പൈലറ്റുമാര്‍ അവധിയില്‍: വിമാനങ്ങള്‍ റദ്ദാക്കി

ന്യൂദല്‍ഹി: പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചത് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. പൈലറ്റ് ഗില്‍ഡ്‌ അസോസിയേഷന്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ എയര്‍ഇന്ത്യ മാനേജ്‌മെന്റ്‌ പാലിക്കാത്തതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചത്‌.

രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍നിന്ന് രാവിലെ പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-മസ്കറ്റ്‌, മുംബൈ‌-ന്യൂജേഴ്‌സി, ദല്‍ഹി-ഷിക്കാഗോ, ദല്‍ഹി-ഹോങ്കോംഗ്‌, ദല്‍ഹി-ടൊറോന്റോ എന്നീ രാജ്യാന്തര സര്‍വീസുകള്‍ സമരത്തെ തുടര്‍ന്ന്‌ റദ്ദാക്കിയിട്ടുണ്ട്‌. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

കരിപ്പൂരില്‍നിന്ന് രാവിലെ 11 ന് പുറപ്പെടാനിരുന്ന ഷാര്‍ജ വിമാനവും റദ്ദാക്കിയിട്ടുണ്ട്. മസ്‌കറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കി. ഏതാണ്ട്‌ നൂറോളം പൈലറ്റുമാരാണ്‌ അസുഖമാണെന്ന കാരണം ചൂണ്ടിക്കാട്ടി വിമാനം പറത്താന്‍ വിസമ്മതിച്ചത്‌.

ബോയിംഗ്‌ ഡ്രീംലൈനര്‍ വിമാനത്തിലെ പരിശീലനത്തിനായി പൈലറ്റുമാരെ അയയ്ക്കാന്‍ തീരുമാനിച്ചതാണ്‌ ഇപ്പോഴത്തെ പ്രതിഷേധത്തിന്‌ കാരണം. ഇതു സംബന്ധിച്ച്‌ പൈലറ്റുമാരുമായി ഇന്നലെ എയര്‍ഇന്ത്യ മാനേജ്‌മെന്റ്‌ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഫലമൊന്നും ചര്‍ച്ചയില്‍ ഉണ്ടായില്ല.

കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരം ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്.

Short URL: http://www.janmabhumidaily.com/jnb/?p=55326



Posted by admin on May 8 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011