടുതന്നെ പാര്‍ട്ടി ഉയര്‍ത്തിക്കാണിച്ച സ്ഥാനാര്‍ത്ഥി ഹമീദ്‌ അന്‍സാരിയെ പൂര്‍ണമായും കൈവിടാനും പാര്‍ട്ടി തയ്യാറായിട്ടില്ല.

ഇതിനിടെ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായംസിംഗ്‌ യാദവും ഇന്നലെ ചര്‍ച്ചനടത്തി. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലെടുത്ത തീരുമാനങ്ങള്‍ പുറത്തുവിടാന്‍ പക്ഷേ ഇരുകൂട്ടരും തയ്യാറായില്ല. ഇടതുപാര്‍ട്ടിയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ നാളെ ചേരാനിരിക്കുന്ന പൊളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ മറ്റ്‌ പാര്‍ട്ടികളുടെ തീരുമാനവും പരിഗണിക്കുമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മമതാ ബാനര്‍ജി തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ രാഷ്ട്രപതിസ്ഥാനത്തേക്ക്‌ പിന്തുണക്കുന്നത്‌ ആരെയാണെന്ന്‌ വ്യക്തമാക്കാന്‍ വിസമ്മതിച്ചു. ഇക്കാര്യം വെളിപ്പെടുത്താന്‍ സമയമായില്ലെന്ന്‌ അവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.


Short URL: http://www.janmabhumidaily.com/jnb/?p=54789



Posted by admin on May 4 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011